Sections

യുദ്ധം കാരണം അസംസ്‌കൃത എണ്ണ വില 101 ഡോളറിലെത്തി, ഇന്ത്യയില്‍ വില വര്‍ധിക്കുമോ?

Thursday, Feb 24, 2022
Reported By Admin
petrol

സമയത്ത് ഇന്ധനവില കൂടി ഉയര്‍ന്നാല്‍ ഇരട്ട ആഘാതം പൊതുജനങ്ങള്‍ താങ്ങേണ്ടി വരും

 

റഷ്യ- യുക്രൈന്‍ യുദ്ധം ആരംഭിച്ചതിനെത്തുടര്‍ന്ന് അസംസ്‌കൃത എണ്ണ വില ബാരലിന് 101 ഡോളറിലെത്തി. 2014 നു ശേഷം എണ്ണവില ഇത്രയും ഉയരുന്നത് ആദ്യമായാണ്. ആഗോള വിപണിയിലെ മാറ്റങ്ങള്‍ക്കനുസരിച്ച് ഇന്ത്യയിലും എണ്ണവില വര്‍ധിക്കേണ്ടതാണെങ്കിലും രാഷ്ട്രീയമായ  കാരണങ്ങളെ തുടര്‍ന്ന് പെട്രോള്‍, ഡീസല്‍  വിലകള്‍ കേന്ദ്ര സര്‍ക്കാര്‍ താത്കാലികമായി വര്‍ധിപ്പിക്കാതിരിക്കുകയാണ്. 

വിതരണത്തെ കാര്യമായി ബാധിക്കും

റഷ്യ-യുക്രൈന്‍ പ്രതിസന്ധി രൂക്ഷമായതോടെ  റഷ്യയില്‍നിന്നു ജര്‍മനിയിലേക്ക് ഇന്ധനവിതരണം ഇരട്ടിപ്പിക്കുന്നതിനുള്ള നോര്‍ഡ് സ്ട്രീം 2 ഗ്യാസ്പപൈപ്പ് ലൈന്‍ പദ്ധതി താത്കാലികമായി നിര്‍ത്തിവച്ചിരിക്കുകയാണ്. ഭാവിയില്‍ യൂറോപ്പിന്റെ മൂന്നിലൊന്നു ഊര്‍ജ ആവശ്യം നിറവേറ്റാനാകുന്ന ഈ പദ്ധതി റഷ്യയുടെ ഏകാധിപത്യ തീരുമാനം കാരണം ആഗോളതലത്തില്‍ത്തന്നെ എണ്ണ-വാതക വിതരണത്തെ  മോശമായി ബാധിക്കും. ഇതേ തുടര്‍ന്നാണ് എണ്ണവില കുത്തനെ ഉയര്‍ന്നത്

ഇരട്ട ആഘാതം

കാര്യങ്ങളിങ്ങനെ തുടര്‍ന്നാല്‍ മാര്‍ച്ച് 7 നു അവസാനഘട്ട തിരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ ഇന്ത്യയില്‍ ഒരു ലിറ്റര്‍ പെട്രോളിന് 10 രൂപവരെ  ഉയര്‍ത്തുമെന്നാണ് അഭ്യൂഹം. റഷ്യ-യുക്രൈന്‍ പ്രതിസന്ധി നീണ്ട് നില്‍ക്കുകയോ, കൂടുതല്‍ വഷളാകുകയോ ചെയ്താല്‍ മാര്‍ച്ച് 10ഓടെ പെട്രോള്‍,ഡീസല്‍, പാചക വാതക വിലകള്‍ കുത്തനെ ഉയരും. 

തൊഴിലില്ലായ്മയും പിരിച്ചുവിടലും കൂടിയിരിക്കുന്ന ഈ സമയത്ത് ഇന്ധനവില കൂടി ഉയര്‍ന്നാല്‍ പണപ്പെരുപ്പവും, സാധനങ്ങളുടെ വില വര്‍ധനവും ഉണ്ടാക്കുന്ന ഇരട്ട ആഘാതം പൊതുജനങ്ങള്‍ താങ്ങേണ്ടി വരും. സൗദി അറേബ്യ കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ എണ്ണ കയറ്റുമതി ചെയ്യുന്ന റഷ്യയുടെ യുദ്ധഭീഷണി ലോക രാജ്യങ്ങള്‍ക്കു താങ്ങാന്‍ പറ്റാത്ത ബാധ്യത ഉണ്ടാക്കും.  ഇതിന്റെയെല്ലാം പ്രത്യാഘാതം മൂലം വരും മാസങ്ങളില്‍ നമ്മുടെ പോക്കറ്റും കൂടുതല്‍ കാലിയാകും.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.