Sections

ബിസിനസ് പോലെ അറിയണം അക്കൗണ്ട്‌സും

Wednesday, Sep 08, 2021
Reported By admin
Capital

ബിസിനസ് ചെയ്യുക മാത്രമല്ല സാമ്പത്തിക രംഗത്തെ കുറിച്ച് പഠിക്കാനും സംരംഭകര്‍ തയ്യാറാകണം
 

ഒരു സംരംഭത്തിലേക്ക് ഉടമസ്ഥര്‍ ആദ്യമായി ചെലവഴിക്കുന്ന അല്ലെങ്കില്‍ നിക്ഷേപിക്കുന്ന പണം അഥവ ക്യാപിറ്റല്‍ ബാധ്യതയായിട്ടാകും ബാലന്‍സ് ഷീറ്റില്‍ രേഖപ്പെടുത്തിയിരിക്കുക.ഇതെന്ത് കൊണ്ടാണെന്ന സംശയം പലര്‍ക്കും ഉണ്ടാകും.

ബിസിനസിലേക്ക് ഇറങ്ങിയാലും കാര്യമായി ബിസിനസ് ലോകത്തെ കുറിച്ച് അറിവില്ലാതെ അബദ്ധങ്ങള്‍ പറ്റുന്ന ഒരുപാട് സംരംഭകര്‍ ഉണ്ട്.അടിസ്ഥാനപരമായി സാമ്പത്തിക മേഖലയെ കുറിച്ചും ബിസിനസ് രംഗത്തെ കുറിച്ചുമുള്ള അറിവ് നേടാന്‍ എല്ലാ സംരംഭകരും ശ്രദ്ധിക്കേണ്ടതുണ്ട്.

ബിസിനസില്‍ പതിവായി കടന്നു വരുന്ന ഒരു വാക്കാണ് അക്കൗണ്ടിംഗ്.സംരംഭത്തിലെ സാമ്പത്തിക ഇടപാടുകളുടെ സിസ്റ്റമാറ്റിക്കായ രേഖപ്പെടുത്തലാണ് അക്കൗണ്ടിംഗ് എന്ന വാക്കിലൂടെ സൂചിപ്പിക്കുന്നത്.ചില സാങ്കല്‍പ്പിക കണക്കുകളുടെ കൂടി അടിസ്ഥാനത്തിലാണ് സാമ്പത്തിക ഇടപാടുകള്‍ അക്കൗണ്ട്‌സില്‍ രേഖപ്പെടുത്തുന്നത്.ഇവ അക്കൗണ്ടിംഗ് കോണ്‍സെപ്റ്റ്‌സ് എന്ന് അറിയപ്പെടുന്നു.

ബിസിനസിനെയും ഉടമയെയും രണ്ട് വ്യത്യസ്ത വ്യക്തികളായിട്ടാണ് അക്കൗണ്ടിംഗില്‍ കണക്കാക്കുന്നത്.അതുകൊണ്ട് തന്നെ സാമ്പത്തിക ഇടപാടുകളും അത്തരത്തിലാകും രേഖപ്പെടുത്തുക.അക്കൗണ്ട്‌സിലെ ഈ രേഖകള്‍ അനുസരിച്ച് സംരംഭം അതിന്റെ ഉടമയുടെ കൈയില്‍ നിന്ന് കടം വാങ്ങുന്ന പണമാണ് ശരിക്കും മൂലധനം അഥവ ക്യാപിറ്റല്‍.അതുകൊണ്ട് തന്നെ ഇത് ബാലന്‍സ് ഷീറ്റില്‍ ബാധ്യതയുടെ കോളത്തില്‍പ്പെടുന്നു.


ബിസിനസിന്റെ ലാഭ-നഷ്ടം നിര്‍ണ്ണയിക്കുമ്പോള്‍ ബിസിനസ് അതിന്റെ ചെലവുകള്‍ മാത്രമേ കണക്കിലെടുക്കൂ. ഉടമസ്ഥന്‍ ബിസിനസില്‍ നിന്നും തന്റെ സ്വകാര്യ ആവശ്യങ്ങള്‍ക്കായി പിന്‍വലിക്കുന്നവ ഉടമസ്ഥന്റെ ''ഡ്രോയിങ്ങ്‌സ്'' ആയി രേഖപ്പെടുത്തുന്നു. ബിസിനസിന്റെ ചെലവുകളില്‍ അത് ഉള്‍പ്പെടുത്തുന്നില്ല.


സംരംഭത്തില്‍ ജീവനക്കാരനോ അല്ലെങ്കില്‍ ഉപഭോക്താവിനോ നഷ്ടപരിഹാരം നല്‍കേണ്ടിവരുന്ന ഒരു അവസ്ഥയുണ്ടാകുമ്പോള്‍ സംരംഭത്തില്‍ നിന്ന് പണം നഷ്ടപ്പെടുന്നുണ്ട് അതുകൊണ്ട് തന്നെ ഈ കണക്കുകള്‍ അക്കൗണ്ട്‌സില്‍ വരും.ചുരുക്കി പറഞ്ഞാല്‍ സംരംഭത്തില്‍ നടക്കുന്ന സാമ്പത്തിക ഇടപാടുകള്‍ മാത്രമാണ് അക്കൗണ്ട്‌സ് കണക്കിലെടുക്കുന്നത്.ഈ രീതിയെ മണി മെഷര്‍മെന്റ് കോണ്‍സെപ്റ്റ് എന്ന് വിളിക്കുന്നു.

ഇനി ബിസിനസ് ഡെവല്പ് ചെയ്യാന്‍ ഒരു പുതിയ മെഷിനറി പര്‍ച്ചേസ് ചെയ്യുന്നു എന്ന് കരുതുക.ഇത്തരം അവസരത്തില്‍ സംരംഭത്തിലെ പണം നഷ്ടമാകുകയും അതേസമയം ഒരു പുതിയ മെഷീന്‍ സംരംഭത്തിലേക്ക് വരുകയും ചെയ്യുന്നു.ഇതുപോലെ ഓരോ സാമ്പത്തിക ഇടപാടുകള്‍ക്കും ഇതുപോലെ രണ്ട് വശങ്ങളുണ്ട് ഇവ കൃത്യമായി രേഖപ്പെടുത്തിയാല്‍ മാത്രമേ ബിസിനസിന്റെ യഥാര്‍ത്ഥ ചിത്രം ലഭ്യമാകുകയുള്ളൂ. ഈ സാമാന്യ സങ്കല്‍പ്പമാണ് ഡ്യൂവല്‍ ആസ്‌പെക്റ്റ് കോണ്‍സെപ്റ്റ് ഈ രണ്ട് വശങ്ങളെ ഡെബിറ്റ് ആസ്‌പെക്റ്റ്,ക്രെഡിറ്റ് ആസ്‌പെക്റ്റ് എന്നീ പേരുകളില്‍ വിളിക്കാം. 

തങ്ങളുടെ സംരംഭത്തിലെ സാമ്പത്തിക ഇടപാടുകളെ കുറിച്ച് ബോധം വരാനും സംരംഭത്തിന്റെ വളര്‍ച്ച മനസിലാക്കാനും വിശകലനം ചെയ്യാനും അക്കൗണ്ട്‌സ് പരിശോധിക്കുന്നതും അവ രേഖപ്പെടുത്തുന്ന രീതി മനസിലാക്കുന്നതും സംരംഭകനെ വിജയിപ്പിക്കും.
 


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.