Sections

പലിശ തുകയുടെ 3 ശതമാനം സബ്‌സിഡി ലഭിക്കുന്ന സംരംഭ പദ്ധതിയെ കുറിച്ച് അറിയേണ്ടേ? 

Monday, Aug 30, 2021
Reported By Aswathi Nurichan
food processing unit

കേന്ദ്ര സര്‍ക്കാരിന്റെ അഗ്രികള്‍ച്ചര്‍ ഇന്‍ഫ്രാസ്ട്രക്ച്ചര്‍ ഫണ്ട് പദ്ധതി ( എഐഎഫ് ) സംസ്ഥാനത്തെ സഹകരണ ബാങ്കുകള്‍ കൂടി ഏറ്റെടുത്തതോടെ ബിസിനസ് തുടങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഒരു ശതമാനം പലിശയില്‍ രണ്ടുകോടി രൂപ വരെ ബിസിനസ് ലോണായി നേടാവുന്നതാണ്.

 

സ്വന്തമായി ഒരു ബിസിനസ് തുടങ്ങാന്‍ ആഗ്രഹിക്കുന്നവരാണ് നമ്മളില്‍ പലരും. എന്നാല്‍ പലപ്പോഴും അതിനാവശ്യമായ സാമ്പത്തിക സ്ഥിതി ഇല്ലാത്തത്, മിക്ക ആളുകളെയും ഇത്തരം ആഗ്രഹങ്ങളില്‍ നിന്നും പിന്തിരിപ്പിക്കുന്നതിനു കാരണമാകുന്നു.

കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകളുടെ കീഴില്‍ സ്വകാര്യ, പൊതുമേഖലാ ബാങ്കുകള്‍ വഴിയെല്ലാം വ്യത്യസ്ത രീതിയിലുള്ള ലോണുകള്‍ ഇപ്പോള്‍ ബിസിനസ് ചെയ്യുന്നതിനായി ലഭിക്കുന്നുണ്ട്. എങ്കിലും, ഒരു സാധാരണക്കാരനെ സംബന്ധിച്ചിടത്തോളം ബിസിനസ് ലോണുകള്‍ ലഭിക്കുക എന്നത് പലപ്പോഴും അസാധ്യമായ കാര്യമാണ്.

ഇതിനുള്ള പ്രധാന കാരണം മിക്ക ബിസിനസ് ലോണുകള്‍ ലഭിക്കുന്നതിനും ഈടായി സ്ഥലമോ,സ്വര്‍ണമോ നല്‍കേണ്ട അവസ്ഥയാണ്. എന്നു മാത്രമല്ല ഇത്തരം ലോണുകള്‍ ക്ക് വലിയ നിരക്കിലുള്ള പലിശയാണ് മിക്ക ബാങ്കുകളിലും നല്‍കേണ്ടി വരുന്നത്. എന്നാല്‍ നിങ്ങള്‍ ഒരു ബിസിനസ് തുടങ്ങാന്‍ ആഗ്രഹിക്കുന്ന ആളാണ് എങ്കില്‍ വെറും 1% പലിശയ്ക്ക് 2കോടി രൂപവരെ ബിസിനസ് ലോണ്‍ ലഭിക്കുന്നത് എങ്ങിനെയാണെന്ന് മനസ്സിലാക്കാം.

കേന്ദ്ര സര്‍ക്കാരിന്റെ അഗ്രികള്‍ച്ചര്‍ ഇന്‍ഫ്രാസ്ട്രക്ച്ചര്‍ ഫണ്ട് പദ്ധതി ( എഐഎഫ് ) സംസ്ഥാനത്തെ സഹകരണ ബാങ്കുകള്‍ കൂടി ഏറ്റെടുത്തതോടെ ബിസിനസ് തുടങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഒരു ശതമാനം പലിശയില്‍ രണ്ടുകോടി രൂപ വരെ ബിസിനസ് ലോണായി നേടാവുന്നതാണ്.

വായ്പാ തുക ഫുഡ് പ്രോസസിംഗ്, ഫുഡ് പാക്കിങ്, വെയര്‍ഹൗസുകള്‍, കാര്‍ഷിക ഉപകരണങ്ങളുടെ ഉല്‍പാദനം, വ്യത്യസ്ത പരിശോധന യൂണിറ്റുകള്‍, വിളവെടുപ്പിന് ശേഷമുള്ള കാര്‍ഷികമേഖലയിലെ അടിസ്ഥാനവികസനം എന്നിവയ്‌ക്കെല്ലാം ആയി ഒരു ലക്ഷം കോടി രൂപയുടെ പദ്ധതിയാണ് ഇത്തരത്തില്‍ ആവിഷ്‌കരിച്ചിട്ടുള്ളത്. 2020 ല്‍ പ്രഖ്യാപിച്ച ഈ പദ്ധതി വഴി 2520 കോടിരൂപയാണ് കേരളത്തിന് ലഭിക്കുക.

സംരംഭം തുടങ്ങുന്നയാള്‍ ഒന്നില്‍ കൂടുതല്‍ പദ്ധതികള്‍ക്കായി അപേക്ഷ സമര്‍പ്പിക്കുകയാണ് എങ്കില്‍ കൂടുതല്‍ ലോണ്‍ ലഭിക്കുന്നതിനുള്ള സാധ്യതയുമുണ്ട്. കേന്ദ്രസര്‍ക്കാരിന് കീഴിലുള്ള ഈ പദ്ധതി പ്രകാരം ഏത് ബാങ്കില്‍ നിന്ന് വായ്പ സ്വീകരിച്ചാലും പലിശ തുകയുടെ 3 ശതമാനം സബ്‌സിഡി ലഭിക്കുന്നതാണ്. അഗ്രികള്‍ച്ചര്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ ഫണ്ട് വഴി നല്‍കുന്ന ഏത് വായ്പയ്ക്കും മുകളില്‍ പറഞ്ഞ സബ്സിഡി കേന്ദ്രസര്‍ക്കാരില്‍ നിന്നും ലഭിക്കുന്നതാണ്. അതായത് വെറും ഒരു ശതമാനം പലിശയ്ക്ക് വായ്പ ലഭിക്കുകയാണ് ഇവിടെ സംഭവിക്കുന്നത്.

2021 മുതല്‍ ആരംഭിച്ച പദ്ധതി 2029-30 കാലയളവ് വരെയാണ് നിലവില്‍ ഉണ്ടാവുക. എടുക്കുന്ന വായ്പകള്‍ക്ക് ആറുമാസം മുതല്‍ രണ്ടു വര്‍ഷം വരെ മൊറട്ടോറിയവും ലഭിക്കുന്നതാണ്. വായ്പാ തുകയ്ക്ക് 7 വര്‍ഷമാണ് തിരിച്ചടവ് കാലാവധി. നിലവില്‍ നമ്മുടെ സംസ്ഥാനത്തെ സഹകരണ സംഘങ്ങള്‍ വഴി മാത്രം 448.31 കോടി രൂപയാണ് 168 യൂണിറ്റുകള്‍ തുടങ്ങുന്നതിനായി നടപടികള്‍ പൂര്‍ത്തിയായിട്ടുള്ളത്. 

എന്നാല്‍ പലപ്പോഴും ഇവിടെ സംഭവിക്കുന്നത് ഇത്തരം പദ്ധതികള്‍ സാധാരണക്കാരില്‍ എത്താത്തതു കൊണ്ടുതന്നെ പലര്‍ക്കും ആനുകൂല്യങ്ങള്‍ ലഭിക്കുന്നില്ല എന്നതാണ്. ഇത്തരം പദ്ധതികള്‍ നടപ്പിലാക്കുന്നതിനായി കൃഷിവകുപ്പും, സഹകരണ വകുപ്പ് രജിസ്ട്രാര്‍ മാരും ചേര്‍ന്നുള്ള സമിതിയും രൂപവത്കരിച്ചിട്ടുണ്ട്. സാധാരണക്കാരിലേക്ക് കൂടുതലായി ഇത്തരം പദ്ധതികള്‍ എത്തുന്നതിനു വേണ്ടിയാണ് സമിതി രൂപീകരിച്ചിട്ടുള്ളത്. 

നിങ്ങളുടെ അടുത്തുള്ള സഹകരണബാങ്കുകള്‍ വഴിയോ, ജില്ലാ കേന്ദ്രങ്ങള്‍ വഴിയോ വായ്പ സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ അറിയാന്‍ സാധിക്കുന്നതാണ്. അതുകൊണ്ടുതന്നെ എത്രയും പെട്ടെന്ന് ലോണിനായി ഉള്ള അപേക്ഷകള്‍ സമര്‍പ്പിക്കുക. പദ്ധതി സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ അറിയുന്നതിനായി www.agriinfra.dac.gov.in എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കാവുന്നതാണ്.


 


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.