Sections

അടിമുടി മാറിയ ഈ കാലത്ത് ഉയര്‍ന്ന സാധ്യതയുള്ള ബിസിനസുകള്‍ ഇവയൊക്കെയാണ്

Sunday, Oct 10, 2021
Reported By Aswathi Nurichan
online business

വലിയ മാറ്റങ്ങളോടെയായിരിക്കും ലോകം ഇനി ബിസിനസ് രംഗത്തെ കാണുന്നത്


2019 എന്നത് ലോകത്തെ അടിമുടി മാറ്റിയ വര്‍ഷമാണ്. കോവിഡ് 19 എന്ന മഹാമാരിയുടെ കൂടെ ജീവിക്കാന്‍ നിലവില്‍ ലോക ജനത പഠിച്ചിരിക്കുന്നു. കോവിഡ് ലോകത്തിന്റെ ബിസിനസ് സങ്കല്‍പ്പങ്ങള്‍ക്കും പുതിയ ഭാഷ്യം നല്‍കിയിരിക്കുകയാണ്. ഇതുവരെ നമ്മള്‍ കണ്ട ബിസിനസ് ലോകമായിരിക്കില്ല കോവിഡിന് ശേഷം ഉണ്ടാകുക. 

വലിയ മാറ്റങ്ങളോടെയായിരിക്കും ലോകം ഇനി ബിസിനസ് രംഗത്തെ കാണുന്നത്. പല രംഗങ്ങളിലും കനത്ത നഷ്ടം നേരിടും. അതില്‍ പുതിയ മാറ്റങ്ങളോട് യോജിച്ച് പോകുന്ന ബിസിനസുകള്‍ മാത്രം നിലനില്‍ക്കും. എന്നാല്‍ ഓരോ മാറ്റത്തിലും പുതിയ അവസരങ്ങള്‍ ഉണ്ടായി കൊണ്ടേയിരിക്കും. അത് മനസിലാക്കി ബിസിനസ് ചെയ്യുന്നവര്‍ എല്ലാ കാലത്തും നിലനില്‍ക്കും. ഏതൊക്കെ മേഖലകളായിരിക്കും ഇനി ബിസിനസ് സാധ്യതയെന്ന് പരിശോധിക്കാം.

ഓണ്‍ലൈന്‍ ഗ്രോസറി

കേരളത്തില്‍ ഇന്ന് വലിയ രീതിയില്‍ സജീവമല്ലാത്ത ബിസിനസ് ആശയമാണ് ഓണ്‍ലൈന്‍ ഗ്രോസറി. കുറച്ച് സ്ഥാപനങ്ങള്‍ ചുരുങ്ങിയ ചുറ്റളവില്‍ മാത്രമാണ് ഇത് ചെയ്യുന്നത്. അതുകൊണ്ട് തന്നെ വലിയ സാധ്യതയാണ് ഓണ്‍ലൈന്‍ ഗ്രോസറിക്കുള്ളത്. പലചരക്കു സാധനങ്ങള്‍ ഓണ്‍ലൈന്‍ ഓര്‍ഡര്‍ അനുസരിച്ച് വീടുകളിലേക്കെത്തിക്കുന്ന ബിസിനസാണ് ഇത്. ഒരു ഓണ്‍ലൈന്‍ സ്‌റ്റോര്‍ ആരംഭിച്ചു കൊണ്ടോ അല്ലെങ്കില്‍ വാട്‌സ്ആപ്പ് വഴിയോ ഈ ബിസിനസ് ചെയ്യാം. കുറഞ്ഞ ചിലവില്‍ പച്ചക്കറി, പലചരക്കു സാധനങ്ങള്‍ സംഘടിപ്പിച്ച് ഓര്‍ഡര്‍ അനുസരിച്ച് വീടുകളില്‍ എത്തിക്കാം. ഇന്ന് ഈ ബിസിനസിന് നിരവധി ആവശ്യക്കാരുണ്ട് എന്നതു തന്നെയാണ് ഇതിന്റെ ഏറ്റവും വലിയ സവിശേഷത. നിയമത്തിന്റെ വലിയ നൂലാമാലകള്‍ ഒന്നും തന്നെയില്ലാതെ ചെയ്യാന്‍ സാധിക്കുന്ന ബിസിനസ് കൂടിയാണിത്.

കൊറിയര്‍ ആന്റ് ഡെലിവറി സര്‍വീസ്

എല്ലാം വീട്ടില്‍ എത്തി കിട്ടിയാല്‍ അത്ര നല്ലതെന്ന് കരുതുന്നവരാണ് നമ്മള്‍ എല്ലാവരും. കഴിഞ്ഞ 5 വര്‍ഷത്തിനുള്ളില്‍ ഓണ്‍ലൈന്‍ വ്യാപാര സ്ഥാപനങ്ങള്‍ക്ക് ഉണ്ടായ വളര്‍ച്ച തന്നെ ഇതിന് ഉദാഹരണമാണ്. എന്നാല്‍ ഈ ബിസിനസിന്റെ ഏറ്റവും വലിയ പ്രശ്‌നം ലോജിസ്റ്റിക്‌സ് തന്നെയാണ്. ഉല്‍പന്നം നേരിട്ട് ആളുകളിലേക്ക എത്തിക്കാനുള്ള ഒരു ചാനല്‍ ഉണ്ടാക്കുക അത്ര എളുപ്പമല്ല. അതുകൊണ്ട് തന്നെ വരുംകാലത്ത് ഈ ബിസിനസ് മികച്ച നേട്ടമുണ്ടാക്കും. സുഹൃത്തുകള്‍ ചേര്‍ന്നോ അല്ലെങ്കില്‍ പാര്‍ട്ടംടൈം ജീവനക്കാരെ നിയമിച്ചോ ഇങ്ങനെ ഒരു ശൃഖലയുണ്ടാക്കാം. ഇതിലൂടെ സ്വയം കൊറിയര്‍ സര്‍വീസ് നടത്തുകയോ അല്ലെങ്കില്‍ മറ്റുള്ള കമ്പനികളുമായി സഹകരിച്ച് അവര്‍ക്കു വേണ്ടി വര്‍ക്ക് ചെയ്യുകയോമാകാം. 

ഹെല്‍ത്ത് കെയര്‍ ഉല്‍പന്നങ്ങള്‍ 

കോവിഡിന് ശേഷം ലോകം ഇനി പ്രാധാന്യം നല്‍കുന്നത് ആരോഗ്യ സംരക്ഷണത്തിനായിരിക്കും. കോവിഡ് എത്ര കാലം നമുക്കൊപ്പം ഉണ്ടാകുമെന്ന് ഇപ്പോള്‍ ഉറപ്പിക്കാന്‍ സാധിക്കില്ല. വാക്‌സിനേഷന്‍ എടുത്താലും മാസ്‌ക്, സാനിറ്റൈസര്‍ തുടങ്ങള്‍ ഉല്‍പന്നങ്ങള്‍ക്ക് അതിന്റേതായ പ്രാധാന്യമുണ്ട്. കൂടാതെ മെഡിക്കല്‍ സ്‌റ്റോറുകള്‍ക്ക് കൂടുതല്‍ ഡിമാന്റ് ഉണ്ടാകും. മരുന്നുകളും ഓണ്‍ലൈന്‍ സംവിധാനത്തിലൂടെ ആവശ്യക്കാരുടെ വീട്ടുകളിലെത്തിക്കാന്‍ സാധിച്ചാല്‍ അതിലൂടെ മികച്ച നേട്ടം കൈവരിക്കാം.

ഓണ്‍ലൈന്‍ വിദ്യാഭ്യാസം

കോവിഡ് ഏറ്റവും കൂടുതല്‍ ബാധിച്ചത് വിദ്യാഭ്യാസ മേഖലയെയാണ്. കോവിഡ് ഒതുങ്ങുമ്പോഴേക്കും ഓണ്‍ലൈന്‍ വിദ്യാഭ്യാസത്തിന്റെ സാധ്യത വലിയരീതിയില്‍ വര്‍ദ്ധിക്കും. കുട്ടികളുടെ സുരക്ഷിതത്വവും ഇന്റര്‍നെറ്റ് ലഭ്യതയുമെല്ലാം ഓണ്‍ലൈന്‍ വിദ്യാഭ്യാസത്തിന് അനുകൂലമായ ഘടകങ്ങളാണ്. ഓണ്‍ലൈന്‍ വെബിനാല്‍ വെബ്‌സൈറ്റുകള്‍ നിരവധിയുണ്ട്. ഇതില്‍ പലതും സൗജന്യവുമാണ്. ഇവയൊക്കെ ഓണ്‍ലൈന്‍ ക്ലാസുകള്‍ക്ക് ഉപയോഗപ്പെടുത്താവുന്നതാണ്. ട്യൂഷന്‍ സേവനങ്ങള്‍ നിരവധി മൊബൈല്‍ ആപ്ലിക്കേഷനുകളില്‍ ലഭ്യമാണ്. നിശ്ചിത പ്രദേശത്തെ ഉള്‍പ്പെടുത്തി കൊണ്ട് കുറഞ്ഞ ചെലവില്‍ ഓണ്‍ലൈന്‍ ട്യൂഷന്‍ ക്ലാസുകള്‍ നല്‍കുന്നത് മികച്ചൊരു ആശയമാണ്. അങ്ങനെ ചെയ്യാന്‍ സാധിച്ചാല്‍ പുതിയൊരു വിദ്യാഭ്യാസ സംസ്‌കാരത്തെ തന്നെ വാര്‍ത്തെടുക്കാം. 


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.