Sections

തിരിച്ചടവ് ബുദ്ധിമുട്ടായ ഈ കാലത്ത് ജാമ്യം നിന്ന് സഹായിച്ച് പണി മേടിക്കണോ ?

Friday, Sep 17, 2021
Reported By admin
loan guarantor

ലോകത്തെ നടുക്കിയ കോവിഡ് മഹാമാരിക്ക് പിന്നാലെയുളള നിയന്ത്രണങ്ങളില്‍പ്പെട്ട് നമ്മുടെ കൂട്ടത്തിലൊരുപാട് പേര്‍ക്ക് ജോലി നഷ്ടമായി,സംരംഭങ്ങള്‍ പൂട്ടിയിടേണ്ടി വന്നു.പലരുടെയും ഇഎംഐകളും ബാങ്ക് വായ്പകളും മുടങ്ങി.വായ്പ തുകയുടെ തിരിച്ചടവ് മുടങ്ങിയതു വഴി ലോണ്‍ എടുത്തയാള്‍ക്ക് മാത്രമല്ല ജാമ്യം നിന്ന വ്യക്തിക്കും വലിയ അപകടം സംഭവിക്കാം.

വായ്പ എടുക്കുന്ന തുക ഒരു നിശ്ചിത തുകയ്ക്ക് മുകളിലാവുകയോ, അല്ലെങ്കില്‍ പ്രഥമ ലോണ്‍ ഉടമയുടെ വായ്പാ തിരിച്ചടവ് ശേഷിയില്‍ ബാങ്കിന് തൃപ്തിയില്ലാതെ വരികയോ ചെയ്യുമ്പോഴാണ് ജാമ്യക്കാരന്റെ ഉറപ്പ് വായ്പാ അപേക്ഷനോട് ബാങ്ക് ആവശ്യപ്പെടുക. വായ്പാ തിരിച്ചടവില്‍ പ്രഥമ ലോണ്‍ ഉടമ വീഴ്ച വരുത്തിയാല്‍ തിരിച്ചടവിന്റെ മുഴുവന്‍ ഉത്തരവാദിത്വവും ജാമ്യം നിന്ന വ്യക്തിയ്ക്കായിരിക്കും. 

പ്രഥമ ലോണ്‍ ഉടമ തിരിച്ചടവില്‍ വീഴ്ച വരുത്തിയാല്‍ വായ്പാ കുടിശ്ശിക ഏറ്റെടുക്കാന്‍ ജാമ്യം നിന്ന വ്യക്തിയ്ക്ക് ബാധ്യതയുണ്ട്.അതിന് തയ്യാറായില്ലെങ്കില്‍ നിയമ നടപടികളുമായി ബാങ്ക് മുന്നോട്ട് പോവും. വായ്പാ വീണ്ടെടുപ്പിനായി ബാങ്ക് പരാതി ഫയല്‍ ചെയ്യും. വായ്പ എടുത്ത വ്യക്തിയ്ക്കൊപ്പം വായ്പയ്ക്കായി ജാമ്യം നിന്നിരിക്കുന്ന വ്യക്തിയ്ക്കും എതിരെയായിരിക്കും ഈ പരാതി. പ്രൈമറി ബോറോവറില്‍ നിന്നും തുക ഈടാക്കുവാന്‍ സാധിക്കുന്നില്ല എങ്കില്‍ ജാമ്യം നിന്നിരിക്കുന്ന വ്യക്തിയുടെ ആസ്തികള്‍ ലേലത്തില്‍ വച്ച് വായ്പാ തുക തിരിച്ചു പിടിക്കുവാന്‍ കോടതിയ്ക്ക് ബാങ്കിന് നിര്‍ദേശം നല്‍കാം.

മുകളില്‍ പറഞ്ഞതു പോലുള്ള വലിയ ആപത്തുകള്‍ ഒന്നും സംഭവിച്ചില്ലെങ്കില്‍ കൂടിയും വായ്പയ്ക്ക് ജാമ്യം നില്‍ക്കുന്നത് വഴി മറ്റുചില കോട്ടങ്ങള്‍ കൂടി സംഭവിക്കുന്നുണ്ട്. നിങ്ങള്‍ മറ്റൊരാളുടെ വായ്പയ്ക്കാന്‍ ജാമ്യം നില്‍ക്കാന്‍ ആരംഭിച്ച അന്ന് മുതല്‍ തന്നെ നിങ്ങളുടെ വായ്പാ യോഗ്യതയില്‍ ഇടിവ് വരും. നിങ്ങളൊരു വായ്പായ്ക്കായി അപേക്ഷിക്കുമ്പോള്‍ നിലവില്‍ നിങ്ങള്‍ ജാമ്യം നിന്നിരിക്കുന്ന വായ്പയുടെ കുടിശ്ശിക നിങ്ങളുടെ മേലുള്ള ബാധ്യതയായാണ് ബാങ്ക് കണക്കാക്കുക. അതുകൊണ്ട് തന്നെ നിങ്ങള്‍ക്ക് അനുവദിച്ചു തരുന്ന വായ്പയേയും അത് ബാധിക്കും.മറ്റൊരു വ്യക്തിയുടെ വായ്പയ്ക്ക് ജാമ്യം നില്‍ക്കുന്നത് വഴി നിങ്ങളുടെ ക്രെഡിറ്റ് സ്‌കോറിലും ഇടിവുണ്ടാക്കും. അത് പ്രൈമറി ബോറോവറുടെ ഭാഗത്ത് നിന്നോ, നിങ്ങളുടെ ഭാഗത്ത് നിന്നോ ഉണ്ടായ തിരിച്ചടവ് വീഴ്ച കാരണമാകാം. തിരിച്ചടവില്‍ ആര് മുടക്കം കാണിച്ചാലും അത് ജാമ്യം നിന്നയാളുടെ ക്രെഡിറ്റ് റേറ്റിലും പ്രതിഫലിക്കും.

ആര്‍ക്കു വേണ്ടിയാണോ ജാമ്യം നില്‍ക്കുന്നത്, ആ വ്യക്തിയ്ക്ക് ഏതെങ്കിലും കാരണത്താല്‍ തിരിച്ചടവില്‍ വീഴ്ച വരികയാണെങ്കില്‍ ആ ബാധ്യത നിങ്ങള്‍ക്ക് ഏറ്റെടുക്കുവാന്‍ സാധിക്കും എന്ന് ഉറപ്പുണ്ടെങ്കില്‍ മാത്രം വായ്പയ്ക്കായി ജാമ്യം നില്‍ക്കുന്നതാണ് അഭികാമ്യം. പരമാവധി ജാമ്യം നിന്നുള്ള സഹായം ഈ സാമ്പത്തിക ബുദ്ധിമുട്ടുള്ള കോവിഡ് കാലത്ത് ചെയ്യാന്‍ പോകാതിരിക്കുന്നതാകും നല്ലത്.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.