Sections

ലക്ഷങ്ങള്‍ മുടക്കി കോടികളുണ്ടാക്കാം; പക്ഷെ കാത്തിരിക്കണം

Wednesday, Sep 08, 2021
Reported By admin
MULTIBAGGER STOCKS

നിക്ഷേപങ്ങളിലൂടെ ലക്ഷങ്ങള്‍ ഇറക്കി കോടികള്‍ നേടുന്ന തന്ത്രം

 

നിക്ഷേപത്തിന് മികച്ച പലിശ എന്ന ലക്ഷ്യത്തില്‍ നിന്ന് മാറി നിക്ഷേപിച്ച തുകയുടെ ഇരട്ടിയിലേറെ കിട്ടുന്ന മാര്‍ഗ്ഗം തേടിയുള്ള അലച്ചിലിലാണ് നമ്മുടെ സമൂഹത്തിലെ ഒരു വിഭാഗം സമ്പന്നരായ നിക്ഷേപകര്‍.അത്തരത്തിലുള്ള നിക്ഷേപങ്ങളിലൂടെ ലക്ഷങ്ങള്‍ ഇറക്കി കോടികള്‍ നേടുന്ന തന്ത്രം വമ്പന്‍ ബിസിനസ് മേധാവികള്‍ പോലും പുറത്തെടുത്തു കഴിഞ്ഞു.

ഓഹരി വിപണയിലെ നിക്ഷേപമാണ് തുടക്കത്തില്‍ മുടക്കുന്ന തുകയുടെ ഇരട്ടിയും അതിലേറെയും നിക്ഷേപകര്‍ക്ക് സമ്മാനിക്കുന്നത്.നിക്ഷേപിച്ച തുകയുടെ പതിന്മടങ്ങ് ഉപയോക്താവിന് ലഭിക്കുമ്പോള്‍ അത്തരം ഓഹരികള്‍ മള്‍ട്ടി ബാഗര്‍ എന്ന വിശേഷണത്തില്‍ അറിയപ്പെടുന്നു.ഇത്തരത്തിലുള്ള വമ്പന്‍ പണമൊഴുകുന്ന ഓഹരികള്‍ വില്‍ക്കാനോ വാങ്ങാനോ അല്ല ശരിക്കും നിക്ഷേപകന്‍ ശ്രദ്ധിക്കുന്നത് അത് കൈവശം സൂക്ഷിക്കുന്ന കാര്യത്തിലാണ്.

വാങ്ങിയ ഉടന്‍ വില്‍ക്കാന്‍ ഉദ്ദേശിക്കുന്നുണ്ടെങ്കില്‍ ഓഹരി വാങ്ങാതിരിക്കുന്നതാകും നല്ലതെന്നാണ് കോടീശ്വരനായ വാരന്‍ ബഫെറ്റിന്റെ പക്ഷം.അതായത് ചുരുങ്ങിയത് 10 വര്‍ഷമെങ്കിലും ഒരു ഓഹരി കൈവശം സൂക്ഷിക്കാന്‍ കഴിയണം.കുറച്ച് ക്ഷമയുണ്ടെങ്കില്‍ വര്‍ഷങ്ങള്‍ കൊണ്ട് ഭീമന്‍ തുക തന്നെ സ്വന്തമാക്കാന്‍ കഴിയുന്ന കോമ്പൗണ്ടിംഗ് നിക്ഷേപ മാര്‍ഗ്ഗങ്ങളാണ് ബഫെറ്റിനെ പോലുള്ള വമ്പന്മാര്‍ക്ക് താല്‍പര്യം.


കഴിഞ്ഞ 11 വര്‍ഷംകൊണ്ട് കോടിപതികളാകാനുള്ള നിരവധി അവസരങ്ങള്‍ ഇന്ത്യന്‍ ഓഹരി വിപണി നിക്ഷേപകര്‍ക്ക് നല്‍കിയിട്ടുണ്ട്. പ്രതിസന്ധിഘട്ടത്തിലും ഉയര്‍ന്ന നിലവാരമുള്ള സ്റ്റോക്കുകള്‍ വില്‍ക്കാതെ സൂക്ഷിച്ചവര്‍ പില്‍ക്കാലത്ത് വമ്പന്‍ നേട്ടങ്ങള്‍ കൊയ്‌തെടുത്തത് നിരീക്ഷിച്ചാല്‍ തിരിച്ചറിയാവുന്നതെയുള്ളു.

എഎഫ്എല്‍ അഥവാ അവന്തി ഫീഡ്‌സ് ചെമ്മീന്‍ സംസ്‌കരണവും കയറ്റുമതിക്കും പേരുകേട്ട സംരംഭം ആയിരുന്നു.2010 ഏപ്രിലില്‍ 1.6 രൂപയായിരുന്നു അവന്തി ഫീഡ്‌സിന്റെ ഓഹരി വില.നിലവില്‍ അത് 555 രൂപയിലെത്തി നില്‍ക്കുന്നു.കഴിഞ്ഞ 11 വര്‍ഷം കൊണ്ട് 35000 ശതമാനത്തിലേറെ വളര്‍ച്ച അവന്തി ഫീഡ്‌സ് നേടിയിട്ടുണ്ട്.ഇതനുസരിച്ച് 2010ല്‍ കമ്പനിയില്‍ 1 ലക്ഷം രൂപ നിക്ഷേപിച്ചിരുന്നവര്‍ ഓഹരി വില്‍ക്കാതെ ഇപ്പോഴും കൈവശം വെച്ചിട്ടുണ്ടെങ്കില്‍ ആസ്തി മൂല്യം 3.5 കോടിയിലേറെ രൂപ വര്‍ദ്ധിച്ചിട്ടുണ്ടാകും എന്ന് ഉറപ്പാണ്.ഇതൊരു സ്‌മോള് ക്യാപിറ്റല്‍ കമ്പനിയാണ് ഇതുപോലെയല്ല വന്‍കിട കമ്പനികളുടെ ഓഹരിയുടെ കാര്യം.


ഇന്ത്യയിലെ മുന്‍നിര വായ്പാ കമ്പനികളില്‍ ഒന്നാണ് ബജാജ് ഫൈനാന്‍സ്.കഴിഞ്ഞ 11 വര്‍ഷം കൊണ്ട് ബജാജ് ഫൈനാന്‍സിന്റെ ഓഹരി വില 33 രൂപയില്‍ നിന്നും 7,452 രൂപയിലേക്കാണ് ഉയര്‍ന്നത്. അതായത് വളര്‍ച്ച 22,652 ശതമാനം.4 ലക്ഷം കോടി രൂപ വിപണി മൂല്യമുള്ള ബജാജ് ഫൈനാന്‍സ് ലാര്‍ജ്ക്യാപ് കമ്പനികളുടെ ഗണത്തിലാണ് പെടുന്നത്.

രാജ്യത്തെ അഗ്രോ-കെമിക്കല്‍ മേഖലയിലെ പ്രധാനിയാണ് പിഐ ഇന്‍ഡസ്ട്രീസ്. ആഭ്യന്തര വിപണിയിലും കയറ്റുമതി വിപണിയിലും കമ്പനിക്ക് ശക്തമായ സാന്നിധ്യമുണ്ട്. കഴിഞ്ഞ 11 വര്‍ഷം കൊണ്ട് 10,900 ശതമാനത്തിലേറെയാണ് പിഐ ഇന്‍ഡസ്ട്രീസിന്റെ ഓഹരി വില കുതിച്ചുയര്‍ന്നത്. 2010 ഏപ്രിലില്‍ 31 രൂപയായിരുന്നു കമ്പനിയുടെ ഓഹരി വില. 11 വര്‍ഷങ്ങള്‍ക്കിപ്പുറം പിഐ ഇന്‍ഡസ്ട്രീസിന്റെ ഓഹരി വില 3,387.95 രൂപയിലേക്ക് കടന്നെത്തി. 2010 കാലഘട്ടത്തില്‍ 1 ലക്ഷം രൂപ നിക്ഷേപിച്ചവര്‍ ഇപ്പോഴും ഓഹരികള്‍ വില്‍ക്കാതെ തുടരുന്നുണ്ടെങ്കില്‍ ആസ്തി മൂല്യം 1.1 കോടി രൂപയായി വര്‍ധിച്ചിട്ടുണ്ടാകണം.


മുകളില്‍ പറയുന്ന മള്‍ട്ടി ബാഗര്‍ നിക്ഷേപ രീതികള്‍ എപ്പോഴും ലക്ഷാധിപതിയോ കോടിപതിയോ ആക്കണമെന്നില്ല.ഓഹരി വിപണിയിലെ നിക്ഷേപം നഷ്ടസാധ്യതകള്‍ക്ക് വിധേയമാണ് അതുകൊണ്ട് തന്നെ ഇത്തരം നിക്ഷേപ രീതി ഒരു തരം റിസ്‌ക് തന്നെയാണെന്ന് വിദഗ്ധര്‍ പറയുന്നു.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.