Sections

65 വര്‍ഷം പിന്നിട്ട് എല്‍.ഐ.സി; 1956ല്‍ വെറും 5 കോടി മൂലധനം

Wednesday, Sep 01, 2021
Reported By admin
LIC

2020-21 സാമ്പത്തിക വര്‍ഷം 2.10 കോടി പുതിയ എല്‍.ഐ.സി പോളിസികള്‍

 

അഞ്ചുകോടി രൂപയുടെ മൂലധനവുമായി 1956-ല്‍ തുടങ്ങിയ കമ്പനിയുടെ ആസ്തി ഇന്ന് 38,04,610 കോടി രൂപയിലെത്തിനില്‍ക്കുന്നു. ഈ പറയുന്നത് മറ്റൊരു കമ്പനിയെയും കുറിച്ചല്ല നമ്മുടെ രാജ്യത്തെ ഏറ്റവും വലിയ ഐ.പി.ഒ. നടത്താനൊരുങ്ങുന്ന പൊതുമേഖലാ ഇന്‍ഷുറന്‍സ് കമ്പനിയായ എല്‍.ഐ.സിയെ കുറിച്ച് തന്നെയാണ്.എല്‍.ഐ.സി  തുടങ്ങിയിട്ട് 65 വര്‍ഷം പിന്നിടുന്നു. 


14 രാജ്യങ്ങളില്‍ സാന്നിധ്യമുള്ള എല്‍.ഐ.സി ബ്രാന്‍ഡ് ഫിനാന്‍സ് ഇന്‍ഷുറന്‍സ് 100 എന്ന ആഗോള പട്ടികയില്‍ ലോകത്തിലെ ശക്തമായ മൂന്നാമത്തെയും മൂല്യത്തില്‍ പത്താമത്തെയും ബ്രാന്‍ഡാണ്. രണ്ടു ദശാബ്ദം മുമ്പ് ഇന്‍ഷുറന്‍സ് മേഖല സ്വകാര്യമേഖലയ്ക്കായി തുറന്നെങ്കിലും ഇപ്പോഴും വിപണിയില്‍ ഒന്നാംസ്ഥാനം നിലനിര്‍ത്തിവരുന്നു. ആദ്യവര്‍ഷ പ്രീമിയത്തില്‍ 66.18 ശതമാനം വിപണി വിഹിതമാണ് കമ്പനിക്കുള്ളത്. പോളിസികളുടെ എണ്ണത്തിലിത് 74.58 ശതമാനമാണ്.

2020-21 സാമ്പത്തിക വര്‍ഷം 2.10 കോടി പുതിയ പോളിസികള്‍ രജിസ്റ്റര്‍ ചെയ്തതായി കമ്പനി അറിയിച്ചു. ആദ്യവര്‍ഷ പ്രീമിയമായി ലഭിച്ചത് 1.84 ലക്ഷം കോടി രൂപയാണ്. എട്ടു സോണല്‍ ഓഫീസുകളിലായി ഒരു ലക്ഷത്തിലധികം ജീവനക്കാരും 13.53 ലക്ഷം ഏജന്റുമാരുമാണ് കമ്പനിക്കുള്ളത്.ദേശസാത്കരണത്തിന്റെ ലക്ഷ്യം പൂര്‍ണ അര്‍ഥത്തില്‍ നിറവേറ്റി സമൂഹത്തിലെ ഏറ്റവും താഴെത്തട്ടുവരെ ഇന്‍ഷുറന്‍സ് സേവനം എത്തിക്കാനായെന്നതാണ് എല്‍.ഐ.സിയുടെ ഏറ്റവുംവലിയ നേട്ടം.ഡിജിറ്റല്‍ പേമെന്റിന് പ്രാധാന്യം നല്‍കിയുള്ള പ്രവര്‍ത്തനങ്ങളുടെ ഫലമായി പുതുക്കല്‍ പ്രീമിയത്തില്‍ 74.8 ശതമാനവും ഡിജിറ്റല്‍ രീതിയിലായിക്കഴിഞ്ഞു. പുതിയ പോളിസികള്‍ കടലാസ് രഹിതമാക്കുന്നതിന്റെ ഭാഗമായി ഏജന്റുമാര്‍ക്കായി ആനന്ദ എന്ന പുതിയ മൊബൈല്‍ ആപ്പും കമ്പനി പുറത്തിറക്കിയിട്ടുണ്ട്.

 

ജൂലായില്‍ ആണ് കേന്ദ്രസര്‍ക്കാരിന്റെ സാമ്പത്തിക കാര്യ കാബിനറ്റ് സമിതി എല്‍.ഐ.സിക്ക് ഐപിഒയ്ക്കുള്ള അനുമതി നല്‍കിയത്.കഴിഞ്ഞ ദിവസങ്ങളിലാണ് എല്‍.ഐ.സിയുടെ പ്രാരംഭ ഓഹരി വില്‍പ്പന(ഐ.പി.ഒ)നിയന്ത്രിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ 10 ബാങ്കുകളെ തെരഞ്ഞെടുത്തത്.ഗോള്‍ഡ്മാന്‍ സാച്‌സ്,സിറ്റിഗ്രൂപ്പ്,കോടക് മഹിന്ദ്ര,എസ്.ബി.ഐ കാപ്‌സ്,ജെ.എം ഫിനാന്‍ഷ്യല്‍ ലിമിറ്റഡ്,ആക്‌സിസ് കാപ്പിറ്റല്‍,ബാങ്ക് ഓഫ് അമേരിക്ക സെക്യുരിറ്റീസ്,ജെ.പി മോര്‍ഗന്‍ ഇന്ത്യ,നോമുറ,ഐസിഐസിഐ സെക്യുരിറ്റീസ് എന്നിവയാണ് തെരഞ്ഞെടുക്കപ്പെട്ട ബാങ്കുകള്‍.

പ്രധാനമായും എല്‍.ഐ.സിയെ ഓഹരി വിപണിയിലെത്തിക്കുക  എന്ന ലക്ഷ്യത്തിലാണ് ഐപിഒയ്ക്ക് എത്തുന്നത്.ഏകദേശം 38 ലക്ഷം കോടി രൂപയിലേറെ മൂല്യമുള്ള എല്‍.ഐ.സിയുടെ 10 ശതമാനം ഓഹരികള്‍ രണ്ട് ഘട്ടങ്ങളിലായി ഐപിഒയിലൂടെ വില്‍ക്കും.ഇതിലൂടെ 1.50 ലക്ഷം കോടി രൂപ സമാഹരിക്കാനാണ് കേന്ദ്രം പ്രതീക്ഷിക്കുന്നത്.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.