Sections

സാധാരണക്കാര്‍ക്കിടയില്‍ പ്രിയമേറുന്ന ജന്‍ ഔഷധി മെഡിക്കല്‍ സ്റ്റോര്‍ നിങ്ങളുടെ നാട്ടിലും തുടങ്ങാം 

Saturday, Oct 16, 2021
Reported By Aswathi Nurichan
janaushadi store

ക്യാന്‍സര്‍, ഹാര്‍ട്ട് സംബന്ധമായ അസുഖങ്ങള്‍ എന്നിവയ്‌ക്കെല്ലാം ഉള്ള മരുന്നുകള്‍ കുറഞ്ഞ നിരക്കില്‍ ലഭിക്കുന്നു എന്നതാണ് ജന്‍ ഔഷധി സ്റ്റോറുകളുടെ പ്രത്യേകത


കോവിഡിന് മുമ്പും ശേഷവും നിരവധി അസുഖങ്ങളാണ് ജനങ്ങളെ വിടാതെ പിന്തുടരുന്നത്. കൂടാതെ പുതിയ ജീവിതശൈലിയും മലയാളികളെ പുതിയ രോഗങ്ങളിലേക്ക് നയിച്ചുകൊണ്ടിരിക്കുകയാണ്. മാറിയ ഭക്ഷണ രീതിയും, കാലാവസ്ഥാ മാറ്റങ്ങളും മനുഷ്യന് പല തരത്തിലുള്ള അസുഖങ്ങള്‍ ഉണ്ടാക്കുന്നു. എന്നിരുന്നാല്‍ കൂടി ഏതൊരു അസുഖത്തിനുമുള്ള മരുന്നിനും വില കുതിച്ച് ഉയര്‍ന്നു കൊണ്ടിരിക്കുകയാണ്.

എന്നാല്‍ കുറഞ്ഞ വിലയില്‍ മരുന്നുകള്‍ ലഭിക്കുന്ന ജന്‍ ഔഷധി സ്റ്റോര്‍കളെ പറ്റി ഇന്ന് എല്ലാവര്‍ക്കും അറിയാം ആയിരിക്കാം. ഇത്തരത്തില്‍ ജന്‍ ഔഷധി സ്റ്റോറുകള്‍ എങ്ങനെയാണ് പ്രവര്‍ത്തിക്കുന്നതെന്നും എങ്ങനെ ജനൗഷധി സ്റ്റോറുകള്‍ തുറക്കാം എന്നുമാണ് ഇന്നു നമ്മള്‍ പരിചയപ്പെടുന്നത്.

പ്രധാനമന്ത്രി ഭാരതീയ ജന്‍ ഔഷധി പരിയോജന എന്ന പേരില്‍ അറിയപ്പെടുന്ന ജന്‍ ഔഷധി സ്റ്റോറുകള്‍ 2008 ലാണ് തുറക്കപ്പെട്ടത്. ഇന്ത്യയിലാകമാനം 6000 സ്റ്റോറുകളും കേരളത്തില്‍ മാത്രം 600 സ്റ്റോറുകളും നിലവിലുണ്ട്. അതായത് കേരളത്തിലെ മിക്ക ജില്ലകളിലും സ്റ്റോറുകള്‍ വന്നിട്ടുണ്ട് എന്ന് അര്‍ത്ഥം. ഇവിടെ നിന്നും നിങ്ങള്‍ക്ക് ജനറിക് മെഡിസിനുകള്‍ 50 ശതമാനം മുതല്‍ 100 ശതമാനം വരെയാണ് വിലക്കുറവില്‍ ലഭിക്കുന്നത്.

ക്യാന്‍സര്‍, ഹാര്‍ട്ട് സംബന്ധമായ അസുഖങ്ങള്‍ എന്നിവയ്‌ക്കെല്ലാം ഉള്ള മരുന്നുകള്‍ കുറഞ്ഞ നിരക്കില്‍ ലഭിക്കുന്നു എന്നതാണ് ജന്‍ ഔഷധി സ്റ്റോറുകളുടെ പ്രത്യേകത. എന്നാല്‍ ഇത്തരത്തില്‍ മരുന്നുകള്‍ കുറഞ്ഞ വിലയ്ക്ക് ലഭിക്കുമ്പോള്‍ എല്ലാവര്‍ക്കും തോന്നുന്ന ഒരു സംശയം ആണ് മരുന്നുകളുടെ ക്വാളിറ്റിയില്‍ വല്ല വ്യത്യാസവും ഉണ്ടായിരിക്കുമോ എന്ന്.

എന്നാല്‍ ഇത്തരത്തില്‍ ഉല്‍പാദിപ്പിക്കുന്ന മരുന്നുകള്‍ ഫാക്ടറികളില്‍ നിന്ന് നേരിട്ട് ജനൗഷധി സ്റ്റോറുകളില്‍ എത്തുന്നു എന്നതാണ് ഇതിനുള്ള ഉത്തരം. മരുന്നുകള്‍ ഇത്രയും വിലക്കുറവില്‍ ലഭിക്കുന്നു എന്നതുകൊണ്ടുതന്നെ സാധാരണക്കാര്‍ക്കിടയില്‍ ജന്‍ ഔഷധി സ്റ്റോറുകള്‍ക്ക് പ്രിയമേറുന്നുണ്ട്.
 

എങ്ങനെ ജന്‍ ഔഷധി സ്റ്റോര്‍ നിങ്ങളുടെ പ്രദേശത്ത് ആരംഭിക്കാം ?

ഒരു സംരംഭം തുടങ്ങാന്‍ ആഗ്രഹിക്കുന്ന ഏതൊരാള്‍ക്കും എളുപ്പത്തില്‍ ജനൗഷധി സ്റ്റോറുകള്‍ ആരംഭിക്കുന്നതാണ്. ഇതിനായി പ്രത്യേക വിദ്യാഭ്യാസ യോഗ്യതയോ, പ്രവൃത്തിപരിചയം ഒന്നും തന്നെ ആവശ്യമില്ല. എന്നാല്‍ നിങ്ങള്‍ക്ക് ഇത്തരത്തില്‍ ജനൗഷധി സ്റ്റോറുകളുടെ ലൈസന്‍സ് ലഭിച്ചുകഴിഞ്ഞാല്‍ Bpharm, Dpharm എന്നിവയില്‍ പ്രവര്‍ത്തി പരിചയം ഉള്ള ഒരു ഫാര്‍മസിസ്റ്റിനെ നിര്‍ബന്ധമായും നിയോഗിച്ചിരിക്കണം.

ബിപിപിഐ എന്ന സൈറ്റ് ഉപയോഗിച്ചാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്. എന്നാല്‍ അതിനു മുന്‍പായി ജന്‍ ഔഷധിയുടെ ഔദ്യോഗിക വെബ്‌സൈറ്റായ www.janaushadhi.gov.in ല്‍ നിന്ന് ഇതിനെ കുറിച്ചുള്ള മുഴുവന്‍ വിവരങ്ങളും വായിച്ചു മനസ്സിലാക്കേണ്ടതാണ്. ഇത്തരത്തില്‍ അപേക്ഷ സമര്‍പ്പിക്കാന്‍ നിങ്ങള്‍ക്ക് ആവശ്യമായിട്ടുള്ളത് നിങ്ങളുടെ ആധാര്‍ കാര്‍ഡ്,പാന്‍ കാര്‍ഡ്, മൊബൈല്‍ നമ്പര്‍, മെയില്‍ ഐഡി എന്നിവയാണ്   .

ഇതുപോലെ നിങ്ങള്‍ സ്റ്റോര്‍ തുടങ്ങാന്‍ ഉദ്ദേശിക്കുന്ന സ്ഥലത്തെ പറ്റിയുള്ള വിവരങ്ങളും കൂടെ ഉണ്ടായിരിക്കണം. ഇത്തരത്തില്‍ സ്റ്റോറുകള്‍ ആരംഭിച്ച് കഴിഞ്ഞാല്‍ നിങ്ങള്‍ക്ക് മരുന്നുകള്‍ ഡിസ്ട്രിബ്യൂട്ട് ചെയ്യുന്നത് ബിപിപിപിഐയുടെ കേരളത്തിലുള്ള ഡിസ്ട്രിബ്യൂട്ടര്‍ ആയിരിക്കും. ഒരു മാസത്തേക്കുള്ള മരുന്നുകള്‍ അവര്‍ നിങ്ങള്‍ക്ക് ക്രെഡിറ്റ് ആയി നല്‍കുന്നതാണ്.

എന്നാല്‍ ഇതിന് പകരമായി നിങ്ങളൊരു പിഡിസി നല്‍കേണ്ടത് ആയിട്ടുണ്ട്. ഒരു മാസത്തിനു ശേഷം നിങ്ങള്‍ തുക തിരിച്ചു നല്‍കേണ്ടതാണ്. ഇത്തരം ജനൗഷധി സ്റ്റോറുകളില്‍ മരുന്നുകള്‍, മെഡിക്കല്‍ ഉപകരണങ്ങള്‍ എന്നിവ മാത്രമല്ല മറ്റെന്തു സ്റ്റേഷനറി വേണമെങ്കിലും നിങ്ങള്‍ക്ക് വില്‍ക്കാവുന്നതാണ്.

ഒരു ജന്‍ഔഷധി സ്റ്റോര്‍ തുടങ്ങാനുള്ള മുതല്‍മുടക്ക് എത്രയാണ്?

വെറും 120 സ്‌ക്വയര്‍ ഫീറ്റ് മാത്രം വിസ്തീര്‍ണ്ണമുള്ള ഒരു മുറിയില്‍ നിങ്ങള്‍ക്ക് ഇത്തരത്തില്‍ ഒരു സ്റ്റോര്‍ തുടങ്ങാവുന്നതാണ്. ആകെ ചിലവ് എന്നുപറയുന്നത് നാലര ലക്ഷം രൂപയാണ്. ഇതില്‍ നിങ്ങള്‍ക്ക് സ്റ്റോര്‍ നിര്‍മ്മാണം ഉള്‍പ്പെടെ എല്ലാ ചിലവുകളും വരുന്നതാണ്. അടുത്തതായി നിങ്ങള്‍ക്ക് ഒരു സോഫ്റ്റ്വെയറാണ് ആവശ്യമായിട്ടുള്ളത് അതിനുള്ള സോഫ്റ്റ്വെയര്‍ ജനൗഷധി തന്നെ പ്രൊവൈഡ് ചെയ്യുന്നതാണ്. 

അതുപോലെ ജന്‍ ഔഷധി സ്റ്റോറുകള്‍ നിര്‍മ്മിക്കാന്‍ ആവശ്യമായ തുക നിങ്ങള്‍ക്ക് ഏത് ബാങ്കില്‍ നിന്ന് വേണമെങ്കിലും വായ്പയായി ലഭിക്കുന്നതാണ്. ഏഴ് ശതമാനം മുതല്‍ 9 ശതമാനം വരെയാണ് ഇതിന് പലിശയായി ഈടാക്കുന്നത്. പരമാവധി ഏഴ് വര്‍ഷത്തിനുള്ളിലാണ് ഈ തുക തിരിച്ചടയ്‌ക്കേണ്ടത്. ഇനി മറ്റൊരു വസ്തുത എന്താണെന്ന് വെച്ചാല്‍ ഇത്തരം ജനൗഷധി സ്റ്റോറുകള്‍ തുറക്കാനായി സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് തന്നെ അഞ്ചുലക്ഷം രൂപ സബ്‌സിഡിയായി ലഭിക്കുന്നതാണ്.

എന്നാല്‍ ഈ സബ്‌സിഡി തുക ഒറ്റ ഗഡുവായി അല്ല ലഭിക്കുക ഓരോ മാസവും സെയില്‍സ് അനുസരിച്ച് 15 ശതമാനം എന്ന നിരക്കിലാണ് ലഭിക്കുക. ഇനി നിങ്ങള്‍ ഉദ്ദേശിക്കുന്ന രീതിയില്‍ കച്ചവടം നടന്നിട്ടില്ല എങ്കില്‍ മരുന്നുകള്‍ കെട്ടിക്കിടക്കുന്നുണ്ട് എങ്കില്‍ ഇതിന് രണ്ട് ശതമാനം നിരക്കില്‍ നിങ്ങള്‍ക്ക് ഗവണ്‍മെന്റ്ല്‍ നിന്നും ഒരു തുക ലഭിക്കുന്നതാണ്. 


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.