Sections

റിയൽ എസ്റ്റേറ്റ് പ്രൊജക്ടുകളുടെ രജിസ്ട്രേഷനിൽ വർധന

Wednesday, Jan 18, 2023
Reported By Admin
rera

കഴിഞ്ഞ വർഷം പുതിയ റിയൽ എസ്റ്റേറ്റ് പ്രൊജക്റ്റുകളുടെ രജിസ്ട്രേഷനിൽ 39.47 ശതമാനം വർധനവുണ്ടായി


കേരള റിയൽ എസ്റ്റേറ്റ് റെഗുലേറ്ററി അതോറിറ്റി (കെ-റെറ) യിൽ 2022 കലണ്ടർ വർഷത്തിൽ പുതിയ റിയൽ എസ്റ്റേറ്റ് പ്രൊജക്റ്റുകളുടെ രജിസ്ട്രേഷനിൽ 39.47 ശതമാനം വർധനവുണ്ടായി. 2021ൽ 114 പുതിയ പ്രൊജക്റ്റുകൾ മാത്രം രജിസ്റ്റർ ചെയ്തപ്പോൾ കഴിഞ്ഞ വർഷം രജിസ്റ്റർ ചെയ്തത് 159 പുതിയ പ്രൊജക്റ്റുകളാണ്.

2021ൽ 8,28,230.79 ചതുരശ്ര മീറ്റർ ബിൽഡ് അപ്പ് ഏരിയ പുതിയ രജിസ്റ്റേഡ് പ്രൊജക്റ്റുകളിലായി ഉണ്ടായിരുന്നുവെങ്കിൽ 2022 ആയപ്പോൾ അത് 16,36,577.18 ചതുരശ്ര മീറ്ററായി വർധിച്ചു. 97.59 ശതമാനം വളർച്ചയാണ് രേഖപ്പെടുത്തിയത്. 2021ൽ പുതിയ രജിസ്റ്റേഡ് പ്രൊജക്ടുകളിലായി 5933 യൂണിറ്റുകൾ മാത്രമാണുണ്ടായിരുന്നത്. 2022ൽ ഇത് 12018 യൂണിറ്റുകളായി വർധിച്ചു. 102.56 ശതമാനമാണ് ഇക്കാര്യത്തിലുണ്ടായ വർധന. കോവിഡ് മൂലം നിറം മങ്ങിപ്പോയ റിയൽ എസ്റ്റേറ്റ് ബിസിനസ് മേഖല കഴിഞ്ഞ വർഷം മുതൽ ശക്തി പ്രാപിക്കുന്നതായാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.

2021ൽ കൊമേഴ്സ്യൽ ആവശ്യങ്ങൾക്കായി രജിസ്റ്റർ ചെയ്ത പുതിയ റിയൽ എസ്റ്റേറ്റ് പ്രൊജക്റ്റുകളുടെ ആകെ ഫ്ളോർ ഏരിയ 19802.04 ചതുരശ്ര മീറ്ററിൽ നിന്നും 2022ൽ 44386.07 ചതുരശ്ര മീറ്റർ ആയി വർദ്ധിച്ചു. ഒരു വർഷം കൊണ്ട് ഈ മേഖലയിലുണ്ടായത് 124.14 ശതമാനം വളർച്ചയാണ്. വൺ ബിഎച്ച്കെ അപ്പാർട്ട്മെന്റുകളുടെ രജിസ്ട്രേഷനിലും സമാനമായ പ്രവണതയാണ് കാണുന്നത്. 2021 ൽ പുതിയ 233 വൺ ബിഎച്ച്കെ അപ്പാർട്ട്മെന്റുകളും 2022ൽ പുതിയ 837 വൺ ബിഎച്ച്കെ അപ്പാർട്ട്മെന്റുകളുമാണ് രജിസ്റ്റർ ചെയ്തത്. ഇതിൽ 259 ശതമാനം വളർച്ചയാണ് രേഖപ്പെടുത്തിയത്.

2022ൽ റെസിൻഷ്യൽ റിയൽ എസ്റ്റേറ്റ് പ്രൊജക്റ്റുകൾക്കാണ് ഏറ്റവും അധികം രജിസ്ട്രേഷനായിരിക്കുന്നത്- 148 എണ്ണം. 50 വില്ല പ്രൊജക്റ്റുകളുടെ രജിസ്ട്രേഷനും കഴിഞ്ഞ വർഷം നടന്നു. കൊമേഴ്സ്യൽ-റെസിഡൻഷ്യൽ സമ്മിശ്ര പ്രൊജക്റ്റുകൾ 19 എണ്ണമാണ് കഴിഞ്ഞ വർഷം രജിസ്റ്റർ ചെയ്തത്. ഇവ കൂടാതെ ഏഴ് പ്ലോട്ട് രജിസ്ട്രേഷനുകളും മൂന്ന് ഷോപ്പ് / ഓഫീസ് സ്പേസ് പ്രൊജക്റ്റുകളും രജിസ്റ്റർ ചെയ്യപ്പെട്ടിട്ടുണ്ട്. 159 റിയൽ എസ്റ്റേറ്റ് ഏജന്റുമാർ 2022ൽ കെ-റെറയിൽ രജിസ്റ്റർ ചെയ്തു.

ഏറ്റവും കൂടുതൽ റിയൽ എസ്റ്റേറ്റ് പ്രൊജക്റ്റുകളുടെ രജിസ്ട്രേഷൻ നടന്നത് എറണാകുളം ജില്ലയിലാണ്- 80 എണ്ണം. 72 രജിസ്ട്രേഷനുകളുമായി തിരുവനന്തപുരം ജില്ലയാണ് രണ്ടാമത്. കഴിഞ്ഞ വർഷം ഒരു രജിസ്ട്രേഷനും നടക്കാത്ത ജില്ലകൾ വയനാടും കൊല്ലവുമാണ്. ആലപ്പുഴ, പത്തനംതിട്ട ജില്ലകളിൽ ഓരോ രജിസ്ട്രേഷൻ വീതം നടന്നു.

മറ്റു ജില്ലകളിലെ രജിസ്ട്രേഷൻ: കോട്ടയം-8, ഇടുക്കി-2, തൃശ്ശൂർ-25, പാലക്കാട്-13, മലപ്പുറം-3, കോഴിക്കോട്-17, കണ്ണൂർ-6, കാസർഗോഡ്-2.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.