Sections

ഓഹരി വിപണിയില്‍ മികച്ച പ്രകടനം കാഴ്ചവച്ച് ഓണ്‍ലൈന്‍ കമ്പനികളുടെ ഐപിഒകള്‍ 

Sunday, Oct 31, 2021
Reported By Admin
stock market

 ഐപിഒയുടെ ആദ്യദിനങ്ങളില്‍ തന്നെ 100 ശതമാനം സബ്‌സ്‌ക്രൈബ് ചെയ്യപ്പെട്ടിരുന്നു


ഇന്‍വെസ്റ്റ്‌മെന്റ് ബാങ്കറായിരുന്ന ഫാല്‍ഗുനി നയ്യാര്‍ 2012 ല്‍ മുംബൈയില്‍ സ്ഥാപിച്ച ബ്യൂട്ടി, വെല്‍നെസ്, ഫാഷന്‍ ഇ കോമേഴ്‌സ് കമ്പനിയായ നൈകയുടെ ഉടമസ്ഥതയുള്ള കമ്പനി ഓഹരി വിപണിയില്‍ തിളങ്ങുന്നു. ഫാഷന്‍ ബ്രാന്‍ഡുകളുടെ ഓണ്‍ലൈന്‍ വില്‍പ്പന കമ്പനിയായ നൈകയുടെ ഉടമസ്ഥരായ എഫ്എസ്എന്‍ ഇ-കൊമേഴ്‌സ് വെഞ്ച്വേഴ്‌സാണ് പ്രാഥമിക ഓഹരി വില്‍പനയില്‍ മികച്ച പ്രകടനം തുടരുന്നത്.

ഐപിഒയുടെ ആദ്യദിനങ്ങളില്‍ തന്നെ 100 ശതമാനം സബ്‌സ്‌ക്രൈബ് ചെയ്യപ്പെട്ടിരുന്നു. നവംബര്‍ ഒന്ന് വരെയാണ് ഐപിഒ തുടരുക. ഒരു രൂപ മുഖവിലയുള്ള ഇക്വറ്റി ഷെയര്‍ ഒന്നിന് 1,085 രൂപ മുതല്‍ 1,125 രൂപ വരെയാണ് പ്രൈസ് ബാന്‍ഡ്. കുറഞ്ഞത് 12 ഇക്വിറ്റി ഓഹരികള്‍ക്കും തുടര്‍ന്ന് 12ന്റെ ഗുണിതങ്ങള്‍ക്കുമാണ് അപേക്ഷിക്കാനാകുക. 630 കോടി രൂപയുടെ പുതിയ ഇക്വിറ്റി ഷെയറുകളും നിലവിലുള്ള ഓഹരി ഉടമകളുടെ 41,972,660  ഇക്വിറ്റി ഓഹരികളും ഉള്‍പ്പെടുന്നതാണ് ഐപിഒ. അര്‍ഹരായ ജീവനക്കാര്‍ക്കായി 250,000  ഇക്വിറ്റി ഷെയറുകള്‍ നീക്കിവെച്ചിട്ടുണ്ട്. ഓഹരികള്‍ ബിഎസ്ഇയിലും എന്‍എസ്ഇയിലും ലിസ്റ്റ് ചെയ്യും.

പോളിസി ബസാര്‍ ഡോട്ട് കോം

പോളിസിബസാര്‍ ഡോട്ട് കോം, പൈസബസാര്‍ ഡോട്ട് കോം എന്നീ ഫിന്‍ടെക് പ്ലാറ്റ്‌ഫോമുകളുടെ മാതൃ കമ്പനിയായ പിബി ഫിന്‍ടെക് ലിമിറ്റഡിന്റെ പ്രാഥമിക ഓഹരി വില്‍പന നവംബര്‍ ഒന്ന് മുതല്‍ മൂന്ന് വരെ നടക്കും. 3,750 കോടി രൂപയുടെ പുതിയ ഇക്വിറ്റി ഓഹരികളും നിലവിലുള്ള ഓഹരി ഉടമകളുടെ 1875 കോടി രൂപയുടെ ഇക്വിറ്റി ഓഹരികളും ഉള്‍പ്പെടുന്നതാണ് ഐപിഒ. രണ്ട് രൂപ മുഖവിലയുള്ള ഓഹരി ഒന്നിന് 940, 980 രൂപയാണ് പ്രൈസ് ബാന്‍ഡ് നിശ്ചയിച്ചിരിക്കുന്നത്. കുറഞ്ഞത് 15 ഓഹരികള്‍ക്കും തുടര്‍ന്ന് 15ന്റെ ഗുണിതങ്ങള്‍ക്കും അപേക്ഷിക്കാം. 10 ശതമാനം ഇക്വിറ്റി ഓഹരികളാണ് റീട്ടെയ്ല്‍ നിക്ഷേപകര്‍ക്ക് അനുവദിച്ചിരിക്കുന്നത്. 

പേടിഎം

ഡിജിറ്റല്‍ പേമെന്റ് രംഗത്തെ പ്രമുഖരായ പേടിഎമ്മും നവംബര്‍ 8 ന് ഐപിഒ അവതരിപ്പിക്കാനുള്ള ഒരുക്കങ്ങളിലാണ്.  ഐ ഐപിഒ വഴി ഏകദേശം 22,000 കോടി രൂപ സമാഹരിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്. അങ്ങനെയെങ്കില്‍ ഇന്ത്യന്‍ വിപണിയില്‍ ഇതുവരെ ഉണ്ടായിട്ടുള്ളതില്‍ ഏറ്റവും വലിയ ഐപിഒകളില്‍ ഒന്നായിരിക്കും ഇത്.

മൊബിക്വിക്

ഡിജിറ്റല്‍ പേമെന്റ് പ്ലാറ്റ്ഫോമായ മൊബിക്വിക്കും പ്രഥമ ഓഹരി വില്‍പ്പനയ്ക്ക് എത്തുന്നു. ഐപിഒ വഴി 1900 കോടി രൂപ സമാഹരിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്. തിയതി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും ദീപാവലിക്ക് മുമ്പായി ഐപിഒ ആരംഭിച്ചേക്കും. ഐപിഒയില്‍ 1500 കോടി രൂപയോളം മൂല്യം വരുന്ന പുതിയ ഓഹരികള്‍ ഇഷ്യു ചെയ്യും. നിലവിലെ നിക്ഷേപകര്‍ 400 കോടി രൂപയോളം മൂല്യം വരുന്ന ഓഹരികള്‍ വിറ്റഴിക്കും. ഇതോടെ ഇന്ത്യയില്‍ ലിസ്റ്റ് ചെയ്യുന്ന ആദ്യ ഓണ്‍ലൈന്‍ പേമെന്റ് കമ്പനിയാകും മൊബിക്വിക്. ഐസിഐസിഐ സെക്യൂരിറ്റീസ്, ബിഎന്‍പി പാരിബ, ക്രഡിറ്റ് സ്യുസ്സ് , ഐഐഎഫ്എല്‍ സെക്യൂരിറ്റീസ്, ജെഫ്രീസ് എന്നിവരായിരിക്കും മൊബിക്വിക്കിന്റെ ഐപിഒയ്ക്ക് മേല്‍നോട്ടം വഹിക്കുന്നത്.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.