Sections

കാർഷിക മേഖലയിൽ 2365 കോടി രൂപയുടെ ഇടപെടൽ നടത്തും: മന്ത്രി പി. പ്രസാദ്

Tuesday, Jan 23, 2024
Reported By Admin
Agricultural Development

കോട്ടയം: കാർഷിക മേഖലയിൽ 2024 മുതൽ അഞ്ച് വർഷത്തേക്ക് 2365 കോടി രൂപയുടെ ഇടപെടൽ നടത്തുമെന്ന് കാർഷിക വികസന കർഷക ക്ഷേമ വകുപ്പ് മന്ത്രി പി. പ്രസാദ്. കാൽ നൂറ്റാണ്ടിന്റെ ഇടയിൽ കാർഷിക മേഖലയിൽ ഇത്രയും ബൃഹത്തായ ഒരു പരിപാടി നടപ്പിലാക്കിയിട്ടില്ല. 2024 ൽ അതിനൊരു തുടക്കം കുറിക്കുകയാണെന്നും മന്ത്രി പറഞ്ഞു. വൈക്കം നിയോജകമണ്ഡലത്തിലുൾപ്പെട്ട തലയാഴം, കല്ലറ ഗ്രാമപഞ്ചായത്തുകളിലെ സി.കെ.എൻ, കളപ്പുരയ്ക്കൽ കരി, മുണ്ടാർ-5 എന്നീ പാടശേഖരങ്ങളിൽ അഞ്ചുകോടി രൂപ മുടക്കുന്ന വിവിധ അടിസ്ഥാന സൗകര്യ വികസന പ്രവർത്തനങ്ങളുടെ നിർമ്മാണോദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.

പോഷക സമൃദ്ധമായ ആഹാരങ്ങൾ നമ്മൾ ശീലമാക്കണമെന്നും അതിനായി നടപ്പാക്കിയിട്ടുള്ള പോഷക സമൃദ്ധ മിഷൻ തദേശസ്വയംഭരണ സ്ഥാപനങ്ങളിൽ കൃത്യമായി നടപ്പാക്കണമെന്നും മന്ത്രി പറഞ്ഞു. കാലാവസ്ഥ വ്യതിയാനത്തിലൂടെ കാർഷിക മേഖല വൻ പ്രതിസന്ധി നേരിടുകയാണ്. ഇതിന് പരിഹാരം കാണുന്നതിനായി കാർഷിക മേഖലയിലെ ഗവേഷകർ പുതിയ ഇനം വിത്തിനങ്ങൾ രൂപപ്പെടുത്തുന്നുണ്ട്. വൈക്കം തോട്ടകം സർവീസ് സഹകരണ ബാങ്കിനെ നാളികേര സംഭരണത്തിന് ഉൾപ്പെടുത്തിയിരിക്കുന്നതായി മന്ത്രി ചടങ്ങിൽ പ്രഖ്യാപിച്ചു.

തലയാഴം വാഴക്കാട് ഭഗത്സിംഗ് കലാവേദിയിൽ നടന്ന പരിപാടിയിൽ സി.കെ. ആശ എം.എൽ.എ. അധ്യക്ഷത വഹിച്ചു. നെൽകൃഷിക്കാവശ്യമായ സൂഷ്മ മൂലകങ്ങൾ കാർഷിക ഡ്രോണുപയോഗിച്ച് തളിക്കുന്നതിന്റെ പ്രദർശനത്തിന്റെ ഉദ്ഘാടനവും സി.കെ. ആശ എം.എൽ.എ. നിർവഹിച്ചു
പമ്പ് ഹൗസ് നിർമ്മാണം, സ്ലൂയിസ് നിർമ്മാണം, പുറംബണ്ട് സംരക്ഷിക്കുന്നതിന് ആവശ്യമായി പാടശേഖരങ്ങളിലെ നിലവിലെ കൽക്കെട്ട് ഉയരം കൂട്ടൽ, പുതിയ പുറംബണ്ട് നിർമ്മാണം, വാച്ചാൽ സംരക്ഷണം, വി.സി.ബി. നിർമ്മാണം, കല്ലറ കൃഷിഭവനിലെ വിവിധ പാടശേഖരങ്ങളിലെ ട്രാൻസ്ഫോർമർ സ്ഥാപിക്കുന്നതിനുള്ള നടപടിക്രമങ്ങൾ എന്നീ പദ്ധതികളുടെ നിർമ്മാണ പ്രവർത്തനങ്ങൾക്കാണ് തുടക്കം കുറിച്ചത്. നബാർഡിന്റെ ഗ്രാമീണ അടിസ്ഥാനസൗകര്യവികസനപദ്ധതിയിലുൾപ്പെടുത്തിയാണ് അഞ്ച് കോടി രൂപ നിർമ്മാണ പ്രവർത്തനങ്ങൾക്കായി ചെലവഴിക്കുന്നത്.

പദ്ധതികളുടെ പൂർത്തീകരണത്തിലൂടെ വിരിപ്പ് കൃഷി സാധ്യമാവുകയും നിലവിലെ നെൽകൃഷിയിൽ നിന്ന് ലഭ്യമാകുന്ന ഉത്പ്പാദനം ഇരട്ടിയാക്കാനുമാകും. കാർഷിക യന്ത്രങ്ങൾ, നെല്ല്, വളം എന്നിവ സമയബന്ധിതമായി പാടശേഖരങ്ങളിലേക്ക് എത്തിക്കാനാവും. ബണ്ടുകൾ ബലപ്പെടുത്തുന്നതിലൂടെ മടവീഴ്ചയിൽ നിന്ന് ശാശ്വത പരിഹാരം ലഭ്യമാകും. വി.സി.ബി. നിർമ്മാണത്തിലൂടെ കൃത്യമായ ജലസേചന ജലനിർഗമന പ്രവർത്തനങ്ങൾ സമയബന്ധിതവും കാര്യക്ഷമവുമായി നടപ്പാക്കാനാവും..

ചടങ്ങിൽ എക്സിക്യൂട്ടീവ് എൻജിനീയർ സി. കെ. രാജ്മോഹൻ പദ്ധതി വിശദീകരിച്ചു. വൈക്കം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. കെ.കെ. രഞ്ജിത്ത്, ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷ പി.എസ്. പുഷ്പമണി, ജില്ലാ പഞ്ചായത്ത് അംഗം ഹൈമി ബോബി, ബ്ലോക്ക് പഞ്ചായത്ത് അംഗം സുജാത മധു, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ജെൽസി സോണി, ഗ്രാമ പഞ്ചായത്ത് വികസനകാര്യ സ്ഥിരം സമിതി അധ്യക്ഷൻ രമേശ് പി. ദാസ്, ഗ്രാമപഞ്ചായത്ത് അംഗം ഷീജ ബൈജു, കൃഷി അസിസ്റ്റന്റ് ഡയറക്ടർ ജോർജ് സെബാസ്റ്റ്യൻ,പ്രിൻസിപ്പൽ കൃഷി ഓഫീസർ പ്രീത പോൾ,കൃഷി ഡെപ്യൂട്ടി ഡയറക്ടർ പി. പി. ശോഭ, കൃഷി വകുപ്പ് അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയർ ടി.സുമേഷ്കുമാർ, വൈക്കം അസിസ്റ്റന്റ് ഡയറക്ടർ സി. കെ. സിമ്മി, തലയാഴം കൃഷി ഓഫീസർ ആർ.എം. ചൈതന്യ, രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ കെ. രാധാകൃഷ്ണൻ നായർ, വി. പോപ്പി, കെ.എ. കാസ്ട്രോ, ബിജു പറപ്പള്ളി, തോട്ടകം എസ്.സി.ബി പ്രസിഡന്റ് എം. ഡി. ബാബുരാജ്, സി.കെ.എൻ. പാടശേഖരം സെക്രട്ടറി പി. കെ.സതീശൻ, കളപ്പുരയ്ക്കൽ കരി പാടശേഖരം സെക്രട്ടറി പി. ജി. ബേബി, മുണ്ടാർ - 5 പാടശേഖരം സെക്രട്ടറി ശശി മുരുകൻതറ എന്നിവർ പങ്കെടുത്തു.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.