Sections

ക്രെഡിറ്റ് കാർഡ് ഇഎംഐയെ കുറിച്ചുള്ള ഇക്കാര്യ ശ്രദ്ധിക്കണേ...

Monday, Apr 17, 2023
Reported By admin
credit card

ഇഎംഐ സംബന്ധമായ ചിലവുകൾ അറിഞ്ഞിരിക്കേണ്ടതാണ്


ക്രെഡിറ്റ് കാർഡുകൾ ഇന്ന് പലരുടെയും ജീവിതത്തിന്റെ തന്നെ ഭാഗമാണ്. 40 മുതൽ 50 ദിവസം വരെ ഒരു രൂപ പോലും പലിശയില്ലാതെ പണം ചെലവഴിക്കാം എന്നതാണ് പ്രധാന ആകർഷണം. ക്രെഡിറ്റ് കാർഡ് തിരിച്ചടവിൽ മിനിമം തുക തിരിച്ചടവ്, ഇഎംഐ എന്നീ ഓപ്ഷനുകൾ ലഭ്യമാണ്. ഇവയുടെ വിവിധ വശങ്ങളാണ് ഇവിടെ പരിശോധിക്കുന്നത്. ക്രെഡിറ്റ് കാർഡുകളുടെ ഉപയോഗം വർധിച്ചു വരുന്ന കാലമാണിത്. തിരിച്ചടവുകൾക്ക് നിരവധി മാർഗങ്ങളും ഇന്ന് ലഭ്യമാണ്. ക്രെഡിറ്റ് കാർഡ് തിരിച്ചടവുകൾ ഇഎംഐ ആക്കി മാറ്റുകയാണോ വേണ്ടത്, അല്ലെങ്കിൽ മിനിമം തുക തിരിച്ചടച്ചാൽ മതിയോ എന്ന കാര്യത്തിൽ പലർക്കും സംശയം നില നിൽക്കുന്നു.

ക്രെഡിറ്റ് കാർഡ് ഇഎംഐ

ക്രെഡിറ്റ് കാർഡ് ബിൽ തുകയിലെ ചില വിനിമയങ്ങൾ ഇഎംഐ ആക്കി മാറ്റി തിരിച്ചടയ്ക്കാൻ സാധിക്കും. ഇവിടത്തെ കണക്കുകൾ ഉദാഹരണ സഹിതം പരിശോധിക്കാം. ഒരു ക്രെഡിറ്റ് കാർഡ് ഉടമ, 43,739 രൂപയ്ക്ക് ചില മരുന്നുകൾ വാങ്ങുകയും പണം, ക്രെഡിറ്റ് കാർഡ് വഴി നൽകുകയും ചെയ്യുന്നു. രണ്ടു ദിവസത്തിനു ശേഷം ബാങ്കിന്റെ ഓഫർ അദ്ദേഹത്തിന് ലഭിക്കുന്നു. ഈ തുക 6 മാസം മുതൽ 24 മാസം വരെയുള്ള ഇഎംഐ ആക്കി മാറ്റാമെന്ന സന്ദേശമാണ് ലഭിച്ചത്.

ബാങ്കിന്റെ ആപ്ലിക്കേഷനിൽ നൽകിയിരിക്കുന്ന ഇഎംഐ കണക്കു കൂട്ടാനുള്ള കാൽക്കുലേറ്റർ പ്രകാരം, ആറ് മാസത്തേക്കുള്ള ഇഎംഐ തുക 7,677.29 രൂപ, ഒമ്പത് മാസത്തേക്കുള്ള ഇഎംഐ 5231.67 രൂപ, 12 മാസത്തേക്ക് 4009.41 രൂപ, 18 മാസത്തേക്ക് 2,790.79 രൂപ, 24 മാസത്തേക്ക് 2,183.31 രൂപ എന്നിങ്ങനെയാണ്.

ഇവിടെ കാർഡ് ഉടമയുടെ ഒരേ ഒരു വരുമാനം, അദ്ദേഹത്തിന്റെ പ്രതിമാസ ശമ്പളം മാത്രമാണ്. അതിനാൽ അദ്ദേഹം 12 മാസത്തെ ഇഎംഐ തെരഞ്ഞെടുക്കുന്നു. ഇവിടെ അദ്ദേഹം 48,112.92 രൂപയും, ഇഎംഐ കൺവേർഷൻ ചാർജും, ബാധകമായ നികുതികളും കൂടി അടയ്ക്കേണ്ടി വരുന്നു. 43,739 രൂപയുടെ പർച്ചേസിനുള്ള തിരിച്ചടവാണ് ഇത്. ഈ തീരുമാനം ശരിയാണോ? ഇവിടെ പരിശോധിക്കാം

വലിയ തുകയുടെ ക്രെഡിറ്റ് കാർഡ് ബില്ലുകൾ

വലിയ ക്രെഡിറ്റ് കാർഡ് ബില്ലുകൾ നൽകുന്ന ഇഎംഐ ഓപ്ഷൻ ഒരു ബിസിനസ് മോഡലിന്റെ ഭാഗമാണ്. ഭൂരിഭാഗം ക്രെഡിറ്റ് കാർഡ് ഉടമകൾക്കും ഒരു സ്രോതസ്സിൽ നിന്നുള്ള വരുമാനം മാത്രമായിരിക്കും ഉണ്ടായിരിക്കുക. അതിനാൽത്തന്നെ വരുമാനത്തേക്കാൾ കൂടുതൽ ചിലവ് ക്രെഡിറ്റ് കാർഡുകൾ ഉപയോഗിച്ച് ചെയ്യരുതെന്ന് സാമ്പത്തിക വിദഗ്ധർ നിർദേശിക്കുന്നു. എന്നാൽ ചില സാഹചര്യങ്ങളിൽ ഇഎംഐ ഓപ്ഷനുകൾ നല്ല തെരഞ്ഞെടുപ്പുകളുമാകാറുണ്ട്.

ഇഎംഐ/മിനിമം എമൗണ്ട് ഡ്യൂ

ഇഎംഐ സംബന്ധമായ ചിലവുകൾ അറിഞ്ഞിരിക്കേണ്ടതാണ്. മിനിമം തുക തിരിച്ചടയ്ക്കുന്നതിനേക്കാൾ നല്ലത്, വലിയ ക്രെഡിറ്റ് കാർഡ് ബില്ലുകൾ ഇഎംഐ ആക്കി മാറ്റുന്നതാണെന്ന് സാമ്പത്തിക വിദഗ്ധർ നിർദേശിക്കുന്നു. മിനിമം തുക തിരിച്ചടച്ച് കാർഡുകൾ ആക്ടീവായി മാത്രം നിലനിർത്തുന്നത് പിന്നീട് കടക്കെണിയിൽ പെടാനുള്ള സാധ്യതകൾ വർധിപ്പിക്കുന്നു.

മിനിമം എമൗണ്ട് ഡ്യൂ എന്ന ഓപ്ഷൻ തെരഞ്ഞെടുത്താൽ തിരിച്ചടച്ച മിനിമം തുക കഴിഞ്ഞുള്ള തുകയ്ക്ക്, പ്രതിവർഷം 38%-40% എന്ന തോതിൽ വലിയ പലിശയാണ് ഈടാക്കപ്പെടുക. പർച്ചേസ് ഡേറ്റ് മുതലുള്ള പലിശയാണ് ഇവിടെ ഈടാക്കുന്നത്, അല്ലാതെ ക്രെഡിറ്റ് കാർഡ് ബിൽ ഡേറ്റോ, ഡ്യൂ ഡേറ്റോ അല്ല പരിഗണിക്കുന്നത്. ഇക്കാരണത്താൽ ക്രെഡിറ്റ് കാർഡിന്റെ ആകർഷണമായ പലിശരഹിത കാലയളവ് മിനിമം തുക തിരിച്ചടച്ച വ്യക്തിക്ക് ലഭിക്കുന്നില്ല. എന്നാൽ ഇഎംഐ ആയി കൺവേർട്ട് ചെയ്ത ബില്ലുകളിൽ താരതമ്യേന കുറഞ്ഞ പലിശ നിരക്കുകൾ മാത്രമാണ് ഈടാക്കപ്പെടുന്നത്.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.