Sections

ഫിഫ ലോകകപ്പില്‍ ചരിത്രം കുറിക്കാനൊരുങ്ങി വനിത റഫറിമാര്‍

Thursday, Nov 17, 2022
Reported By admin
fifa

ലിംഗഭേദമല്ല, ക്വാളിറ്റിയാണ് പ്രധാനമെന്ന് ഇതിലൂടെ വ്യക്തമാക്കുന്നതായി...


പുരുഷ ലോകകപ്പിലെ മത്സരങ്ങള്‍ നിയന്ത്രിക്കാന്‍ ഇത്തവണ മൂന്ന് വനിതാ റഫറിമാരുമുണ്ട്. 36 റഫറിമാരില്‍ ഫ്രാന്‍സിന്റെ സ്റ്റെഫാനി ഫ്രാപ്പാര്‍ട്ട് (Stephanie Frappart), റുവാണ്ടയുടെ സലിമ മുകന്‍സംഗ(Salima Mukansanga), ജപ്പാന്റെ യോഷിമി യമഷിത (Yoshimi Yamashita) എന്നിവര്‍ ചരിത്രത്തിലിടം പിടിക്കും. 69 അസിസ്റ്റന്റ് റഫറിമാരില്‍ ബ്രസീലിന്റെ ന്യൂസ ബാക്ക് (Neuza Back), മെക്‌സിക്കോയുടെ കാരെന്‍ ഡയസ് മദീന(Karen Diaz Medina), അമേരിക്കയുടെ കാതറിന്‍ നെസ്ബിറ്റ് (Kathryn Nesbitt) എന്നിവരും ഈ മൂവര്‍ക്കൊപ്പം ചേരും. ലിംഗഭേദമല്ല, ക്വാളിറ്റിയാണ് പ്രധാനമെന്ന് ഇതിലൂടെ വ്യക്തമാക്കുന്നതായി, റഫറി നിയമനങ്ങള്‍ പ്രഖ്യാപിച്ചുകൊണ്ട് ഫിഫയുടെ റഫറീസ് കമ്മിറ്റി മേധാവി പിയര്‍ലൂജി കോളിന (Pierluigi Collina) പറഞ്ഞു.

സ്റ്റെഫാനി ഫ്രാപ്പാര്‍ട്ട് 

ഫ്രഞ്ച് വംശജയായ സ്റ്റെഫാനി ഇതിനകം തന്നെ തന്റെ റഫറിയിംഗ് കരിയറില്‍ മികച്ച ?ഗ്രാഫ് ഉയര്‍ത്തി കഴിഞ്ഞു. 2019-ല്‍ ഫ്രാന്‍സിന്റെ ലീഗ് 1-ല്‍ റഫറിയാകുന്ന ആദ്യ വനിതയായിരുന്നു 38-കാരി, അതേ വര്‍ഷം തന്നെ സ്വന്തം രാജ്യത്ത് നടന്ന വനിതാ ലോകകപ്പ് ഫൈനലിന്റെ ചുമതലയും നിര്‍വഹിച്ചു. 2020 ലെ ചാമ്പ്യന്‍സ് ലീഗും തുടര്‍ന്ന് കഴിഞ്ഞ സീസണിലെ ഫ്രഞ്ച് കപ്പ് ഫൈനലും നിയന്ത്രിക്കാന്‍ സ്റ്റെഫാനിയുണ്ടായിരുന്നു. ലിവര്‍പൂളും ചെല്‍സിയും തമ്മിലുള്ള 2019 യുവേഫ സൂപ്പര്‍ കപ്പ് ഫൈനലിലും സ്റ്റെഫാനി റഫറിയായിരുന്നു.

യോഷിമി യമഷിതാ 

36കാരിയായ യോഷിമി യമഷിത, ജപ്പാനിലെ പുരുഷ ഗെയിമില്‍ സമാനമായ മുന്നേറ്റം നടത്തിയാണ് 2019 ലെ ഏഷ്യന്‍ ചാമ്പ്യന്‍സ് ലീഗ് മത്സരത്തില്‍ റഫറിയാകുന്ന ആദ്യ വനിതയായത്. 2019 ല്‍ ഫ്രാന്‍സില്‍ നടന്ന വനിതാ ലോകകപ്പിലും 2020 ഒളിമ്പിക് ഗെയിംസിലെ ഒരു മത്സരത്തിലും അവര്‍ മത്സരം നിയന്ത്രിച്ചു. യമഷിത ഈ വര്‍ഷം ആദ്യമാണ് പ്രൊഫഷണലായി മാറിയത്, മുമ്പ് പാര്‍ട്ട് ടൈം അടിസ്ഥാനത്തില്‍ ഫിറ്റ്‌നസ് കോച്ചായിരുന്നു.

സലിമ മുകന്‍സംഗ 

ലോകകപ്പില്‍ എത്തും മുന്‍പ് ഈ വര്‍ഷം ജനുവരിയില്‍ നടന്ന പുരുഷന്മാരുടെ ആഫ്രിക്കന്‍ കപ്പ് ഓഫ് നേഷന്‍സില്‍ ഒരു മത്സരത്തിന്റെ ചുമതല ഏറ്റെടുത്ത ആദ്യ വനിതയായിരുന്നു 34 കാരിയായ സലിമ മുകന്‍സംഗ. 2019 വനിതാ ലോകകപ്പ്, ടോക്കിയോ 2020 ഒളിമ്പിക് ഗെയിംസ് എന്നിവയിലും അവര്‍ മത്സരങ്ങള്‍ നിയന്ത്രിച്ചിട്ടുണ്ട്. ബാസ്‌ക്കറ്റ്ബോള്‍ കളിക്കാരിയാകണമെന്ന് സ്വപ്നം കണ്ട സലിമ പക്ഷേ 20 വയസ്സുള്ളപ്പോള്‍ തന്നെ റുവാണ്ടയിലെ വനിതാ ആഭ്യന്തര ലീഗില്‍ റഫറിയായിരുന്നു.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.