Sections

വി ജി സറഫ് ഹോസ്പിറ്റലിൽ വി ജി സറഫ് - കാർക്കിനോസ് കാൻസർ സെൻറർ ഉദ്ഘാടനം ചെയ്തു

Wednesday, Jan 10, 2024
Reported By Admin
VG Saraf Hospital

കൊച്ചി: കാൻസർ പരിരക്ഷാ ആസൂത്രണ രംഗത്തെ മുൻനിരക്കാരായ കാർക്കിനോസ് ഹെൽത്ത്കെയറുമായി സഹകരിച്ച് വി ജി സറഫ് മെമ്മോറിയൽ ആശുപത്രിയിൽ വി ജി സറഫ്-കാർക്കിനോസ് കാൻസർ സെൻററിനു തുടക്കം കുറിച്ചു. സറഫ് മെമ്മോറിയൽ ഹോസ്പിറ്റൽ ഡയറക്ടർ ഡോ. അനിൽകുമാർ വി സറഫ് സെൻറർ ഉദ്ഘാടനം ചെയ്തു. ഡോ. വിവേക് എ സറഫ്, കാർക്കിനോസ് ഹെൽത്ത്കെയർ കേരളാ ഓപ്പറേഷൻസ് സിഇഒയും മെഡിക്കൽ ഡയറക്ടറുമായ ഡോ. മോനി ഏബ്രഹാം കുര്യാക്കോസ് ക്ലനിക്കൽ ഓപ്പറേഷൻസ് ഡയറക്ടർ ഡോ. രാമദാസ് കെ തുടങ്ങിയ വിശിഷ്ടാതിഥികൾ ചടങ്ങിൽ സംബന്ധിച്ചു.

കാൻസർ പരിരക്ഷ ലഭ്യമാകുന്നതിനും താങ്ങാനാവുന്നതിലും ഉള്ള അഭാവം പരിഹരിക്കുക എന്ന പ്രാഥമിക ലക്ഷ്യവുമായാണ് ഈ കേന്ദ്രം സ്ഥാപിച്ചത്. സേവനങ്ങളുടെ ലഭ്യതയോ അതു താങ്ങാനാവാത്ത സ്ഥിതിയോ മൂലം ആർക്കും ഗുണമേൻമയുള്ള കാൻസർ പരിരക്ഷ നിഷേധിക്കപ്പെടുന്നില്ല എന്ന് ഉറപ്പാക്കുകയാണ് ലക്ഷ്യം. വി ജി സറഫ് ആശുപത്രിയിലെ പുതിയ വി ജി സറഫ്-കാർക്കിനോസ് കാൻസർ സെൻററിൽ കാൻസർ പരിശോധന, ആധുനിക കാൻസർ നിർണയം, കീമോതെറാപി, ഓങ്കോ സർജറി തുടങ്ങിയവ ഉൾപ്പെടെയുള്ള സമഗ്ര സേവനങ്ങൾ ലഭ്യമാകും.

എത്ര നേരത്തെ കാൻസർ നിർണയം നടത്തുന്നു എന്നതിൻറേയും രോഗിക്ക് വൈദ്യശാസ്ത്ര മേഖലയിൽ നിന്നു ലഭിക്കുന്ന പിന്തുണയുടേയും അടിസ്ഥാനത്തിലാണ് കാൻസർ പരിരക്ഷയുടെ ഫലങ്ങളെന്ന് പദ്ധതിയെ കുറിച്ച് വിശിഷ്ടാതിഥികൾക്കു മുന്നിൽ നടത്തിയ അവതരണത്തിൽ കാർക്കിനോസ് ഹെൽത്ത്കെയർ മെഡിക്കൽ ഡയറക്ടറും കേരളാ ഓപ്പറേഷൻസ് സിഇഒയുമായ ഡോ. മോനി ഏബ്രഹാം കുര്യാക്കോസ് ചൂണ്ടിക്കാട്ടി. എന്നാൽ ഈ രംഗത്ത് അഭാവങ്ങളുണ്ടെന്നതാണ് ഖേദകരമായ വസ്തുത. വി ജി സറഫ്-കാർക്കിനോസ് കാൻസർ സെൻറർ പോലുള്ള കമ്മ്യൂണിറ്റി കാൻസർ സെൻററുകൾ സ്ഥാപിക്കുന്നതിലൂടെ പ്രാഥമിക ആരോഗ്യ സേവനങ്ങളും കാൻസർ പരിരക്ഷയും തമ്മിൽ സംയോജിപ്പിച്ച് അവയെ തമ്മിൽ ബന്ധിപ്പിക്കാനാണ് കാർക്കിനോസ് ശ്രമിക്കുന്നത്. ടാറ്റാ മെമ്മോറിയൽ ഹോസ്പിറ്റലും മയോ ക്ലിനികും പോലുള്ള സ്ഥാപനങ്ങളാണ് ഈ ദൗത്യത്തിൻറെ സാങ്കേതിക പങ്കാളികൾ. ഈ നീക്കത്തിലൂടെ രാജ്യത്തിൻറെ വിദൂര ഭാഗങ്ങളിലുള്ളവർക്കു പോലും അത്യാധുനീക കാൻസർ പരിരക്ഷ ലഭിക്കുമെന്നും അത് താങ്ങാനാവുന്ന ചെലവിലായിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കേരളത്തിലെ പുതിയ കാൻസർ രോഗികൾ 66,000 ആണെന്നും രണ്ടു ലക്ഷത്തിലേറെ രോഗികൾ കാൻസറിൽ നിന്നും പരിരക്ഷ തേടിക്കൊണ്ട് ജീവിക്കുന്നു എന്നുമാണ് കണക്കാക്കുന്നത്. വൈകിയ ഘട്ടത്തിലാണ് പലപ്പോഴും രോഗ നിർണയം നടക്കുന്നത്. ഇത് ചികിൽസാ ചെലവ് വർധിപ്പിക്കുകയും ഭേദമാകുന്നതിൻറെ നിരക്കു കുറക്കുകയും ചെയ്യുന്നു. സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തി ഈ രംഗത്ത് സംയോജിത നീക്കങ്ങൾ നടത്തുവാനും ആരോഗ്യ അടിസ്ഥാന സൗകര്യങ്ങൾ വിപുലമായി ലഭ്യമാക്കാനുമാണ് വി ജി സറഫ്-കാർക്കിനോസ് കാൻസർ സെൻറർ ശ്രമിക്കുന്നത്. ഇതിലൂടെ കമ്യൂണിറ്റി തലത്തിൽ തന്നെ കാൻസർ പരിശോധന സാധ്യമാകുകയും കാർക്കിനോസ് കമാൻഡ് സെൻററിലൂടെ രോഗികൾക്കുള്ള പരിചരണം ഏകോപിപ്പിച്ച് തടസമില്ലാത്ത വിധത്തിൽ ലഭ്യമാക്കുകയും ചെയ്യും.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.