Sections

മൂത്രപ്പഴുപ്പ് കുട്ടികളിൽ - ലക്ഷണങ്ങളും തിരിച്ചറിയാനും തടയാനുമുള്ള മാർഗങ്ങളും

Wednesday, Aug 13, 2025
Reported By Soumya
Urinary Tract Infections in Children: Risks & Symptoms

കുട്ടികളിൽ മൂത്രപ്പഴുപ്പ് വന്നാൽ അത് രക്തത്തിൽ കലർന്ന് അണുബാധയായി വേറെ അവയവങ്ങളെയും ബാധിക്കാൻ സാധ്യത കൂടുതലാണ്. കാരണം അവരുടെ രോഗപ്രതിരോധശേഷി കുറവാണെന്നത് തന്നെ. ആദ്യമായി അത് മൂത്രനാളിവഴി മുകളിലേക്ക് കയറി കിഡ്നികളെത്തന്നെ ബാധിക്കുന്നു. അതും കഴിഞ്ഞാൽ രക്തത്തിലേക്ക് പടരുന്നു. ഈ പടരുന്ന അണുബാധ അവരുടെ ജീവൻ തന്നെ അപകടത്തിലാക്കും.മൂത്രപ്പഴുപ്പ് കുട്ടികളിൽ, പ്രത്യേകിച്ചും ആൺകുട്ടികളിൽ കിഡ്നികൾക്കും മൂത്രനാളിക്കുമിടയിൽ ഉണ്ടാകാനിടയുള്ള ചില ബ്ലോക്കുകൾ കാരണവുമാകാം. ഇത് ജന്മനാ ഉണ്ടാകുന്നതാണ്. ഇത് കാരണം മൂത്രം മുഴുവനായി ഒഴിഞ്ഞുപോകാതിരിക്കുകയും അതുമൂലം മൂത്രപ്പഴുപ്പുണ്ടാകുകയും ചെയ്യാം. അപ്പോൾ കുട്ടികളിൽ മേൽപ്പറഞ്ഞ ജന്മനായുള്ള വൈകല്യങ്ങൾ ഇല്ല എന്നത് ഉറപ്പുവരുത്തേണ്ട ആവശ്യം കൂടിയുണ്ട്.കൂടെക്കൂടെവരുന്ന മൂത്രപ്പഴുപ്പ് കിഡ്നികൾക്ക് ക്ഷതമേൽപ്പിച്ച് അവയുടെ പ്രവർത്തനത്തെ ബാധിക്കാം. മുതിർന്നവരെ അപേക്ഷിച്ച് കുട്ടികളുടെ അവയവങ്ങൾക്ക് ക്ഷതമേൽക്കാനുള്ള സാധ്യത വളരെ കൂടുതലാണ്. ഇതിനുകാരണം അവയുടെ മൂപ്പ് കുറവ് തന്നെയാണ്.

ലക്ഷണങ്ങൾ

  • നവജാതശിശുക്കൾ മുതൽ ഒരുവയസ്സ് വരെപ്രായക്കാരായ കൈക്കുഞ്ഞുങ്ങളിലും ഇത് കാണാറുണ്ട്. പക്ഷേ അത് പലപ്പോഴും കണ്ടുപിടിക്കാൻ വൈകാറുമുണ്ട്. കാരണം അവർക്ക് നമ്മളോട് അവരുടെ ബുദ്ധിമുട്ടുകൾ പറയാൻ സാധിക്കാത്തത് തന്നെ! നവജാതശിശുക്കൾ മൂത്രം ഒഴിക്കുമ്പോൾ പലപ്പോഴും കരയാറുണ്ട്, അത് നോർമൽ ആണ് താനും. മൂത്രം ഒഴിക്കുന്നതിനും മലവിസർജനം നടത്തുന്നതിനും തൊട്ടുമുമ്പ് അവർ ഒന്ന് കരയും, ചിലപ്പോൾ ചെറുതായി മുക്കുകയും ചെയ്യും. എന്നാൽ മൂത്രവും മലവും പോയിത്തുടങ്ങിയാൽ ഈ കരച്ചിൽ നിൽക്കുകയും ചെയ്യും. പിന്നെ അവർ കരയുന്നത് നനവ് കൊണ്ടായിരിക്കും. പക്ഷേ മൂത്രപ്പഴുപ്പുണ്ടെങ്കിൽ മൂത്രം പോയിത്തുടങ്ങിയാലും അവർ കരഞ്ഞു കൊണ്ടേ ഇരിക്കും. വല്ലാതെ മുക്കുകയും ചെയ്യുന്നത് കാണാം. ഈ കരച്ചിൽ വേദന കൊണ്ടുള്ളതാണ്. അമ്മമാർക്ക് ആ കരച്ചിലിന്റെ സ്വഭാവത്തിൽനിന്നുതന്നെ അത് മനസ്സിലാക്കാൻ സാധിക്കും.ഇതുകൂടാതെ ചില സമയങ്ങളിൽ മൂത്രപ്പഴുപ്പ് മുന്നേ പറഞ്ഞപോലെ രക്തത്തിൽ കലർന്ന് അണുബാധ ആയിട്ടുണ്ടാകാം. അപ്പോൾ കുഞ്ഞുങ്ങളിൽ പനി, പാല് കുടിക്കാൻ മടി, ഉഷാറില്ലായ്മ, അപസ്മാരം , വളരെ കൂടുതൽസമയം ഉറങ്ങുന്നു/ നിർത്താതെ കരയുന്നു - ഇവയൊക്കെ കാണാം.
  • കുറച്ചുകൂടി മുതിർന്ന കുട്ടികളിലെ ലക്ഷണങ്ങൾ കണ്ടുപിടിക്കാൻ എളുപ്പമാണ്. ബുദ്ധിമുട്ടുകൾ അച്ഛനമ്മമാരോട് ഒരു പരിധിവരെ പറയാൻ ഇവർക്ക് കഴിയും. നീണ്ട പനി, ഛർദി, വയറുവേദന, മൂത്രമൊഴിക്കുമ്പോൾ വേദന, കടച്ചിൽ, ഇടയ്ക്കിടയ്ക്ക് മൂത്രം ഒഴിക്കുക, മൂത്രത്തിന് ചീത്തഗന്ധം, മൂത്രം അറിയാതെ പോകുക - ഇവയെല്ലാം മുതിർന്ന കുട്ടികളിൽ മൂത്രപ്പഴുപ്പിന്റെ ലക്ഷണങ്ങളാണ്.
  • ദീർഘകാലമായി മൂത്രപ്പഴുപ്പുണ്ടാകുന്ന കുട്ടി ശരിയായരീതിയിൽ വളരുക പോലുമില്ല. തൂക്കം വെക്കാത്തതിന്റെ കാരണങ്ങൾ കണ്ടുപിടിക്കാനായി നടത്തുന്ന ടെസ്റ്റുകളിലാകും മൂത്രപ്പഴുപ്പ് മറനീക്കി പുറത്തുവരുന്നത്. ഇവരിൽ ചിലപ്പോൾ ഇടവിട്ട് വരുന്ന പനി മാത്രമായിരിക്കും ലക്ഷണം. വേറെ ഒരു ലക്ഷണവുമില്ലാത്തതിനാൽ മൂത്രം ടെസ്റ്റ് ചെയ്തിട്ടുമുണ്ടാകില്ല. അതുകൊണ്ട് സംശയമുള്ള കുട്ടികളിലെല്ലാം മൂത്രം ടെസ്റ്റ് ചെയ്ത് നോക്കുന്നത് നല്ലതായിരിക്കും.
  • ഒരു വയസ്സിൽ താഴെ പ്രായമുള്ള കുട്ടികളിൽ മൂത്രപ്പഴുപ്പ് വന്നാൽ മുന്നേ പറഞ്ഞപോലെ കിഡ്നിയുടെയും മൂത്രനാളിയുടെയും ഇടയ്ക്കുണ്ടാകാനിടയുള്ള ഘടനവൈകല്യങ്ങൾ ഇവരിൽ കാണുവാനുള്ള സാധ്യത കൂടുതലായിരിക്കും. ഇത് തന്നെ ആൺകുട്ടികളിൽ കൂടുതലുമാണ്. അതുകൊണ്ട് തന്നെ ഒരു വയസ്സിൽ താഴെയുള്ള കുട്ടികളിൽ മൂത്രപ്പഴുപ്പ് കണ്ടുപിടിച്ചാൽ അതിനെ നിസ്സാരമാക്കി തള്ളാൻ സാധിക്കില്ല. കൂടുതൽ ടെസ്റ്റുകൾ ആവശ്യമാണ്.

ശരിയായ സമയത്ത് കണ്ടുപിടിച്ചില്ലെങ്കിൽ മൂത്രപ്പഴുപ്പ് കുട്ടികളുടെ രക്തത്തിലേക്ക് പടർന്ന് അണുബാധയാകാം. അത് പതിയെ മറ്റു അവയങ്ങളിലേക്ക് പടർന്ന് അവയുടെ പ്രവർത്തനത്തെ ബാധിക്കാം. ഉദാഹരണത്തിന്, തലച്ചോറിനെ ബാധിച്ച് മെനിഞ്ചൈറ്റിസ് ആകാം, കരളിനെബാധിച്ച് കരൾവീക്കമാകാം, വൃക്കപഴുപ്പാകാം. അണുബാധ പടരുന്നതോടെ കുഞ്ഞ് വളരെ ക്ഷീണിതനാകുകയും പനി വളരെ കൂടുകയും വിറയലുണ്ടാകുകയും ചെയ്യുന്നു. ഇത് മൂർച്ഛിക്കുന്നതോടെ ശരീരോഷ്മാവ് കുറയാനും ഇടയുണ്ട്. കരളിനെ ബാധിക്കുന്നത് വഴി മഞ്ഞപ്പിത്തമുണ്ടാകാം. മെനിഞ്ചൈറ്റിസ് കാരണം അപസ്മാരമുണ്ടാകാം. ശ്വാസകോശത്തിലേക്ക് വ്യാപിച്ച് ന്യുമോണിയ ആകാം. പതിയെ രക്തം കട്ടപിടിക്കാനുള്ള കഴിവ് കുറഞ്ഞ് രക്തസ്രാവമുണ്ടാകാം.



ഹെൽത്ത് ടിപ്സുകൾ ദിവസവും ലഭിക്കുവാൻ ഈ പോർട്ടൽ ഫോളോ ചെയ്യുക.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.