Sections

കിറ്റ്‌കോയും കോണ്‍ട്രാക്ടറും തമ്മിലുള്ള തര്‍ക്കത്തില്‍ വലയുന്ന ബ്യൂട്ടിഫിക്കേഷന്‍ ഓഫ് പാലാ കേന്ദ്രം

Wednesday, Oct 26, 2022
Reported By MANU KILIMANOOR

കെ.എം.മാണിയുടെ സ്വപ്ന പദ്ധതിക്കായി ടൂറിസം വകുപ്പ് 5 കോടി രൂപയാണ് മുടക്കിയത്

പാലാ ഗ്രീന്‍ ടൂറിസം സര്‍ക്യൂട്ടിന്റെ ഭാഗമായി മീനച്ചിലാറിന്റെയും ളാലം തോടിന്റെയും സംഗമസ്ഥാനത്ത് നിര്‍മ്മാണം പൂര്‍ത്തിയാക്കിയ പദ്ധതിയാണ് ബ്യൂട്ടിഫിക്കേഷന്‍ ഓഫ് പാലാ കേന്ദ്രം.ലണ്ടന്‍ ബ്രിഡ്ജിന്റെ മാതൃകയില്‍ ഉള്ള 30 മീറ്റര്‍ ഇരുമ്പുപാലവും പാരീസിലെ ലവ് മ്യൂസിയത്തിന്റെ രൂപത്തില്‍ ഗ്ലാസ് മേല്‍ക്കൂരയോടു കൂടിയ ഭൂഗര്‍ഭ ഹാളും 300 പേര്‍ക്ക് ഇരിക്കാവുന്ന ഓപ്പണ്‍ കോണ്‍ഫ്രന്‍സ് ഏരിയ, ലഘുഭക്ഷണശാല, മിനി പാര്‍ക്ക്,സായാഹ്നസവാരിക്കായി വാക് വേ, വിശ്രമത്തിനായി ഇരിപ്പിട സൗകര്യങ്ങള്‍, വൈദ്യുത ദീപാലങ്കാരങ്ങള്‍ എന്നിവയെല്ലാം ഉള്‍പ്പെടുത്തിയുള്ള മനോഹര നിര്‍മ്മിതിയാണ് രണ്ട് വര്‍ഷം മുന്‍പ് ഇവിടെ പൂര്‍ത്തിയാക്കിയത്.

മുന്‍ ധനകാര്യ മന്ത്രിയായിരുന്ന കെ.എം.മാണിയുടെ ഈ സ്വപ്ന പദ്ധതിക്കായി ടൂറിസം വകുപ്പ് 5 കോടി രൂപയാണ് മുടക്കിയത്. ഈ കേന്ദ്രത്തില്‍ നിന്നും മീനച്ചിലാറിന്റെ മറുകരയിലേക്കും പാലവും വിഭാവനം ചെയ്തിരുന്നു. 2021 ഏപ്രിലില്‍ ഗ്രീന്‍ ടൂറിസം പാലാ ഓഫീസിലെ എല്ലാ ജീവനക്കാരെയും പിരിച്ചു വിടപ്പെട്ടതോടെ ഓഫീസ് പ്രവര്‍ത്തനവും പാടേ നിലച്ചു. വിനോദ സഞ്ചാര വകുപ്പിന്റെ കോട്ടയം ഡെപ്യൂട്ടി ഡയറക്ടര്‍ക്കാണ് ഇപ്പോള്‍ ഈ കേന്ദ്രത്തിന്റെ ചുമതല നല്‍കിയിരിക്കുന്നത്.ഈ ഓഫീസ് കുമരകത്താണ് പ്രവര്‍ത്തിക്കുന്നത്.കേരള സര്‍ക്കാര്‍ കണ്‍സള്‍ട്ടന്‍സി സ്ഥാപനം കൂടിയായ ' കിററ്‌കോ ''മുഖനയാണ് പദ്ധതി പൂര്‍ത്തിയാക്കിയത്. പണി പൂര്‍ത്തിയായ സമയത്ത് പാലാ ഗ്രീന്‍ ടൂറിസം പദ്ധതിയുടെ ബാലന്‍സ് ഫണ്ട് ശുഷ്‌കമായിരുന്നു. കിറ്റ്‌കോ ആവശ്യപ്പെട്ട ഫണ്ട് വിഹിതം നല്‍കുവാന്‍ തുക ഉണ്ടായിരുന്നില്ല. നിര്‍മ്മാണം നടത്തിയ കോണ്‍ട്രാക്ടര്‍ക്ക് യഥാസമയം പണം കിട്ടാതെ വന്നതോടെ തര്‍ക്കം കോടതിയിലെത്തുകയും കോടതി നിര്‍ദ്ദേശിച്ച പ്രകാരമുള്ള തുക വിനോദ സഞ്ചാര വകുപ്പ് കോണ്‍ട്രാക്ടര്‍ക്ക് നല്‍കുകയും ചെയ്തു.എന്നാല്‍ വാട്ടര്‍ കണക്ഷനും വൈദ്യുത കണക്ഷനും ഇവിടെ ലഭ്യമായിട്ടില്ല. ഇതു സംബന്ധിച്ച് കിറ്റ് കോയും കോണ്‍ട്രാക്ടറും തമ്മിലുള്ള തര്‍ക്കത്തിന് പരിഹാരം നാളിതുവരെ ഉണ്ടായിട്ടില്ല. കരാര്‍ പ്രകാരമുളള ജോലികള്‍ എല്ലാം പൂര്‍ത്തിയാക്കിയതായി കോണ്‍ട്രാക്ടറും, ഇല്ല എന്ന് കിറ്റ് കോയും തര്‍ക്കം തുടരുകയാണ്. പ്രശ്‌ന പരിഹാരത്തിന് ചര്‍ച്ച നടക്കുന്നതായാണ് അധികൃതര്‍ പറയുന്നത്. ഇവിടെ വൈദ്യുതി, ജല കണക്ഷനുകള്‍ എടുത്ത് നല്‍കിയ ശേഷം കിററ്‌കോ വിനോദ സഞ്ചാര വകുപ്പിന് കൈമാറാതെ ഈ കേന്ദ്രം പ്രവര്‍ത്തിപ്പിക്കാനാവില്ല. പാലായില്‍ നിന്നും 50 കി.മീ അകലെ കുമരകം കവണാറ്റിന്‍കരയിലുള്ള ടൂറിസം വകുപ്പിന്റെ ജില്ലാ കാര്യാലയത്തില്‍ നിന്നും ഇവിടം പ്രവര്‍ത്തിക്കുന്നതിനാവശ്യമായ കാര്യങ്ങള്‍ നിയന്ത്രിക്കുവാന്‍ പ്രായോഗിക ബുദ്ധിമുട്ട് ഉള്ളതായി ജില്ലാ ഓഫീസ് അധികൃതരും പറയുന്നു.പാലാ ഗ്രീന്‍ ടൂറിസം പദ്ധതി ഓഫീസിനായി ഉണ്ടായിരുന്ന ജീപ്പ് ജില്ലാ കളക്ടര്‍ പാലാ ആര്‍.ഡി.ഒയുടെ ഉപയോഗത്തിനായി വിട്ടു നല്‍കിയിരുന്നു. പാലാ ഗ്രീന്‍ ടൂറിസം അമിനിറ്റി സെന്ററില്‍ ജീവനക്കാരെ നിയമിച്ച് തുടര്‍ നടപടികള്‍ സ്വീകരിക്കണമെന്നാണ് ജില്ലാ ടൂറിസം വകുപ്പ് റിപ്പോര്‍ട്ട് നല്‍കിയിരിക്കുന്നത്. പാലാ നഗരസഭയും മറ്റുള്ളവരും ടൂറിസം മന്ത്രിക്ക് നല്‍കിയ പരാതിയില്‍ തുടര്‍ നടപടികള്‍ക്കായി ടൂറിസം സെക്രട്ടറിയെ ചുമതലപ്പെടുത്തിയിട്ടുള്ളതായി വകുപ്പ് അധികൃതര്‍ പറയുന്നു.

കഴിഞ്ഞ ജില്ലാ വികസന സമിതി യോഗത്തില്‍ ജോസ്.കെ.മാണിയുടെ പ്രതിനിധിയായി പങ്കെടുത്ത ജയ്‌സണ്‍മാന്തോട്ടത്തിന് ജില്ലാ ഭരണകൂടം നല്‍കിയ മറുപടിയിലാണ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്. ''വൈദ്യുതി,ജലകണക്ഷനുകള്‍ ലഭ്യമാക്കുകയും ഇതുസംബന്ധിച്ച് കിറ്റ്‌കോയും കോണ്‍ട്രാക്ടറും തമ്മിലുള്ള തര്‍ക്കത്തിന് പരിഹാരം ഉണ്ടാക്കി എത്രയും വേഗം ടൂറിസം വകുപ്പിന് കൈമാറി പാലാ ടൂറിസം അമിറ്റി സെന്റര്‍ പ്രവര്‍ത്തനം ആരംഭിക്കുന്നതിന് ഇടപെടല്‍ ഉണ്ടാവണമെന്ന് ജയ്‌സണ്‍മാന്തോട്ടം അധികൃതരോട് ആവശ്യപ്പെട്ടു.നഗരസഭയെ ഏല്പിച്ചാല്‍ ഈ മനോഹര നിര്‍മ്മിതി പരിപാലിക്കാമെന്ന് അറിയിച്ചിട്ടുള്ളതായി നഗരസഭാ ചെയര്‍മാന്‍ ആന്റോ പടിഞ്ഞാറേക്കര പറഞ്ഞു. പാലാ ആന്റോ പടിഞ്ഞാറേക്കര പറഞ്ഞു. പാലാ ഗ്രീന്‍ ടൂറിസം അമിനിറ്റി സെന്റെര്‍ പ്രവര്‍ത്തനം ആരംഭിക്കുന്നതിന് ആവശ്യമായ ഇടപെടല്‍ ഉണ്ടാവണമെന്ന് ടൂറിസം വകുപ്പ് മന്ത്രിയോട് അഭ്യര്‍ത്ഥിച്ചിട്ടുള്ളതായി ജോസ്.കെ.മാണി എം.പി പറഞ്ഞു.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.