Sections

രാഷ്ട്രീയ പരസ്യങ്ങൾക്കുള്ള നിരോധനത്തിൽ അയവ് വരുത്താനൊരുങ്ങി ട്വിറ്റർ

Wednesday, Jan 04, 2023
Reported By admin
twitter

2019 ലാണ് ട്വിറ്റർ രാഷ്ട്രീയ പരസ്യങ്ങൾക്ക് നിരോധനം ഏർപ്പെടുത്തിയത്


രാഷ്ട്രീയ പരസ്യങ്ങൾക്കുള്ള നിരോധനത്തിൽ അയവ് വരുത്തുമെന്ന് ട്വിറ്റർ. സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമിൽ അനുവദനീയമായ രാഷ്ട്രീയ പരസ്യങ്ങളുടെ പട്ടിക വിപുലീകരിക്കുമെന്ന് കമ്പനി അറിയിച്ചു. വരുമാനം വർദ്ധിപ്പിക്കാൻ ശ്രമിക്കുന്നതിന്റെ ഭാഗമായാണ് ഇലോൺ മാസ്കിന്റെ ഉടമസ്ഥതയിലുള്ള ട്വിറ്റർ രാഷ്ട്രീയ പരസ്യങ്ങൾക്കുള്ള നിരോധനം മാറ്റാൻ ഒരുങ്ങുന്നത്.

2019 ലാണ് ട്വിറ്റർ രാഷ്ട്രീയ പരസ്യങ്ങൾക്ക് നിരോധനം ഏർപ്പെടുത്തിയത്. ഫേസ്ബുക്ക് ഉൾപ്പടെയുള്ള മറ്റ് സോഷ്യൽ മീഡിയ കമ്പനികളും ഈ തീരുമാനം കൈകൊണ്ടിരുന്നു, തിരഞ്ഞെടുപ്പ് വേളയിൽ തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കാൻ അനുവദിച്ചതിന് ട്വിറ്റർ വ്യാപകമായ വിമർശനം നേരിട്ടിരുന്നു. തുടർന്നാണ് രാഷ്ട്രീയവുമായി ബന്ധപ്പെട്ട പരസ്യങ്ങളും ഇത് നിയന്ത്രിച്ചത്.

ഒക്ടോബർ അവസാനത്തോടെ ടെസ്ല സിഇഒ ഇലോൺ മസ്ക് ട്വിറ്റർ ഏറ്റെടുത്തതിനുശേഷം നിരവധി മാറ്റങ്ങളാണ് ട്വിറ്ററിൽ വരുത്തിയത്. ആയിരക്കണക്കിന് ജീവനക്കാരെ മസ്ക് പിരിച്ചുവിട്ടു. മുൻ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ അക്കൗണ്ട് സൻസ്പെൻഡ് ചെയ്തത് റദ്ദാക്കി. പണമടച്ചുള്ള ബ്ലൂ ടിക്ക് വെരിഫിക്കേഷൻ അവതരിപ്പിച്ചു. എന്നാൽ ഇതിനെല്ലാം മറുപടിയെന്നോണം നിരവധി കോർപ്പറേറ്റ് പരസ്യദാതാക്കൾ ട്വിറ്ററിനെ കൈവിട്ടു. ഇതോടെ വരുമാനത്തിൽ വമ്പൻ ഇടിവാണ് ഉണ്ടായത്.

ട്വിറ്റർ വരുമാനത്തിന്റെ 90 ശതമാനവും ഡിജിറ്റൽ പരസ്യങ്ങൾ വിൽക്കുന്നതിലൂടെയാണ് നേടുന്നത്. ചില കീവേഡുകൾ അടങ്ങിയ ട്വീറ്റുകൾക്ക് മുകളിലോ താഴെയോ പരസ്യങ്ങൾ പ്രത്യക്ഷപ്പെടുന്നത് തടയാൻ കമ്പനികളെ അനുവദിക്കുന്നതിന് ട്വിറ്റർ പുതിയ നിയന്ത്രണങ്ങളും പ്രഖ്യാപിച്ചിരുന്നു. പ്ലാറ്റ്ഫോമിൽ നിന്ന് പരസ്യങ്ങൾ പിൻവലിച്ച പരസ്യദാതാക്കൾക്ക് ഉറപ്പ് നൽകാനും അവരെ ആകർഷിക്കാനുമുള്ള ട്വിറ്ററിന്റെ ശ്രമത്തിന്റെ ഭാഗമായിരുന്നു പുതിയ നിയന്ത്രണങ്ങൾ.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.