- Trending Now:
കൊച്ചി: ഇന്ത്യൻ മോട്ടോർസ്പോർട്സിനെ പ്രോത്സാഹിപ്പിക്കുന്നതിൽ മുൻപന്തിയിലുള്ള ടിവിഎസ് മോട്ടോർ കമ്പനി, ഈ രംഗത്ത് പുതിയ യുഗത്തിന് തുടക്കം കുറിക്കുന്നു. ജൂൺ 6 മുതൽ 8 വരെ ചെന്നൈയിലെ മദ്രാസ് ഇൻറർനാഷണൽ സർക്യൂട്ടിൽ (എംഐസി) നടക്കുന്ന 2025 ഇന്ത്യൻ നാഷണൽ മോട്ടോർസൈക്കിൾ റേസിങ് ചാമ്പ്യൻഷിപ്പിലെ (ഐഎൻഎംആർസി) നാഷണൽ ചാമ്പ്യൻഷിപ്പ് പ്രോ സ്റ്റോക്ക് 200 ക്ലാസിൻറെ ഔദ്യോഗിക റേസ് മെഷീൻ ദാതാക്കളായി ടിവിഎസ് മോട്ടോർ കമ്പനിയെ തിരഞ്ഞെടുത്തു. ഇതിൻറെ ഭാഗമായി ദേശീയ ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കുന്ന സ്വതന്ത്ര റേസർമാർക്ക് പ്രത്യേകമായി റേസ്ട്യൂൺ ചെയ്ത മോട്ടോർസൈക്കിളുകൾ ടിവിഎസ് കമ്പനി ലഭ്യമാക്കും. ഇത്തരത്തിൽ ഇന്ത്യൻ മോട്ടോർസ്പോർട്സിൻറെ ചരിത്രത്തിൽ ആദ്യമായാണ് ഒരു ബ്രാൻഡിനെ നിയോഗിക്കുന്നത്. ടിവിഎസിൻറെ നേതൃത്വവും റേസിങ് മികവിനോടുള്ള പ്രതിബദ്ധതയും വീണ്ടും ഉറപ്പിക്കുന്നതാണ് ഈ തീരുമാനം. ടൂവീലർ റേസിങിനെ കൂടുതൽ ജനകീയവൽക്കരിക്കാനും ഇത് വഴിയൊരുക്കും.
മത്സരം മികവുറ്റതാക്കുന്നതിനും, സ്വതന്ത്ര റേസിങ് ടീമുകളെ പിന്തുണയ്ക്കുന്നതിനുമായാണ് 2025 ഐഎൻഎംആർസിയിൽ നാഷണൽ ചാമ്പ്യൻഷിപ്പ് പ്രോ സ്റ്റോക്ക് 200 കാറ്റഗറി അവതരിപ്പിച്ചത്. ഈ വിഭാഗത്തിൽ മത്സരിക്കുന്ന സ്വതന്ത്ര റേസർമാർക്ക് റേസ്ട്യൂൺഡ് ടിവിഎസ് അപാച്ചെ ജിപി200ആർ മോട്ടോർസൈക്കിളുകൾ ടിവിഎസ് നൽകും. 200 സിസി ക്യൂബിക് ശേഷിയുള്ള ടിവിഎസ് അപാച്ചെ ജിപി200ആർ മോട്ടോർസൈക്കിളുകൾക്ക് 105 കിലോയാണ് ഭാരം. സ്റ്റോക്ക് എഞ്ചിനേക്കാൾ 40% അധികം പരമാവധി പവർ ലഭിക്കും. മണിക്കൂറിൽ 155 കി.മീറ്ററിന് മുകളിലാണ് പരമാവധി വേഗത. കൂടാതെ, സീസണിലുടനീളം ഉയർന്ന പ്രകടനം ഉറപ്പാക്കുന്നതിന് പെട്രോണസ് ടിവിഎസ് റേസിങ് ടീം പൂർണ സാങ്കേതിക പിന്തുണയും മെഷീൻ സർവീസും അറ്റകുറ്റ പണിയും ഉറപ്പാക്കും. ഈ വിഭാഗത്തിൽ പങ്കെടുക്കുന്ന ടീമുകൾക്കും റേസർമാർക്കും വേണ്ടിയുള്ള തിരഞ്ഞെടുപ്പ് പ്രക്രിയ 2025 മെയ് 28ന് മദ്രാസ് ഇൻറർനാഷണൽ സർക്യൂട്ടിൽ സമാപിച്ചിരുന്നു. ആവേശകരമായ പുതിയ വിഭാഗം മത്സരത്തിലേക്ക് ഏഴ് ടീമുകളെയും പന്ത്രണ്ട് റേസർമാരെയുമാണ് തിരഞ്ഞെടുത്തത്.
ലോക മോട്ടോ3യിൽ വൈൽഡ്കാർഡ് എൻട്രിയായി പങ്കെടുക്കുന്ന ആദ്യത്തെ ഇന്ത്യൻ റൈഡറായ കെ.വൈ അഹമ്മദ്, രക്ഷിത് ഡേവ്, ആൽവിൻ സുന്ദർ, സാർഥക് ചവാൻ, ചിരന്ത് വി എന്നിവരാണ് ഐഎൻഎംആർസി 2025 പ്രോ സ്റ്റോക്ക് 300, 400 സിസി ക്ലാസിനായുള്ള പെട്രോണാസ് ടിവിഎസ് റേസിങ് ടീമിലുള്ളത്. മുൻ ദേശീയ ചാമ്പ്യൻ ജഗൻ കുമാറാണ് പരിശീലകൻ.
ഇന്ത്യൻ മോട്ടോർസ്പോർട്ട് ചരിത്രത്തിൽ ദേശീയ ചാമ്പ്യൻഷിപ്പിനായി സ്വതന്ത്ര ടീമുകൾക്ക് റേസ്ട്യൂൺഡ് മെഷീനുകൾ നൽകുന്ന ആദ്യത്തെ ഇരുചക്ര വാഹന നിർമാതാക്കളാകാൻ കഴിഞ്ഞതിൽ ഏറെ അഭിമാനമുണ്ടെന്ന് ടിവിഎസ് മോട്ടോർ കമ്പനി പ്രീമിയം ബിസിനസ് മേധാവി വിമൽ സംബ്ലി പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.