Sections

പരമ്പരാഗത അറിവുകൾ എഐ യുഗത്തിലും നിർണായകം ബിനാലെ ശിൽപശാല

Tuesday, Jan 20, 2026
Reported By Admin
Traditional Knowledge Still Vital in Modern Life: Kochi Biennale

കൊച്ചി: പ്രകൃതിയോട് ഇണങ്ങി ജീവിക്കുന്നതിനെ കുറിച്ചുള്ള പരമ്പരാഗതമായ അറിവുകൾ ആധുനിക യുഗത്തിലും ഏറെ പ്രാധാന്യമർഹിക്കുന്നുവെന്ന് കൊച്ചി ബിനാലെയോട് അനുബന്ധിച്ചു നടന്ന ചർച്ച അഭിപ്രായപ്പെട്ടു. ഏഷ്യയിലെ വിവിധ സ്ഥലങ്ങളിലെ മനുഷ്യരുടെ ജീവിതം, അവരുടെ യാത്രകൾ, അറിവുകൾ എന്നിവയെക്കുറിച്ച് ഗവേഷകരും കലാകാരന്മാരും സംസാരിച്ചു. ഫോർട്ട് കൊച്ചി ബാസ്റ്റ്യൻ ബംഗ്ലാവിലെ ബിനാലെ പവലിയനിലായിരുന്നു പരിപാടി.

സാറ സ്നൈഡർമാൻ, ധ്രുഭജിത് ശർമ്മ, സോം സുപാപരിണ്യ, രുചിക നേഗി, അമിത് മഹന്തി, ബാസിക് ത്ലാന എന്നിവരാണ് ഈ ചർച്ചയിൽ പങ്കെടുത്തത്. നാം ഓരോരുത്തരും നമ്മുടെ അറിവുകൾ മറ്റുള്ളവർക്ക് പറഞ്ഞു കൊടുക്കാൻ തുടങ്ങുമ്പോഴാണ് അതിനെക്കുറിച്ച് കൂടുതൽ ചിന്തിക്കുന്നതെന്ന് സാറ സ്നൈഡർമാൻ പറഞ്ഞു. വായ്മൊഴിയായി പകർന്നു കിട്ടുന്ന നാടൻ കഥകൾക്കും പാട്ടുകൾക്കും വലിയ ശക്തിയുണ്ടെന്നും എന്നാൽ അവ പുസ്തകങ്ങളായി എഴുതി വെക്കുമ്പോൾ ആ പഴയ സ്വാഭാവികത നഷ്ടപ്പെടാൻ സാധ്യതയുണ്ടെന്നും അവർ ചൂണ്ടിക്കാട്ടി.

രാഷ്ട്രീയ പ്രാധാന്യമുള്ള കലാരചനകളിൽ ഏർപ്പെടുന്നവർ നേരിടുന്ന വെല്ലുവിളികളെക്കുറിച്ച് രുചിക നേഗി സംസാരിച്ചു. തായ്ലൻഡിൽ നിന്നുള്ള സോം സുപാപരിണ്യ അവിടത്തെ പുതിയ വികസന പ്രവർത്തനങ്ങൾ സാധാരണക്കാരുടെ ജീവിതത്തെയും പ്രകൃതിയെയും എങ്ങനെയാണ് ബാധിച്ചതെന്ന് വിവരിച്ചു. പണ്ടുകാലത്ത് വെള്ളപ്പൊക്കത്തെ നേരിട്ടിരുന്ന രീതികൾ ഇപ്പോൾ ആളുകൾ മറന്നുപോയെന്നും പുതിയ അതിരുകൾ വന്നതോടെ പലർക്കും സ്വന്തം നാടുവിടേണ്ടി വരുന്നുവെന്നും അവർ പറഞ്ഞു.

സൊമിയ എന്നത് വെറുമൊരു സ്ഥലപ്പേരല്ല, മറിച്ച് മനുഷ്യരുടെ അതിജീവനത്തിന്റെയും പോരാട്ടത്തിന്റെയും കഥയാണെന്ന് ധ്രുഭജിത് ശർമ്മ, അമിത് മഹന്തി, ബാസിക് ത്ലാന എന്നിവർ ഉൾപ്പെടെ ഈ ചർച്ചയിൽ പങ്കെടുത്തവർ അഭിപ്രായപ്പെട്ടു.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.