Sections

നാല് കളിക്കാരെ നിലനിർത്തി കൊച്ചി ബ്ലൂ സ്‌പൈക്കേഴ്‌സ് താരലേലം ഇന്ന് ബംഗളൂരുവിൽ

Thursday, Dec 07, 2023
Reported By Admin
Kochi Blue Spikers

കൊച്ചി: റൂപേ പ്രൈം വോളിബോൾ ലീഗിന്റെ മൂന്നാം എഡിഷന് മുന്നോടിയായി മുത്തൂറ്റ് പാപ്പച്ചൻ ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള കൊച്ചി ബ്ലൂ സ്പൈക്കേഴ്സ് തങ്ങളുടെ നാല് താരങ്ങളെ നിലനിർത്തി. അറ്റാക്കർമാരായ എറിൻ വർഗ്ഗീസ്, ജോർജ്ജ് ആന്റണി ഓപ്പോസിറ്റ് ജിബിൻ സെബാസ്റ്റിയൻ മിഡിൽ ബ്ലോക്കർ അഭിനവ് ബിഎസ് എന്നിവരെയാണ് നിലനിർത്തിയത്.

പ്രൈം വോളിബോൾ ലീഗിന്റെ ആദ്യ രണ്ട് എഡിഷനുകളിലും കൊച്ചി ബ്ലൂ സ്പൈക്കേഴ്സിന് വേണ്ടി തിളങ്ങിയ പ്രധാന കളിക്കാരനാണ് എറിൻ വർഗ്ഗീസ്. ജോർജ്ജ് ആന്റണിയും ജിബിൻ സെബാസ്റ്റ്യനും കഴിഞ്ഞ സീസൺ മുതലാണ് ടീമിനൊപ്പം ചേർന്നത്. മൂന്നാം എഡിഷനുള്ള ലേലം ഡിസംബർ ഏഴിന് ബംഗളൂരുവിൽ നടക്കും. ഈ വർഷം 550 കളിക്കാരാണ് ലേലത്തിനായി പേര് രജിസ്റ്റർ ചെയ്തിരിക്കുന്നത്. ഫെബ്രുവരി 19ന് ചെന്നൈയിൽ ആരംഭിക്കുന്ന മൂന്നാം എഡിഷൻ മാർച്ച് 22ന് അവസാനിക്കും.

Kochi Blue Spikers Player

കഴിഞ്ഞ എഡിഷനിലെ മികവിന്റെ അടിസ്ഥാനത്തിലാണ് താരങ്ങളെ നിലനിർത്താൻ തീരുമാനിച്ചതെന്ന് കൊച്ചി ബ്ലൂ സ്പൈക്കേഴ്സിന്റെ ഉടമ തോമസ് മുത്തൂറ്റ് അറിയിച്ചു. എല്ലാ മേഖലയിലും കരുത്തുള്ള ഒരു ടീമിനെ വാർത്തെടുക്കുന്നതിനായി ഏറ്റവും മികച്ച കളിക്കാരെ ലേലത്തിൽ വാങ്ങാനാണ് തങ്ങളുദ്ദേശിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. വിദേശ കളിക്കാരുമായുള്ള കരാർ ഉടൻ തന്നെ ഒപ്പ് വയ്ക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.