Sections

കയർമേഖല പുതിയ മാററത്തിന് സജ്ജം-മന്ത്രി പി.രാജീവ്

Wednesday, Oct 11, 2023
Reported By Admin
Coir Sector

ആലപ്പുഴ: വിപണിക്ക് അനുയോജ്യമായ ഉൽപ്പന്നങ്ങൾ കണ്ടെത്തുകയും അതിനനുസരിച്ചുള്ള വില നിശ്ചയിക്കുകയും ചെയ്യുന്നതിലൂടെ കയർമേഖല മാറ്റത്തിന് സജ്ജമായതായി കയർ-വ്യവസായ വകുപ്പ് മന്ത്രി പി.രാജീവ് പറഞ്ഞു. കയർ മേഖലയെ കുറിച്ച് പഠിക്കാൻ നിയോഗിച്ച വിദഗ്ധ സമിതിയുടെഅന്തിമ റിപ്പോർട്ട് ഉടനെ ലഭ്യമാകും. ഇടക്കാല റിപ്പോർട്ട് നടപ്പാക്കി തുടങ്ങിയതായും മന്ത്രി പറഞ്ഞു. കയർ കോർപ്പറേഷനിൽ ആരംഭിക്കുന്ന എക്സ്പോർട്ട് ഡിവിഷൻ, റിസർച്ച് ആൻഡ് പ്രോഡക്ട് ഡിസൈൻ സെന്റർ, ഇന്റർ നാഷണൽ ഡിസ്പ്ലേ സെന്റർ, കയർ പാർക്ക്, എയർ കണ്ടീഷൻഡ് ഓഡിറ്റോറിയം, ട്രയിനിങ് സെന്റർ എന്നിവയുടെ ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കേരളം 100 രൂപ ചെലവഴിക്കുമ്പോൾ നേരത്തെ 52 രൂപ യൂണിയൻ ഗവൺമെൻറ് നൽകുന്നതായിരുന്നു. നമ്മൾ കൊടുക്കുന്നതിന് ആനുപാതികമായ വിഹിതം തിരിച്ചുവരുന്നതാണിത്. എന്നാൽ ഇപ്പോൾ 29 രൂപ മാത്രമാണ് യൂണിയൻ ഗവൺമെൻറ് നൽകുന്നത്. ഇതാണ് കേരളത്തിലെ സാമ്പത്തിക ഞെരുക്കത്തിന് അടിസ്ഥാന കാരണം. ഇത്തരം സാമ്പത്തിക ഞെരുക്കത്തിനിടയിലും ഓണക്കാലത്ത് കയർമേഖലയിൽ സർക്കാർ ചെലവഴിച്ചത് 45 കോടി രൂപയാണ്. ചെറുകിട ഉൽപാദകർക്ക് ആദ്യമായിട്ടാണ് പ്രവർത്തനമൂലധനം അനുവദിച്ചത്. മാനേജീരിയൽ സബ്സിഡിയും നൽകി. ഇവ രണ്ടും അടുത്തവർഷവും നൽകുമെന്ന് മന്ത്രി പറഞ്ഞു. ഫോർമാറ്റിംഗ്സും കയർ കോർപ്പറേഷൻ തമ്മിലുള്ള ലയനം ഈ സാമ്പത്തിക വർഷം അവസാനിക്കും മുമ്പ് തന്നെ പൂർത്തീകരിക്കും. ആലപ്പുഴയുടെ എല്ലാ മേഖലയിലും നല്ല മാറ്റം വന്നിട്ടുണ്ട.് ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ ഒരു കമ്പനി ചേർത്തലയിൽ മെഗാ ഫുഡ് പാർക്ക് ആരംഭിക്കാൻ പോവുകയാണെന്നും മന്ത്രി പി.രാജീവ് പറഞ്ഞു. ഒരു മെഗാ ഫുഡ് പാർക്ക് ഇപ്പോൾ ചേർത്തലയിൽ പ്രവർത്തിക്കുന്നുണ്ട്.

ചെങ്ങന്നൂരിൽ ഈ വർഷം തന്നെ കിൻഫ്രയുടെ റൈസ് പാർക്ക് ആരംഭിക്കും. വ്യവസായ വകുപ്പ് പരമ്പരാഗത വ്യവസായങ്ങളെ കൂടി ഇ-കൊമേഴ്സ് പ്ലാറ്റ്ഫോമിലേക്ക് കൊണ്ടുവന്നിട്ടുണ്ട്. ഇതും കയർമേഖലയ്ക്ക് ഗുണകരമാകും. മാറ്റങ്ങൾ വരുന്നതോടുകൂടി കയർ തൊഴിലാളികളുടെയും ഫാക്ടറി തൊഴിലാളികളുടെയും ജീവിത നിലവാരം ഉയരും. ടൂറിസം മേഖലയുടെ വളർച്ചയും കയർമേഖലയ്ക്ക് ഗുണകരമാകും. മാർച്ചിന് മുമ്പ് തന്നെ കോവളം മുതൽ ചേറ്റുവ വരെയുള്ള ദേശീയ ജലപാത തുറന്നു കൊടുക്കാൻ കഴിയുമെന്നും മന്ത്രി പറഞ്ഞു.

എ.എം.ആരിഫ് എം.പി. അധ്യക്ഷത വഹിച്ച ചടങ്ങിൽ അമ്പലപ്പുഴ എം.എൽ.എ എച്ച്.സലാം പരിശീലനത്തിനായി നൽകുന്ന ഉൽപ്പന്നങ്ങളുടെ ഓർഡർ സ്വീകരിച്ചു. മുനിസിപ്പൽ ചെയർപേഴ്സൺ കെ.കെ.ജയമ്മ, കയർ കോർപ്പറേഷൻ ചെയർമാൻ ജി.വേണുഗോപാൽ, കയർ കോർപ്പറേഷൻ മുൻ ചെയർമാൻ ആർ.നാസർ, കയർഫെഡ് ചെയർമാൻ ടി.കെ.ദേവകുമാർ, കെ.എസ്.സി.എം.എം.സി ചെയർമാൻ എം.എച്ച്.റഷീദ്, കയർ തൊഴിലാളി ക്ഷേമനിധി ബോർഡ് ചെയർമാൻ കെ.കെ.ഗണേശൻ, കയർകോർപ്പറേഷൻ മാനേജിങ് ഡയറക്ടർ ഡോ.പ്രതീഷ് ജി.പണിക്കർ, കെ.ഡി.അനിൽകുമാർ, വി.എം.ഹരിഹരൻ, വി.സി.ഫ്രാൻസിസ്, കെ.എൽ.ബന്നി, പി.വി.ശശീന്ദ്രൻ, മഞ്ജു എന്നിവർ പ്രസംഗിച്ചു.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.