Sections

ടെക്‌നോപാർക്കിന് അഞ്ചാം തവണയും ക്രിസിൽ എ പ്ലസ്/ സ്റ്റേബിൾ റേറ്റിംഗ്

Wednesday, Mar 25, 2026
Reported By Admin
Technopark Secures CRISIL A+ Stable Rating for the Fifth Time, Reinforcing Financial Strength

തിരുവനന്തപുരം: പ്രമുഖ റേറ്റിംഗ് ഏജൻസിയായ ക്രിസിലിൻറെ (ക്രെഡിറ്റ് റേറ്റിംഗ് ഇൻഫർമേഷൻ സർവീസ് ഓഫ് ഇന്ത്യ ലിമിറ്റഡ്) എ പ്ലസ്/സ്റ്റേബിൾ റേറ്റിംഗ് അഞ്ചാം തവണയും സ്വന്തമാക്കി ടെക്നോപാർക്ക്. സാമ്പത്തികവളർച്ചയും പുരോഗതിയും മികവും നിലനിർത്തുന്നതിനാണ് അംഗീകാരം.

ഇന്ത്യയിലെ ആദ്യത്തെ ഐടി പാർക്കായ ടെക്നോപാർക്ക് തുടർച്ചയായ രണ്ട് വർഷം ക്രിസിൽ എ സ്റ്റേബിൾ റേറ്റിംഗ് നിലനിർത്തിയതിനു ശേഷമാണ് 2021 ൽ ആദ്യമായി എ പ്ലസ്/സ്റ്റേബിൾ റേറ്റിംഗ് ലഭിക്കുന്നത്. പിന്നീട് 2024 വരെ തുടർച്ചയായി എ പ്ലസ് സ്റ്റേബിൾ റേറ്റിംഗ് ലഭിച്ചു.

ഇതര സ്ഥാപനങ്ങളുമായി കട ബാധ്യതയില്ലാത്തതും ലാഭകരവുമായ ടെക്നോപാർക്കിൻറെ സാമ്പത്തിക ജാഗ്രതയോടെയുള്ള പ്രവർത്തനം ക്രിസിൽ പരിഗണിച്ചു. മുഴുവൻ ഓഫീസ് സ്ഥലവും പ്രയോജനപ്പെടുത്തിക്കൊണ്ടുള്ള ടെക്നോപാർക്കിൻറെ വിവിധ കാമ്പസുകളുടെ പ്രവർത്തനം, ക്ലയൻറുകളിലെ വൈവിധ്യത്തിലൂടെ ഉറപ്പാക്കുന്ന സാമ്പത്തികസ്ഥിരത, ദീർഘകാല സുസ്ഥിരത നിലനിർത്തിക്കൊണ്ട് സാമ്പത്തിക ബാധ്യതകൾ നിറവേറ്റാനുള്ള കഴിവ് തുടങ്ങിയവയും റേറ്റിംഗിൽ മാനദണ്ഡങ്ങളായി.

ടെക്നോപാർക്കിലെ പ്രവർത്തനം മികച്ച രീതിയിലാണ് മുന്നോട്ടുപോകുന്നത്. പാർക്കിൽ വാടകക്കാരായി പ്രവർത്തിക്കുന്ന മിക്ക കമ്പനികൾക്കും 3-5 വർഷത്തെ ദീർഘകാല കരാറുകൾ, ഓരോ 1-3 വർഷത്തിലും 5-15 ശതമാനം ബിൽറ്റ്-ഇൻ വാടക വർദ്ധനവ്, പുതിയ വാടകക്കാർക്ക് ഉയർന്ന വാടക എന്നിവ വഴി 2026 സാമ്പത്തിക വർഷത്തിൽ 20 ശതമാനം പ്രവർത്തന വരുമാനം വർദ്ധിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

2025 ഡിസംബർ 31 ലെ കണക്കനുസരിച്ച് ടെക്നോപാർക്ക് ഫേസ് ഒന്നിൽ 97 ശതമാനവും ഫേസ് മൂന്നിൽ 100 ശതമാനവും സ്ഥലം പ്രയോജനപ്പെടുത്തി ഓഫീസുകൾ പ്രവർത്തിക്കുന്നുണ്ട്. ഈ കാലയളവിൽ ഫേസ് ഫോറിലെ ഓഫീസ് സ്ഥലത്തിൻറെ ഉപയോഗപ്പെടുത്തൽ 90 ശതമാനമായി ഉയർന്നു. 2024 മാർച്ച് 31 ൽ ഇത് 81 ശതമാനമായിരുന്നു. ഫേസ് അഞ്ചിൽ (ടെക്നോപാർക്ക് കൊല്ലം) 2024 മാർച്ച് 31 ലെ 55 ശതമാനത്തിൽനിന്ന് 62 ശതമാനമായി സ്ഥിതി മെച്ചപ്പെട്ടു. ഇത് ടെക്നോപാർക്കിൻറെ വരുമാന വർധനവിനെയാണ് കാണിക്കുന്നത്.

ടെക്നോപാർക്കിന് വൈവിധ്യമാർന്ന ക്ലയൻറുകളിലായി 500-ലധികം വാടകക്കാരുണ്ട്. 2025 സാമ്പത്തിക വർഷത്തിൽ വാടക വരുമാനത്തിൻറെ 32 ശതമാനം സംഭാവന ചെയ്യുന്നത് മുൻനിരയിലുള്ള 10 വാടകക്കാരാണ്. ലീസ് വാടക ശേഖരണത്തിൽ സ്ഥാപനത്തിന് 35 വർഷത്തിലേറെ ചരിത്രവും നിലവിലുള്ള വാടകക്കാരുമായുള്ള ദീർഘകാല ബന്ധവുമുണ്ടെന്ന് റേറ്റിംഗ് ഏജൻസിയുടെ റിപ്പോർട്ട് പറയുന്നു. അറ്റകുറ്റപ്പണികളിൽ മാനേജ്മെൻറ് മുൻകൈയെടുക്കുന്നു. ഈ സമീപനം വാടകക്കാരെ ആകർഷിക്കാനും കെട്ടിടത്തിൻറെ ഗുണനിലവാരം നിലനിർത്താനും സഹായിക്കുന്നുവെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.

ക്രിസിലിൻറെ എ പ്ലസ്/സ്റ്റേബിൾ റേറ്റിംഗ് നേടാനായത് ടെക്നോപാർക്കിൻറെ സുസ്ഥിരമായ സാമ്പത്തിക മാതൃകയും വളർച്ചയും അടിവരയിടുന്നതാണെന്ന് ടെക്നോപാർക്ക് സിഎഫ്ഒ വിപിൻ കുമാർ പറഞ്ഞു. ടെക്നോപാർക്കിൻറെ മികച്ച സാമ്പത്തിക നിലയും അച്ചടക്കമുള്ള മൂലധന മാനേജ്മെൻറും പ്രയോജനപ്പെടുത്തി ശേഷി വികസനത്തിലൂടെ വളർച്ച വേഗത്തിലാക്കുന്നതിലും ഉയർന്ന ആസ്തി മൂല്യം നേടുന്നതിലുമാണ് ഇപ്പോൾ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. ഇതിനൊപ്പം ടെക്നോസിറ്റി പോലുള്ള വലിയ വികസനം സാധ്യമാക്കുകയും ഭാവിക്ക് അനുയോജ്യമായ ഐടി ആവാസവ്യവസ്ഥയായി ടെക്നോപാർക്കിനെ സ്ഥാപിക്കാനും ലക്ഷ്യമിടുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഈ അംഗീകാരം ടെക്നോപാർക്കിൻറെ പാരമ്പര്യത്തെ സാക്ഷ്യപ്പെടുത്തുന്നതിനൊപ്പം ഭാവിയിൽ ശക്തമായ സാമ്പത്തിക സ്ഥിതി നിലനിർത്തുന്നതിനും സുസ്ഥിരവും കരുത്തുറ്റതുമായ ഐടി ആവാസവ്യവസ്ഥ വാഗ്ദാനം ചെയ്യുന്നതിനുമുള്ള പരിശ്രമത്തിനും പ്രചോദനമാണെന്ന് ടെക്നോപാർക്ക് സിഇഒ സന്ദീപ് കുമാർ ഐഎഎസ് പറഞ്ഞു.

ഗുണനിലവാര മാനേജ്മെൻറിനായി ഇൻറർനാഷണൽ സ്റ്റാൻഡേർഡ്സ് ഓർഗനൈസേഷൻ 9001:2015, ISO 14001:2015, ISO 45001:2018 സർട്ടിഫിക്കേഷനുകൾ ലഭിച്ച ആദ്യത്തെ ടെക്നോളജി പാർക്ക് കൂടിയാണ് ടെക്നോപാർക്ക്. ഐടി, ഐടി അധിഷ്ഠിത മേഖലകളിലായി 500-ലധികം കമ്പനികളും 80,000 ജീവനക്കാരും ടെക്നോപാർക്കിലുണ്ട്.

സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ(സെബി)യിൽ രജിസ്റ്റർ ചെയ്തിട്ടുള്ള റേറ്റിംഗ് ഏജൻസിയാണ് ക്രിസിൽ.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.