Sections

ടാറ്റാ പവറിന് 1262 കോടി രൂപയുടെ അറ്റാദായം

Saturday, Aug 09, 2025
Reported By Admin
Tata Power Posts ₹1262 Cr Profit; Kerala Leads Solar Push

കൊച്ചി: രാജ്യത്തെ ഏറ്റവും വലിയ സംയോജിത വൈദ്യുത കമ്പനിയായ ടാറ്റാ പവർ നടപ്പു സാമ്പത്തിക വർഷത്തിൻറെ ആദ്യ ത്രൈമാസത്തിൽ 1262 കോടി രൂപ അറ്റാദായം കൈവരിച്ചു. വാർഷികാടിസ്ഥാനത്തിൽ ആറു ശതമാനം വർധനവാണിത്. കമ്പനിയുടെ വരുമാനം നാലു ശതമാനം വാർഷിക വളർച്ചയോടെ 17,464 കോടി രൂപയിലും എത്തിയിട്ടുണ്ട്.

തങ്ങളുടെ ബിസിനസിൻറെ എല്ലാ മേഖലകളിലും ശക്തമായ പ്രകടനത്തോടെയാണ് ഈ സാമ്പത്തിക വർഷത്തിനു തുടക്കം കുറിച്ചിരിക്കുന്നതെന്ന് ടാറ്റാ പവർ മാനേജിങ് ഡയറക്ടർ ഡോ. പ്രവീർ സിൻഹ പറഞ്ഞു. പുനരുപയോഗിക്കാവുന്ന ഊർജ്ജത്തിൻറെ കാര്യത്തിൽ പ്രതീക്ഷകളേയും മറികടക്കുന്ന നേട്ടമാണുണ്ടായത്. പുതുമകൾ കണ്ടെത്തൽ, വിപുലീകരണം, ശുദ്ധമായ വൈദ്യുതി ശൃംഖലയുമായി ബന്ധപ്പെട്ട കാര്യക്ഷമത തുടങ്ങിയവ ഈ നേട്ടങ്ങൾക്കു സഹായകമായി. ഉൽപാദനം, പ്രസരണ-വിതരണം എന്നീ മേഖലകളിൽ മികച്ച നേട്ടമാണുണ്ടാക്കിയിട്ടുള്ളത്. 1.3 കോടി ഉപഭോക്താക്കൾക്ക് തങ്ങൾ വിശ്വസനീയമായ വൈദ്യുതി ലഭ്യമാക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

വീടുകളിലെ പുരപ്പുറ സൗരോർജ്ജ പദ്ധതിയുടെ കാര്യത്തിൽ കേരളത്തിൻ വൻ നേട്ടമാണുണ്ടാക്കിയത്. കമ്പനി ദേശവ്യാപകമായി നടത്തിയ ഒരു ലക്ഷം പുരപ്പുറ സോളാർ വിന്യാസങ്ങളിൽ 33,000 എണ്ണം കേരളത്തിൽ നിന്നാണ്. ഇതോടൊപ്പം കായംകുളത്തെ ഫ്ളോട്ടിങ് സൗരോർജ്ജ പദ്ധതി 101.6 മെഗാവാട്ട് പീക്ക് ശേഷിയുമായി ഇന്ത്യയിലെ ഏറ്റവും വലിയതെന്ന സ്ഥാനവും കരസ്ഥമാക്കിയിട്ടുണ്ട്.

കമ്പനിയുടെ പുനരുപയോഗിക്കാവുന്ന വൈദ്യുതി വിഭാഗത്തിലെ സബ്സിഡിയറിയായ ടാറ്റാ പവർ റിന്യൂവബിൾ എനർജി കെഎസ്ഇബിക്കായി എൻഎച്ച്പിസിയിൽ നിന്ന് 120 മെഗാവാട്ടിൻറെ ബാറ്ററി എനർജി സ്റ്റോറേജ് സംവിധാനത്തിനായുള്ള വിൽപന ധാരണയും ഉണ്ടാക്കിയിട്ടുണ്ട്.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.