Sections

സംസ്ഥാനത്തുടനീളം അത്യാധുനിക സപ്ലൈകോ സൂപ്പർമാർക്കറ്റുകൾ ആരംഭിക്കും: മന്ത്രി ജി ആർ അനിൽ

Monday, Mar 27, 2023
Reported By Admin
Supplyco

സ്വകാര്യ കമ്പനികളുടെ ഉത്പ്പന്നങ്ങളും വിലകുറച്ച് സപ്ലൈകോ സൂപ്പർ മാർക്കറ്റുകൾ വഴി വിതരണം ചെയ്യും


വില നിയന്ത്രണ നടപടികളുടെ ഭാഗമായി സംസ്ഥാനത്തുടനീളം അത്യാധുനിക സപ്ലൈകോ സൂപ്പർമാർക്കറ്റുകൾ ആരംഭിക്കുമെന്ന് മന്ത്രി ജി ആർ അനിൽ പറഞ്ഞു. പുത്തൂർ സപ്ലൈക്കോ സൂപ്പർ മാർക്കറ്റിന്റെ നവീകരിച്ച കെട്ടിടത്തിന്റെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം.

പൊതുവിപണിയിലെ നിർണായക ഇടപെടലാണ് സപ്ലൈക്കോയുടെത്. സപ്ലൈകോ ഉത്പ്പന്നങ്ങൾക്ക് പുറമെ വിപണിയിൽ ലഭ്യമായ സ്വകാര്യ കമ്പനികളുടെ ഉത്പ്പന്നങ്ങളും വിലകുറച്ച് സപ്ലൈകോ സൂപ്പർ മാർക്കറ്റുകൾ വഴി വിതരണം ചെയ്യും. 2000 കോടി രൂപയാണ് വില കയറ്റം നിയന്ത്രിക്കാൻ ബജറ്റിൽ വകയിരുത്തിയിരിക്കുന്നത്. സർക്കാർ ജനുവരി 31 വരെ സംഭരിച്ച നെല്ലിന്റെ പണം പൂർണമായും കർഷകർക്ക് നൽകിയെന്നും രണ്ടാം ഘട്ടത്തിൽ സംഭരിക്കുന്ന നെല്ലിന്റെ പണം കാലതാമസം കൂടാതെ നൽകുമെന്നും മന്ത്രി പറഞ്ഞു.

വിലക്കയറ്റം പിടിച്ചു നിർത്തുന്നതിൽ നിർണായക പങ്ക് വഹിക്കുന്ന സ്ഥാപനമാണ് സപ്ലൈകോയെന്ന് അധ്യക്ഷ പ്രസംഗത്തിൽ ധനമന്ത്രി മന്ത്രി കെ എൻ ബാലഗോപാൽ പറഞ്ഞു. രാജ്യത്തെ ഏറ്റവും വിലക്കയറ്റം കുറവുള്ള സംസ്ഥാനങ്ങളിലൊന്നാണ് കേരളം. ഉത്പ്പാദക സംസ്ഥാനങ്ങളെക്കാൾ കുറഞ്ഞ വിലയിൽ അരിയുൾപ്പടെയുള്ള ഭക്ഷ്യ ധാന്യങ്ങൾ സപ്ലൈകോ, മാവേലി സ്റ്റോർ തുടങ്ങിയ സർക്കാർ പൊതുവിതരണ കേന്ദ്രങ്ങൾ വഴി വിതരണം ചെയ്യുന്നുണ്ട്. സാധാരണക്കാർക്ക് ബുദ്ധിമുട്ട് ഉണ്ടാക്കാത്ത മികച്ച പൊതു വിതരണ സമ്പ്രദായമാണ് കേരളത്തിന്റെതെന്നും ധനമന്ത്രി പറഞ്ഞു.

കൊടിക്കുന്നിൽ സുരേഷ് എം പി, സപ്ലൈകോ ചെയർമാൻ ആൻഡ് മാനേജിഗ് ഡയറക് ടർ ശ്രീറാം വെങ്കിട്ടരാമൻ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എ അഭിലാഷ്, നെടുവത്തൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വി കെ ജ്യോതി, ജില്ലാ പഞ്ചായത്ത് അംഗം ജി സുമ ലാൽ, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം ലീലാമ്മ, സപ്ലൈകോ റീജിയണൽ മാനേജർ ജലജ ജി എസ് റാണി, ജനപ്രതിനിധികൾ, വിവിധ രാഷ് ട്രീയ കക്ഷി നേതാക്കൾ തുടങ്ങിയവർ പങ്കെടുത്തു.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.