Sections

കേരളത്തിലെ 12 ലക്ഷം വിദ്യാര്‍ഥികള്‍ക്കു നൂതന സാങ്കേതികവിദ്യകളില്‍ പ്രായോഗിക പരിശീലനം

Monday, Dec 12, 2022
Reported By admin
kerala

ഉന്നതവിദ്യാഭ്യാസ മേഖലയെ വ്യാവസായിക രംഗവുമായി ബന്ധിപ്പിക്കുന്നതിനുള്ള പദ്ധതികള്‍ നടപ്പാക്കണം

 

സംസ്ഥാനത്തെ 12 ലക്ഷം വിദ്യാര്‍ഥികള്‍ക്കു നൂതന സാങ്കേതികവിദ്യകളില്‍ പ്രായോഗിക പരിശീലനം നല്‍കുമെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍. സംസ്ഥാനത്തെ 2000 ഹൈസ്‌കൂളുകളിലെ ലിറ്റില്‍ കൈറ്റ്‌സ് യൂണിറ്റുകളിലൂടെ വിന്യസിക്കുന്ന 9000 റോബോട്ടിക് കിറ്റുകളുടെ പ്രവര്‍ത്തനോദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.

റോബോട്ടിക്‌സ് അടക്കമുള്ള നൂതന സാങ്കേതികവിദ്യകളെ തുറന്ന മനസോടെയാണു സര്‍ക്കാര്‍ സമീപിക്കുന്നതെന്നു മുഖ്യമന്ത്രി പറഞ്ഞു. ലോകം നാലാം വ്യാവസായിക വിപ്ലവ ഘട്ടത്തിലൂടെയാണു കടന്നുപോകുന്നത്. ഇതില്‍ ഏറെ പ്രാധാന്യമുള്ള മേഖലകളാണു നിര്‍മിതബുദ്ധിയും റോബോട്ടിക്‌സും. ഇത്തരം സാങ്കേതിക മുന്നേറ്റങ്ങളെ അടുത്തറിയുന്നതില്‍ കേരളത്തിലെ വിദ്യാര്‍ഥികള്‍ പിന്നിലാകാന്‍ പാടില്ല. ഇതു മുന്‍നിര്‍ത്തിയാണു മാറുന്ന ലോകത്തിനുസരിച്ചു വിദ്യാര്‍ഥികളില്‍ സാങ്കേതിക പരിജ്ഞാനം വര്‍ധിപ്പിക്കാനുള്ള നടപടികള്‍ക്കു സംസ്ഥാന സര്‍ക്കാര്‍ തുടക്കമിടുന്നത്.

ലിറ്റില്‍ കൈറ്റ്‌സ് ക്ലബുകളുടെ ഭാഗമായി സംസ്ഥാനത്തെ 2000 സ്‌കൂളുകളില്‍ വിന്യസിക്കുന്ന 9000 റോബോട്ടിക് യൂണിറ്റുകളിലൂടെ പുത്തന്‍ സാങ്കേതിക മേഖലകളില്‍ പ്രായോഗിക പരിശീലനത്തിനു വിദ്യാര്‍ഥികള്‍ക്ക് അവസരം ലഭിക്കും. പദ്ധതി നടപ്പാക്കുന്നതിനായി അധ്യാപകര്‍ക്കു പ്രത്യേക പരിശീലനം നല്‍കും. ഇവരുടെ നേതൃത്വത്തില്‍ 60,000 കുട്ടികള്‍ക്കു നേരിട്ടു പരിശീലനം നല്‍കും. പരിശീലനം നേടുന്ന കുട്ടികള്‍ മറ്റു കുട്ടികള്‍ക്കു പരിശീലനം നല്‍കും. അങ്ങനെ ആകെ 12 ലക്ഷത്തോളം കുട്ടികള്‍ക്ക് പരിശീലനം നല്‍കാനാണു സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്.

അപകടകരമായ പല ജോലികളില്‍നിന്നും തൊഴിലാളികളെ ഒഴിവാക്കി പകരം റോബോട്ടിക്‌സ് സാങ്കേതികവിദ്യ കൊണ്ടുവരാന്‍ ലോകമാകെ ഗവേഷണം നടക്കുകയാണ്. ഖനികള്‍, ടണലുകള്‍, ദുഷ്‌കരമായ ജലാശയങ്ങള്‍ തുടങ്ങിയിടങ്ങളിലെല്ലാം ഇത്തരത്തിലുള്ള സാങ്കേതികവിദ്യ ഉപയോഗിച്ചുള്ള പഠനവും പ്രവര്‍ത്തനവും നടക്കുന്നുണ്ട്. റോബോട്ടിക്‌സ് സാങ്കേതികവിദ്യയെ മാനവരാശിയുടെ പുരോഗതിക്ക് ഉതകുംവിധം എങ്ങനെ മാറ്റിയെടുക്കാമെന്നു ലോകം ചിന്തിക്കുകയാണ്.

നാലു വര്‍ഷം മുന്‍പു കേരളത്തിലെ ഒരുകൂട്ടം വിദ്യാര്‍ഥികള്‍ മാന്‍ഹോള്‍ വൃത്തിയാക്കുന്നതിനുള്ള പുതിയ സംവിധാനം ഉണ്ടാക്കിയിരുന്നു. ഇന്നു വിവിധ രാജ്യങ്ങള്‍ ആ സാങ്കേതികവിദ്യ സ്വീകരിക്കുകയാണ്. വിദ്യാര്‍ഥികള്‍ക്കിടയില്‍ നൂതന ആശയ സംസ്‌കാരം വളര്‍ത്തിയെടുക്കാന്‍ ലക്ഷ്യമിട്ടുള്ള യങ് ഇന്നൊവേറ്റേഴ്‌സ് പ്രോഗ്രാം സംസ്ഥാനത്തു മികച്ച രീതിയില്‍ നടക്കുന്നുണ്ട്. 2018ല്‍ ആരംഭിച്ച പദ്ധതിയിലൂടെ 17 പേരുടെ നൂതന ആശയങ്ങളെ വിപണി സാധ്യതയുള്ള ഉത്പന്നങ്ങളാക്കി മാറ്റാന്‍ തെരഞ്ഞെടുത്തിട്ടുണ്ട്. ഇത്തരം മത്സരങ്ങളില്‍ വിജയികളാകുന്നവര്‍ക്കു വിവിധ മേഖലകളില്‍ പരിശീലനം നല്‍കുന്നതിനുള്ള നടപടികളും സ്വീകരിച്ചുവരികയാണ്.

കേരളത്തിന്റെ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഹബ്ബാക്കി തിരുവനന്തപുരത്തെ മാറ്റാനുള്ള പദ്ധതി സര്‍ക്കാര്‍ ആവിഷ്‌കരിച്ചുവരികയാണെന്നു മുഖ്യമന്ത്രി പറഞ്ഞു. ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളുടേയും സ്റ്റാര്‍ട്ട്അപ് മിഷന്റെയും നേതൃത്വത്തില്‍ വിപുലമായ പദ്ധതികളാണ് ഇതിനായി നടപ്പാക്കുക. ബൃഹത്തായ സ്റ്റാര്‍ട്ട്അപ് പ്രോത്സാഹന നയവും സര്‍ക്കാര്‍ ആവിഷ്‌കരിച്ചിട്ടുണ്ട്. ഇതു പ്രാവര്‍ത്തികമാക്കുന്നതിനാവശ്യമായ തൊഴില്‍ശക്തി രൂപപ്പെടുത്തണം. ഇതിനായി ഉന്നതവിദ്യാഭ്യാസ മേഖലയെ വ്യാവസായിക രംഗവുമായി ബന്ധിപ്പിക്കുന്നതിനുള്ള പദ്ധതികള്‍ നടപ്പാക്കണം. അതിന് സ്‌കൂള്‍തലം മുതല്‍ ഇടപെടലുകള്‍ ആവശ്യമാണ്. ഇതു തിരിച്ചറിഞ്ഞാണു സ്‌കൂളുകളില്‍ റോബോട്ടിക് കിറ്റുകള്‍ സജ്ജമാക്കുന്ന പദ്ധതിക്കു രൂപംനല്‍കുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു.

ഓരോ വിദ്യാര്‍ഥിയുടേയും വ്യക്തിഗത അഭിരുചി കണ്ടെത്തുകയും അതിന് അനുസൃതമായ സാങ്കേതിക പരിശീലനം നല്‍കുകയുമാണു സര്‍ക്കാര്‍ മുന്നോട്ടുവയ്ക്കുന്ന ആശയമെന്നു ചടങ്ങില്‍ അധ്യക്ഷത വഹിച്ച പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി പറഞ്ഞു. വിനോദ പ്രവര്‍ത്തനങ്ങളിലൂടെ അറിവും കഴിവും വികസിപ്പിക്കുന്നതിനുള്ള നൂതന സാങ്കേതിക പരിശീലനമാണു റോബോട്ടിക് കിറ്റുകള്‍ നല്‍കുന്നതിലൂടെ ലക്ഷ്യവയ്ക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ലോകത്ത് അനുദിനമുണ്ടാകുന്ന സാങ്കേതികമാറ്റങ്ങളെ പ്രയോഗത്തിലൂടെ പരിശീലിപ്പിക്കാനുള്ള പദ്ധതിയുടെ ആദ്യ പടിയാണ് റോബോട്ടിക് കിറ്റുകള്‍ നല്‍കുന്നതിലൂടെ യാഥാര്‍ഥ്യമാകുന്നതെന്നു മുഖ്യ പ്രഭാഷണം നടത്തിയ ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍ പറഞ്ഞു.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.