Sections

സ്റ്റാർ ഹെൽത്തിന് വാർഷികാടിസ്ഥാനത്തിൽ 21 ശതമാനം വളർച്ചയോടെ 518 കോടി രൂപയുടെ അറ്റാദായം

Thursday, Oct 30, 2025
Reported By Admin
Star Health Reports 21% Profit Growth in H1 FY25

കൊച്ചി: സ്റ്റാർ ഹെൽത്ത് നടപ്പു സാമ്പത്തിക വർഷത്തെ ആദ്യ പകുതിയിൽ വാർഷികാടിസ്ഥാനത്തിൽ 21 ശതമാനം വളർച്ചയോടെ 518 കോടി രൂപയുടെ അറ്റാദായം കൈവരിച്ചു. മികച്ച നഷ്ട അനുപാതത്തിൻറെയും മെച്ചപ്പെട്ട പ്രവർത്തനക്ഷമതയുടെയും പിന്തുണയോടെയാണിത്.

രണ്ടാം പാദത്തിൽ കമ്പനി ശക്തമായ വളർച്ച നിലനിർത്തി. നടപ്പു സാമ്പത്തിക വർഷത്തിൻറെ ആദ്യ പകുതിയിൽ 8,809 കോടി രൂപയുടെ ഗ്രോസ് റിട്ടൺ പ്രീമിയം നേടി. ഇത് മുൻവർഷത്തേക്കാൾ 12 ശതമാനം വാർഷിക വളർച്ചയാണ്. പുതിയ റീട്ടെയിൽ പ്രീമിയത്തിൽ ഉണ്ടായ 24 ശതമാനം വർദ്ധനവും, റീട്ടെയിൽ ഹെൽത്തിലെ 98 ശതമാനം പ്രീമിയം പുതുക്കുന്നതിലുള്ള സ്ഥിരതയും കാരണം റീട്ടെയിൽ ഗ്രോസ് റിട്ടൺ പ്രീമിയം 17 ശതമാനം ഉയർന്ന് 8,332 കോടി രൂപയായി. 32 ശതമാനം വിപണി വിഹിതത്തോടെ കമ്പനി ഇന്ത്യയുടെ റീട്ടെയിൽ ഹെൽത്ത് ഇൻഷുറൻസ് മേഖലയിലെ നേതൃത്വം തുടരുന്നു.

നടപ്പു സാമ്പത്തിക വർഷത്തെ ആദ്യ പകുതിയിൽ ഐഎഫ്ആർഎസ് പ്രകാരം 21 ശതമാനം വളർച്ചയോടെ അറ്റാദായം കൈവരിച്ചു. 8.3 ശതമാനം എന്ന മികച്ച നിക്ഷേപ വരുമാനത്തോടൊപ്പം മെച്ചപ്പെട്ട നഷ്ട അനുപാതവും ചെലവ് അനുപാതത്തിലെ കുറവും നേട്ടത്തിന് സഹായകമായെന്ന് മാനേജിംഗ് ഡയറക്ടറും സിഇഒയുമായ ആനന്ദ് റോയ് പറഞ്ഞു.

കമ്പനിയുടെ പോർട്ട്ഫോളിയോ പുനഃക്രമീകരണം ഫലപ്രദമായി തുടരുകയാണ്. നടപ്പു സാമ്പത്തിക വർഷത്തിൻറെ ആദ്യ പകുതിയിൽ നെറ്റ് ഇൻകേർഡ് ക്ലെയിംസ് അനുപാതം 70.6 ശതമാനം ആയപ്പോൾ, കഴിഞ്ഞ വർഷത്തെ അതേ കാലയളവിനെ അപേക്ഷിച്ച് ഇത് 30 ബേസിസ് പോയിൻറ് കുറവാണ്. ശക്തമായ റീട്ടെയിൽ ഘടനയും കൂടുതൽ കാര്യക്ഷമവും ലാഭകരവുമായ ഗ്രൂപ്പ് വിഭാഗമാണ് ഈ നേട്ടത്തിന് കാരണവുമായത്. കമ്പനിയുടെ പതാക വാഹക പദ്ധതികളായ സൂപ്പർ സ്റ്റാർ ആദ്യ വർഷത്തിനുള്ളിൽ തന്നെ 1,250 കോടി രൂപയുടെ പ്രീമിയം നേട്ടം കൈവരിച്ചു. കൂടാതെ കമ്പനി വാർഷിക റീപ്രൈസിംഗ് തന്ത്രം പിന്തുടരുകയാണ്.

വർധിച്ച ഉൽപാദനക്ഷമത, പ്രോസസ് കാര്യക്ഷമത, കൃത്യമായ ചെലവ് നിയന്ത്രണം എന്നിവയിലൂടെ നടപ്പു സാമ്പത്തിക വർഷത്തിൻറെ ആദ്യ പകുതിയിൽ ചെലവ് അനുപാതം 29.7 ശതമാനമായി മെച്ചപ്പെട്ടു. ഒരു വർഷം മുമ്പ് ഇത് 31.1 ശതമാനം ആയിരുന്നു. സംയോജിത അനുപാതം ഐഎഫ്ആർഎസ് അടിസ്ഥാനത്തിൽ 100.3 ശതമാനമായി ഉയർന്നു. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ ഇത് 102.1 ശതമാനമായിരുന്നു. അതേസമയം സോളൻസി അനുപാതം 2.15 മടങ്ങ് എന്ന ശക്തമായ നിലയിൽ തുടർന്നു. ഇത് റെഗുലേറ്ററി ആവശ്യകതകളേക്കാൾ വളരെ കൂടുതലാണ്.

നടപ്പു സാമ്പത്തിക വർഷത്തിൻറെ രണ്ടാം പാദത്തിൽ ചെലവ് അനുപാതം 29.3 ശതമാനമായി മെച്ചപ്പെട്ടു. കഴിഞ്ഞ സാമ്പത്തിക വർഷത്തിലെ ഇതേ കാലയവിൽ ഇത് 31.1 ശതമാനമായിരുന്നു. നഷ്ട അനുപാതം 73.7 ശതമാനമായിരുന്നത് 71.8 ശതമാനമായി ആയി മെച്ചപ്പെട്ടു. സംയോജിത അനുപാതം ഐഎഫ്ആർഎസ് അടിസ്ഥാനത്തിൽ കഴിഞ്ഞ സാമ്പത്തിക വർഷത്തിലെ ഇതേ കാലയവിൽ 104.8 ശതമാനമായിരുന്നത് 101 ശതമാനമായി മെച്ചപ്പെട്ടു.

കമ്പനി സാങ്കേതികവിദ്യാധിഷ്ഠിതമായ ഉപഭോക്തൃ അനുഭവം മെച്ചപ്പെടുത്തുന്നത് തുടരുന്നു. അതിവേഗത്തിലും തടസ്സമില്ലാത്തതുമായ ക്ലെയിം തീർപ്പാക്കാനായി എഐ-സഹായത്തോടെയുള്ള ക്ലെയിംസ് പ്ലാറ്റ്ഫോം നടപ്പിലാക്കി. സ്റ്റാർ ഹെൽത്ത് ആപ്പ് ഇപ്പോൾ 1.2 കോടി ഡൗൺലോഡുകൾ പിന്നിട്ടു.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.