Sections

സ്റ്റാർ ഹെൽത്ത് ഇൻഷുറൻസിന് 911 കോടി രൂപയുടെ അറ്റാദായം

Thursday, Apr 30, 2026
Reported By Admin
Star Health Reports ₹911 Cr Profit in FY26

  • മുൻ വർഷത്തേക്കാൾ 16 ശതമാനം വർദ്ധനവ്

കൊച്ചി: സ്റ്റാർ ഹെൽത്ത് ആൻഡ് അലൈഡ് ഇൻഷുറൻസ് ലിമിറ്റഡ് 2026 സാമ്പത്തിക വർഷത്തിൽ മുൻ വർഷത്തേക്കാൾ 16 ശതമാനം വളർച്ചയോടെ 911 കോടി രൂപയുടെ അറ്റാദായം കൈവരിച്ചു. 2025 സാമ്പത്തിക വർഷത്തിൽ ഇത് 787 കോടി രൂപയായിരുന്നു.

കമ്പനിയുടെ മൊത്തം പ്രീമിയം വരുമാനം വാർഷികാടിസ്ഥാനത്തിൽ 16 ശതമാനം വർദ്ധനവോടെ 20,369 കോടി രൂപയിലെത്തി. റീട്ടെയിൽ ഹെൽത്ത് പ്രീമിയം വാർഷികാടിസ്ഥാനത്തിൽ 20 ശതമാനം വളർച്ചയോടെ 19,341 കോടി രൂപയിലുമെത്തി. രാജ്യത്തെ റീട്ടെയിൽ ഹെൽത്ത് ഇൻഷുറൻസ് മേഖലയിൽ 31 ശതമാനം വിപണി വിഹിതവുമായി സ്റ്റാർ ഹെൽത്ത് നേതൃസ്ഥാനം നിലനിർത്തി.

2025 സാമ്പത്തിക വർഷം 165 കോടി രൂപയുടെ അണ്ടർറൈറ്റിംഗ് നഷ്ടമുണ്ടായിരുന്ന സ്ഥാനത്ത് ഇത്തവണ 206 കോടി രൂപയുടെ ലാഭം കമ്പനി നേടി. കമ്പനിയുടെ പ്രവർത്തനക്ഷമത വ്യക്തമാക്കുന്ന പ്രധാന സൂചികകളിലും വലിയ പുരോഗതി രേഖപ്പെടുത്തിയിട്ടുണ്ട്.

നഷ്ടാനുപാതം മുൻ സാമ്പത്തിക വർഷത്തെ 70.7 ശതമാനത്തിൽ നിന്ന് 68.7 ശതമാനത്തിലേക്ക് താഴ്ന്നു. കമ്പൈൻഡ് റേഷ്യോ 101.1 ശതമാനത്തിൽ നിന്ന് 98.8 ശതമാനത്തിലേക്ക് മെച്ചപ്പെട്ടു. പ്രവർത്തന ചെലവുകൾ 30.4 ശതമാനത്തിൽ നിന്ന് 30.1 ശതമാനത്തിലേക്ക് കുറയ്ക്കാൻ കമ്പനിക്ക് സാധിച്ചു.

2026 സാമ്പത്തിക വർഷത്തിൽ ഏകദേശം 30 ലക്ഷം ക്ലെയിമുകളിലായി 11,900 കോടിയിലധികം രൂപ കമ്പനി വിതരണം ചെയ്തു. ഉപഭോക്താക്കളുടെ സംതൃപ്തി വ്യക്തമാക്കുന്ന നെറ്റ് പ്രൊമോട്ടർ സ്കോർ 54-ൽ നിന്ന് 62-ലേക്ക് ഉയർന്നു. കൂടാതെ 99 ശതമാനം പേഴ്സിസ്റ്റൻസി നിരക്കോടെ പോളിസി പുതുക്കുന്നവരുടെ എണ്ണത്തിലും വലിയ വർദ്ധനവുണ്ടായി.

കമ്പനിയുടെ ഡിജിറ്റൽ ചാനലുകൾ വഴി പുതിയ റീട്ടെയിൽ വിൽപ്പനയുടെ 20 ശതമാനം നടന്നതായി റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. എ.ഐ. അധിഷ്ഠിത ക്ലെയിം പ്രോസസ്സിംഗിലൂടെ 84 ശതമാനം ക്ലെയിമുകളും ക്യാഷ്ലെസ്സ് രീതിയിൽ കൈകാര്യം ചെയ്യാൻ കമ്പനിക്ക് സാധിച്ചു. കമ്പനിയുടെ മൊബൈൽ ആപ്പിന് 1.4 കോടിയിലധികം ഡൗൺലോഡുകളും പ്രതിമാസം 15 ലക്ഷത്തിലധികം സജീവ ഉപയോക്താക്കളുമുണ്ട്.

2026 മാർച്ച് 31ലെ കണക്കനുസരിച്ച് കമ്പനിക്ക് രാജ്യത്തുടനീളം 900ലധികം ഓഫീസുകളും 8.3 ലക്ഷത്തിലധികം ഏജന്റുമാരും 15,000ലധികം നെറ്റ്വർക്ക് ആശുപത്രികളും 18,500-ലധികം ജീവനക്കാരുമടങ്ങുന്ന വിപുലമായ മൾട്ടി ചാനൽ വിതരണ ശൃംഖലയുണ്ട്.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.