Sections

കൊച്ചിയിലെ വിഭവങ്ങളും അറിവും കവർന്ന അധിനിവേശ ചരിത്രം കലാസൃഷ്ടിയാക്കി ഷിറാസ് ബൈജോ കൊച്ചി ബിനാലെയിൽ

Saturday, Feb 28, 2026
Reported By Admin
Shiraz Bayjoo’s Sa Sime Lamer at Kochi Biennale

കൊച്ചി: അധിനിവേശശക്തികളുടെ അധികാരമുറപ്പിക്കലും അറിവും അർഥവും കവർന്നെടുത്തതും പ്രമേയമാക്കിയാണ് മൗറീഷ്യൻ കലാകാരൻ ഷിറാസ് ബൈജോ കൊച്ചി-മുസിരിസ് ബിനാലെയിലെ തന്റെ കലാസൃഷ്ടി തീർത്തിരിക്കുന്നത്. 'സ സിമേ ലമെർ' (Sa Sime Lamer) എന്ന് പേരിട്ടിരിക്കുന്ന അദ്ദേഹത്തിന്റെ ഇൻസ്റ്റാളേഷൻ മൗറീഷ്യൻ ക്രിയോൾ ഭാഷയിൽ 'കടലിലേക്കുള്ള വഴി' എന്നാണ് അർത്ഥമാക്കുന്നത്.

കൊച്ചിയുടെ കൊളോണിയൽ ഭൂതകാലത്തെയും അതിന്റെ ഇന്നത്തെ അവശേഷിപ്പുകളെയും ദൃശ്യവൽക്കരിക്കുകയാണ് ലണ്ടൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഈ കലാകാരൻ ചെയ്തിരിക്കുന്നത്. ഇന്ത്യൻ മഹാസമുദ്രം വഴിയുള്ള വ്യാപാര ബന്ധങ്ങളെയും അധിനിവേശത്തിന്റെ പ്രത്യാഘാതങ്ങളെയും അദ്ദേഹം പുനരാവിഷ്കരിക്കുന്നു. ഡച്ചുകാർ മലബാറിൽ അധികാരം ഉറപ്പിക്കാൻ ശ്രമിച്ചതും ഇവിടുത്തെ വിഭവങ്ങൾ കൊള്ളയടിച്ച് സ്വന്തം നാടിനെ സമ്പന്നമാക്കിയതും കലാരൂപം ചർച്ച ചെയ്യുന്നുണ്ട്.

ഫോർട്ട് കൊച്ചി ആസ്പിൻവാൾ ഹൗസിലെ ഡയറക്ടേഴ്സ് ബംഗ്ലാവിലാണ് കടലിന് അഭിമുഖമായി ഈ സൃഷ്ടി ഒരുക്കിയിരിക്കുന്നത്. സുഗന്ധവ്യഞ്ജന വ്യാപാരത്തിലൂടെയുള്ള ചൂഷണത്തിന്റെ കയ്പ്പേറിയ യാഥാർത്ഥ്യങ്ങളെ സൗമ്യമായ ദൃശ്യഭാഷയിലൂടെ അവതരിപ്പിക്കാനാണ് ഷിറാസ് ശ്രമിക്കുന്നത്.

ബ്രിട്ടൻ തങ്ങളുടെ അധിനിവേശ ചരിത്രത്തെക്കുറിച്ച് പുലർത്തുന്ന നിശബ്ദതയും, ഇന്ത്യൻ മഹാസമുദ്ര മേഖലയിലെ കുടിയേറ്റങ്ങളുടെയും നിർബന്ധിത തൊഴിലിന്റെയും ചരിത്രവുമാണ് കഴിഞ്ഞ 20 വർഷമായി തന്റെ കലയെ നയിക്കുന്നതെന്ന് ഷിറാസ് പറയുന്നു. അടിച്ചമർത്തലുകൾക്കെതിരെയുള്ള പ്രതിരോധത്തിന്റെ ഭാഷയായാണ് അദ്ദേഹം ഇന്ത്യൻ മഹാസമുദ്രത്തിലെ ക്രിയോളിനെ കാണുന്നത്. വ്യത്യസ്ത വലിപ്പത്തിലുള്ള ഒൻപത് മഹാഗണി തൂണുകളാണ് കലാപ്രതിഷ്ഠയുടെ പ്രധാന ആകർഷണം. സാമ്രാജ്യത്വ മോഹങ്ങളുടെ പ്രതീകമായി തോക്കേന്തി നിൽക്കുന്ന ഡച്ച് സൈനികരുടെ സെറാമിക് രൂപങ്ങൾ ഇതിൽ കാണാം. കുരുമുളക്, ജാതിക്ക എന്നിവയുടെ ടെറാക്കോട്ട ശില്പങ്ങളും, നാളികേരം, ചകിരി, കയർ തുടങ്ങിയവയും ഉപയോഗിച്ച് പണ്ടത്തെ വ്യാപാരത്തെയും ഈ മണ്ണിന്റെ പ്രകൃതിദത്തമായ സമ്പത്തിനെയും അദ്ദേഹം ആവിഷ്കരിച്ചിട്ടുണ്ട്.

സുഗന്ധവ്യഞ്ജനങ്ങൾ മാത്രമല്ല, കേരളത്തിലെ സസ്യസമ്പത്തിനെക്കുറിച്ചുള്ള അറിവും അധിനിവേശ ശക്തികൾ കവർന്നെടുത്തിട്ടുണ്ടെന്ന് ഷിറാസ് ചൂണ്ടിക്കാണിക്കുന്നു. കൊച്ചിയിലെ 'ഓടത' എന്നറിയപ്പെടുന്ന ഡച്ച് ഗാർഡന്റെയും പ്രശസ്തമായ 'ഹോർത്തൂസ് മലബാറിക്കൂസ്' എന്ന ഗ്രന്ഥത്തിന്റെയും പശ്ചാത്തലം ഇതിനുണ്ട്. പ്രാദേശിക ചികിത്സകരുടെ അറിവ് ഉപയോഗപ്പെടുത്തി നിർമ്മിച്ച ഇത്തരം ഗ്രന്ഥങ്ങളുടെ ചരിത്രം അദ്ദേഹം തന്റെ സൃഷ്ടിയിൽ ഉൾക്കൊള്ളിച്ചിരിക്കുന്നു.

കലാപ്രതിഷ്ഠയിലെ നീല നിറത്തിലുള്ള കൈത്തറി തുണികളിൽ മനോഹരമായ തുന്നൽ പണികൾ കാണാം. പതിനാറാം നൂറ്റാണ്ടിൽ ക്രിസ്റ്റോബൽ അക്കോസ്റ്റ പ്രസിദ്ധീകരിച്ച ഗ്രന്ഥത്തിലെ ചിത്രങ്ങളെ ആസ്പദമാക്കി തയ്യാറാക്കിയ ഈ എംബ്രോയ്ഡറികൾ കൊച്ചിയിലെ സ്ത്രീകളാണ് നിർമ്മിച്ചത്. പോർച്ചുഗീസ് മിഷനറികളിൽ നിന്ന് പകർന്നു കിട്ടിയ വൈദഗ്ധ്യം ഇന്നും നിലനിർത്തുന്ന ഫോർട്ട്കൊച്ചിയിലെ അവസാന തലമുറയിലെ സ്ത്രീകളാണ് ഇതൊരുക്കിയത്.

മാവേലിക്കര ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ വിളക്കിന്റെ ചുവട്ടിലുള്ള ഡച്ച് സൈനികരുടെ രൂപങ്ങളിൽ നിന്നാണ് ഷിറാസ് തന്റെ ശില്പങ്ങൾക്കുള്ള പ്രചോദനം ഉൾക്കൊണ്ടത്. വിഭവങ്ങളും സംസ്കാരവും അറിവും നമ്മുടെ മണ്ണിൽ നിന്ന് കപ്പൽ കയറിപ്പോയതിന്റെ ചരിത്രസാക്ഷ്യമാണ് 'സ സിമേ ലമെർ' എന്ന കലാസൃഷ്ടി.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.