Sections

മ്യൂച്വൽ ഫണ്ടിലെ വനിതകളുടെ നിക്ഷേപത്തിൽ ഗണ്യമായ വർധനവ്

Wednesday, Mar 13, 2024
Reported By Admin
AMFI

കൊച്ചി: രാജ്യത്തെ മ്യൂച്വൽ ഫണ്ട് നിക്ഷേപങ്ങളിൽ വനിതകളുടെ പങ്ക് 2017-ലെ 15.2 ശതമാനത്തിൽ നിന്ന് 2023-ൽ 20.9 ശതമാനമായി ഉയർന്നതായി അസോസ്സിയേഷൻ ഓഫ് മ്യൂച്വൽ ഫണ്ട്സ് ഇൻ ഇന്ത്യയുടെ (എഎംഎഫ്ഐ) ഡാറ്റ ഉപയോഗിച്ച് ക്രിസിൽ തയ്യാറാക്കിയ റിപ്പോർട്ട് വെളിപ്പെടുത്തുന്നു. സാമ്പത്തിക കാര്യങ്ങളിൽ തീരുമാനമെടുക്കുന്ന രീതിയിലെ വനിതകളുടെ ശാക്തീകരണം, ഓഹരി വിപണിയിലെ അവസരങ്ങൾ പ്രയോജനപ്പെടുത്താനുള്ള അവരുടെ കൂടിയ താൽപര്യം എന്നിവ ഇവിടെ ദൃശ്യമാണ്.

മ്യൂച്വൽ ഫണ്ടുകളിലെ നിക്ഷേപം 50 ലക്ഷം കോടി രൂപ കടന്നപ്പോൾ വനിതകളുടെ സാന്നിധ്യവും ഗണ്യമായി വർധിക്കുന്നുണ്ട്. ബി-30 വിഭാഗത്തിൽ പെട്ട പട്ടണങ്ങളിൽ വനിതാ നിക്ഷേപകരുടെ പങ്കാളിത്തം 15 ശതമാനത്തിൽ നിന്ന് 18 ശതമാനമായും അവരുടെ ആസ്തികൾ 17 ശതമാനത്തിൽ നിന്ന് 28 ശതമാനമായും ഉയർന്നിട്ടുണ്ട്. വനിതാ നിക്ഷേപകരിൽ പകുതിയോളവും 25-44 വയസിനിടയിലുള്ളവരാണ്. വനിതാ നിക്ഷേപകർ 40 ശതമാനമുള്ള ഗോവയാണ് ഇക്കാര്യത്തിൽ മുന്നിൽ. 30 ശതമാനവുമായി വടക്കു കിഴക്കൻ മേഖല രണ്ടാം സ്ഥാനത്തുമുണ്ട്. മ്യൂച്വൽ ഫണ്ട് രംഗത്തെ വനിതാ ഡിസ്ട്രിബ്യൂട്ടർമാരുടെ എണ്ണത്തിലും വർധനവുണ്ട്. ഒരു ലക്ഷം കോടി രൂപയുടെ ആസ്തികൾ കൈകാര്യം ചെയ്യുന്ന വിധത്തിൽ 42,000 രജിസ്ട്രേഷനുകളാണ് ഇവിടെയുള്ളത്.

പരമ്പരാഗത രീതികളിൽ തുടരാത്ത വനിതാ നിക്ഷേപകർ ഈ രംഗത്ത് വൻ മാറ്റങ്ങൾക്കു വഴി തെളിക്കുമെന്ന് മ്യൂച്വൽ ഗ്രോത്ത് എന്ന പേരിലുള്ള ഈ റിപോർട്ട് പുറത്തിറക്കുന്നതിനെ കുറിച്ചു സംസാരിക്കവെ സെബി ചെയർപേഴ്സൺ മാധബി പുരി ബുച്ച് പറഞ്ഞു.

സാമ്പത്തിക ശാക്തീകരണ രംഗത്തെ വനിതകളുടെ വളർച്ചയാണ് ഈ രംഗത്തെ ഉയർന്ന് വരുന്ന വനിതാ പങ്കാളിത്തം ചൂണ്ടിക്കാട്ടുന്നതെന്ന് എഎംഎഫ്ഐ ചെയർമാൻ നവനീത് മുനോട് പറഞ്ഞു.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.