- Trending Now:
കൊച്ചി: ഫ്യൂച്ചർറെഡി എന്ന പുതിയ കാഴ്ചപ്പാടോടെ 2030നകം ഇന്ത്യയിൽ ഏഴ് മോഡലുകളുള്ള പോർട്ട്ഫോളിയോ അവതരിപ്പിക്കുമെന്ന് റെനോ ഗ്രൂപ്പ് സിഇഒ ഫ്രാങ്കോയിസ് പ്രൊവോസ്റ്റ് അറിയിച്ചു. ഒരാഴ്ചത്തെ ഔദ്യോഗിക ഇന്ത്യൻ സന്ദർശനം പൂർത്തിയാക്കി മടങ്ങവെയാണ് പ്രഖ്യാപനം. നിലവിൽ റെനോയുടെ വിപണികളിൽ ആകെ വളർച്ചാ സാധ്യതയുടെ മൂന്നിലൊന്നും ഇന്ത്യയിലാണ്.
ഇന്ത്യയെ സാങ്കേതിക മികവിന്റെ കേന്ദ്രമായും ഒരു പ്രധാന കയറ്റുമതി കേന്ദ്രമായും മാറ്റാൻ ഒരുങ്ങുകയാണ്. 'ഫ്യൂച്ചർറെഡി'യിലൂടെ ആഗോള വളർച്ചയുടെ പുതിയ തലത്തിലേക്ക് റെനോ കടക്കുമ്പോൾ അതിന്റെ ഹൃദയഭാഗത്ത് ഇന്ത്യ ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. 2030ഓടെ വാഹനങ്ങൾ, ആർ&ഡി, ഘടകങ്ങൾ എന്നിവ ഉൾപ്പെടുത്തി പ്രതിവർഷം രണ്ട് ബില്യൺ യൂറോയുടെ കയറ്റുമതി വരുമാനം നേടാനാണ് ഗ്രൂപ്പ് ലക്ഷ്യമിടുന്നത്.
2030ഓടെ ഇന്ത്യയിൽ കോംപാക്റ്റ് കാറുകളിൽ നിന്ന് വലിയ എസ്യുവികൾ വരെ ഉൾപ്പെടുന്ന ഏഴ് മോഡലുകളുള്ള പോർട്ട്ഫോളിയോ അവതരിപ്പിക്കാനാണ് ലക്ഷ്യമിടുന്നത്. സ്ട്രോങ്ങ് ഹൈബ്രിഡ് മുതൽ പൂർണ്ണമായും വൈദ്യുതിയിൽ ഓടുന്ന ഇലക്ട്രിക് വാഹനങ്ങൾ വരെ റെനോ ഇന്ത്യയിൽ അവതരിപ്പിക്കും.
2026 ജനുവരിയിൽ പുറത്തിറക്കിയ പുതിയ 'റെനോ ഡസ്റ്റർ' ഇതിനോടകം ഇന്ത്യൻ ഉപഭോക്താക്കൾക്കിടയിൽ വലിയ തരംഗം സൃഷ്ടിച്ചിട്ടുണ്ട്. ഇതിന് പിന്നാലെ ഫ്യൂച്ചർറെഡി പദ്ധതിയുടെ ഭാഗമായി 'ബ്രിഡ്ജർ കൺസെപ്റ്റ്' എന്ന പുതിയ മോഡലും കമ്പനി അവതരിപ്പിച്ചു. ബി-സെഗ്മെന്റിൽ ഉൾപ്പെടുന്ന ഈ കോംപാക്ട് എസ്യുവി, ഇലക്ട്രിക് പതിപ്പ് ഉൾപ്പെടെ വിവിധ ഇന്ധനങ്ങളിൽ പ്രവർത്തിക്കുന്ന ഒരു 'മൾട്ടി-എനർജി' വാഹനമായിരിക്കും.
ആകർഷകമായ രൂപകൽപ്പന, വാഹനത്തിനുള്ളിലെ അത്യാധുനിക സാങ്കേതികവിദ്യകൾ, ഇലക്ട്രിക് എഞ്ചിനുകൾ എന്നിവയ്ക്ക് മുൻഗണന നൽകുന്ന ഉപഭോക്താക്കളുടെ ഒരു വലിയ നിരയെ സൃഷ്ടിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്. അത്യാധുനിക സാങ്കേതികവിദ്യകൾ വാഹനങ്ങളുടെ ഓൺബോർഡ് സിസ്റ്റങ്ങളിലും എഞ്ചിൻ സംവിധാനങ്ങളിലും ഉൾപ്പെടുത്തിക്കൊണ്ട് കൂടുതൽ മൂല്യമുള്ള ഉൽപ്പന്നങ്ങൾ നൽകുന്ന ഒരു രീതിയാണ് റെനോ കമ്പനി സ്വീകരിക്കുന്നത്.
ഏഴ് വാഹനങ്ങൾ ആർജിഇപി, ആർജിഎംപി എന്നീ രണ്ട് അനുബന്ധ പ്ലാറ്റ്ഫോമുകളെ അടിസ്ഥാനമാക്കിയുള്ളതായിരിക്കും. ആദ്യമായി ഇന്ത്യൻ വിപണിയിൽ അവതരിപ്പിക്കുന്ന ഈ രണ്ട് പ്ലാറ്റ്ഫോമുകളും 'മൾട്ടി-എനർജി' സമീപനത്തോടെയാണ് രൂപകൽപ്പന ചെയ്തിരിക്കുന്നത്. ഉപഭോക്തൃ ആവശ്യങ്ങൾ അനുസരിച്ച് ഇന്റേണൽ കംബഷൻ എൻജിനുകൾ, ഹൈബ്രിഡ് സംവിധാനങ്ങൾ, പൂർണ്ണമായും ഇലക്ട്രിക് ആയ എഞ്ചിനുകൾ വരെയുള്ള വിവിധ ഓപ്ഷനുകൾ ഇവ വഴി നൽകാൻ സാധിക്കും.
ഇന്ത്യൻ വിപണിയിൽ തങ്ങളുടെ സ്ഥാനം ഉറപ്പിക്കുന്നതിനായി ഉപഭോക്താക്കൾക്ക് കൂടുതൽ മികച്ച സേവനങ്ങൾ നൽകാനായി അവതരിപ്പിച്ച 'റെനോ ഫോറെവർ' എന്ന പദ്ധതിയിലൂടെ വിശ്വസ്തതയിലും സേവന നിലവാരത്തിലും അധിഷ്ഠിതമായ ദീർഘകാല ബന്ധമാണ് കമ്പനി ലക്ഷ്യമിടുന്നത്. ഉപഭോക്തൃ അനുഭവം കൂടുതൽ ലളിതമാക്കുന്നതിനൊപ്പം ഗുണമേന്മയുള്ള സേവനം ഉറപ്പാക്കാനും ഇത് സഹായിക്കും. ഈ പദ്ധതിയുടെ ഭാഗമായി ഇന്ത്യൻ ഉപഭോക്താക്കൾക്ക് തങ്ങളുടെ വാഹനങ്ങൾക്ക് 7 വർഷത്തെ വാറന്റി ആനുകൂല്യം ലഭിക്കും.
വാഹന നിർമ്മാണ രംഗത്ത് ഇന്ത്യയിലെ തങ്ങളുടെ സ്വാധീനം വർദ്ധിപ്പിക്കുന്നതിന്റെ ഭാഗമായി ചെന്നൈയിലെ നിർമ്മാണ യൂണിറ്റിന്റെ പൂർണ്ണ ഉടമസ്ഥാവകാശം റെനോ ഗ്രൂപ്പ് ഏറ്റെടുത്തു. ഇതോടെ വാഹനങ്ങളുടെ നിർമ്മാണത്തിൽ പ്രാദേശിക ഘടകങ്ങളുടെ ഉപയോഗം വർദ്ധിപ്പിക്കാനും അനുബന്ധ ഘടകങ്ങൾ വിതരണം ചെയ്യുന്നവരുമായി കൂടുതൽ ബന്ധം സ്ഥാപിക്കാനും കമ്പനിക്ക് സാധിക്കും. ഇന്ത്യയിലെ കുറഞ്ഞ നിർമ്മാണച്ചെലവും വിഭവലഭ്യതയും പ്രയോജനപ്പെടുത്തിക്കൊണ്ട് ഈ പ്ലാന്റിനെ റെനോയുടെ ആഗോള കയറ്റുമതി കേന്ദ്രമാക്കി മാറ്റാനാണ് പദ്ധതി. ഇന്ത്യയിൽ നിർമ്മിക്കുന്ന വാഹനങ്ങളും ഘടകങ്ങളും ലോകത്തെ മറ്റ് റെനോ വിപണികളിലേക്ക്, പ്രത്യേകിച്ച് ലാറ്റിനമേരിക്കൻ രാജ്യങ്ങളിലേക്ക് വലിയ തോതിൽ കയറ്റുമതി ചെയ്യും. അടുത്ത ഒരു ദശകത്തിൽ കമ്പനിയുടെ വളർച്ചയിലും മത്സരക്ഷമതയിലും ഇന്ത്യ നിർണായക പങ്ക് വഹിക്കും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.