Sections

ക്രിസ്തുമസ്- ന്യൂ ഇയർ ബംമ്പർ 2023-24; സ്വപ്ന സൗഭാഗ്യത്തിന്റെ വിൽപ്പന റെക്കോർഡിലേയ്ക്ക്

Tuesday, Jan 09, 2024
Reported By Admin
Xmas New Year Bumper

സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ ട്വന്റി 20 സമ്മാനഘടനയുള്ള 2023-24 ലെ  ക്രിസ്തുമസ്- ന്യൂ ഇയർ ബമ്പർ വിൽപ്പന റെക്കോർഡിലേയ്ക്ക്. ഭാഗ്യത്തെ സ്വപ്നം കാണുന്നവർക്ക് ഈ വർഷം ജനുവരി 24 ഉച്ചയ്ക്ക് രണ്ടു മണി സൗഭാഗ്യത്തിന്റെ പുത്തനുണർവ്വാണ് സമ്മാനിക്കുന്നത്. നാളെയുടെ സ്വപ്നം സാക്ഷാത്ക്കരിക്കാൻ പൊതുജനങ്ങൾ വിപണിയിലെത്തിയ ടിക്കറ്റ് സ്വന്തമാക്കിയതിലൂടെ ലോട്ടറി വകുപ്പിനും സ്വപ്ന സാഫല്യം. മുൻ വർഷത്തെക്കാൾ ഏഴര ലക്ഷം അധികം ടിക്കറ്റുകളാണ് ഇന്നലെ (08.01.2024) വൈകുന്നേരം വരെയുള്ള കണക്കനുസരിച്ച് വിറ്റുപോയത്. 

ഇരുപത്തേഴു ലക്ഷത്തിനാൽപ്പതിനായിരത്തി എഴുനൂറ്റയമ്പതു (27,40,750) ടിക്കറ്റുകൾ ഇതിനോടകം പൊതുജനങ്ങളിലേയ്ക്ക് എത്തിക്കഴിഞ്ഞു. രണ്ടു ലക്ഷത്തി അൻപത്തൊമ്പതിനായിരത്തി ഇരുന്നൂറ്റമ്പതു (2,59,250) ടിക്കറ്റുകൾ മാത്രമാണ് ഇനി വിൽപ്പനയ്ക്കായി ബാക്കിയുള്ളത്. നിലവിൽ ടിക്കറ്റ് വിൽപ്പനയിൽ ഒന്നാം സ്ഥാനം പാലക്കാടിനാണ്. രണ്ടും മൂന്നും സ്ഥാനങ്ങളുമായി എറണാകുളവും തൃശൂരും ഏകദേശം ഒപ്പത്തിനൊപ്പം മുന്നേറുന്നു. 

മുൻ വർഷം 16 കോടി രൂപയായിരുന്ന ഒന്നാം സമ്മാനത്തിന്റെ സ്ഥാനത്ത് ഇക്കുറി പത്തു സീരീസുകളിലെ ടിക്കറ്റുകളിൽ ഒന്നാം സമ്മാനമായി നൽകുന്നത് 20 കോടി രൂപയാണ്. രണ്ടാം സമ്മാനവും 20 കോടി തന്നെ. അത് ഭാഗ്യാന്വേഷികളിലെ 20 പേർക്ക് ഒരു കോടി വീതമെന്ന പ്രത്യേകതയോടു കൂടിയതുമാണ്.  30 പേർക്ക് 10 ലക്ഷം രൂപ വീതം നൽകുന്ന മൂന്നാം സമ്മാനവും (ആകെ മൂന്നു കോടി- ഓരോ സീരീസുകളിലും മൂന്ന് സമ്മാനം), 20 പേർക്ക് 3 ലക്ഷം രൂപ വീതം നൽകുന്ന നാലാം സമ്മാനവും (ആകെ അറുപതു ലക്ഷം- ഓരോ സീരീസുകളിലും രണ്ട് സമ്മാനം), 20 പേർക്ക് 2 ലക്ഷം രൂപ വീതം നൽകുന്ന അഞ്ചാം സമ്മാനവും (ആകെ നാൽപതു ലക്ഷം- ഓരോ സീരീസുകളിലും രണ്ട് സമ്മാനം) മുതൽ അവസാന നാലക്കത്തിന് 400 രൂപ ഉറപ്പാക്കുന്ന സമ്മാനങ്ങളും നിശ്ചയിച്ചിട്ടുണ്ട്. 

മൂന്നു ലക്ഷത്തി എൺപത്തിയെട്ടായിരത്തി എണ്ണൂറ്റി നാൽപതു സമ്മാനങ്ങളായിരുന്നു 2022- 23ലെ ക്രിസ്തുമസ്- ന്യൂ ഇയർ ബമ്പറിന് ഉണ്ടായിരുന്നത്. മുൻ വർഷത്തെക്കാൾ മൂന്നു ലക്ഷത്തി രണ്ടായിരത്തി നാണൂറ്റി അറുപതു സമ്മാനങ്ങളാണ് ഇക്കുറി ക്രിസ്തുമസ്- ന്യൂ ഇയർ ബമ്പറിൽ കൂട്ടിച്ചേർത്തിരിക്കുന്നത്. ഇതോടെ ഇക്കുറിയുള്ളത് ആകെ ആറുലക്ഷത്തി തൊണ്ണൂറ്റൊന്നായിരത്തി മുന്നൂറു സമ്മാനങ്ങൾ.

400 രൂപയാണ് ഒരു ടിക്കറ്റിന് വില നിശ്ചയിച്ചിരിക്കുന്നത്. ഒന്നാം സമ്മാനാർഹമാകുന്ന ടിക്കറ്റിന്റെ മറ്റ് ഒൻപതു സീരീസുകളിലെ അതേ നമ്പരുകൾക്ക് സമാശ്വാസ സമ്മാനമായി ഒരു ലക്ഷം രൂപ വീതം ലഭിക്കും. ഏജന്റുമാർക്ക് ടിക്കറ്റ് വിൽപ്പന അടിസ്ഥാനമാക്കി നറുക്കെടുപ്പിന് ശേഷം ടിക്കറ്റ് ഒന്നിന് ഒരു രൂപ ഇൻസന്റീവ് നൽകും. ഏറ്റവുമധികം ടിക്കറ്റ് വിൽപ്പനയ്ക്കായി ഏടുക്കുന്ന ഏജന്റുമാർക്ക് സ്‌പെഷ്യൽ ഇൻസെന്റീവായി 35000 രൂപയും സെക്കൻഡ്, തേർഡ് ഹയസ്റ്റ് പർച്ചേസർമാർക്ക് യഥാക്രമം 20000 രൂപയും 15000 രൂപയും നൽകും.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.