Sections

ഇന്ത്യൻ രൂപയിൽ വിദേശവ്യാപാരം; വോസ്‌ട്രോ അക്കൗണ്ടുകൾ തുറക്കാൻ ബാങ്കുകൾക്ക് അനുമതി നൽകി ആർബിഐ

Friday, Jul 28, 2023
Reported By admin
bank

കയറ്റുമതിക്കാരെയും ഇറക്കുമതിക്കാരെയും അവരുടെ ആഭ്യന്തര കറൻസി ഉപയോഗിച്ച് വ്യാപാരം നടത്താൻ സഹായിക്കും


ഇന്ത്യൻ രൂപയിൽ വിദേശവ്യാപാരം സുഗമമാക്കുന്നതിനും  ഉഭയകക്ഷി വ്യാപാരം പ്രോത്സാഹിപ്പിക്കുന്നതിന്റെയും ഭാഗമായി 22 രാജ്യങ്ങളിൽ നിന്നുള്ള  വോസ്‌ട്രോ അക്കൗണ്ടുകൾ തുറക്കാൻ അനുമതി നൽകി ആർബിഐ. രാജ്യത്ത് പ്രവർത്തിക്കുന്ന 20 ബാങ്കുകൾക്കാണ് നിർദേശം ലഭിച്ചിരിക്കുന്നത്. വ്യാപാര ഇടപാടുകൾ സുഗമമാക്കുന്നതിന് ഇന്ത്യയിലെ അംഗീകൃത ഡീലർ ബാങ്കുകൾക്ക് വിദേശത്തുള്ള കറസ്പോണ്ടന്റ് ബാങ്കിന്റെ വോസ്‌ട്രോ അക്കൗണ്ടുകൾ തുറക്കാനാകും.

ജൂലൈ 15ന് ആർബിഐയും  യുഎഇ സെൻട്രൽ ബാങ്കും തമ്മിൽ ധാരണാപത്രം ഒപ്പുവച്ചതായി വാണിജ്യ വ്യവസായ സഹമന്ത്രി സോം പ്രകാശ് ലോകസഭയിൽ പറഞ്ഞു. ഇത് കയറ്റുമതിക്കാരെയും ഇറക്കുമതിക്കാരെയും അവരുടെ ആഭ്യന്തര കറൻസി ഉപയോഗിച്ച് വ്യാപാരം നടത്താൻ സഹായിക്കും. 

ബംഗ്ലാദേശ്, ബെലാറസ്, ബോട്‌സ്വാന, ഫിജി, ജർമ്മനി, ഗയാന, ഇസ്രായേൽ, കസാക്കിസ്ഥാൻ, കെനിയ, മലേഷ്യ, മാലിദ്വീപ്, മൗറീഷ്യസ്, മ്യാൻമർ, ന്യൂസിലാൻഡ്, ഒമാൻ, റഷ്യ, സീഷെൽസ്, സിംഗപ്പൂർ, ശ്രീലങ്ക, ടാൻസാനിയ, ഉഗാണ്ട, യുകെ എന്നിവയുൾപ്പെടെ 22 രാജ്യങ്ങളിൽ നിന്നുള്ള ബാങ്കുകളുടെ എസ്ആർവിഎകൾ തുറക്കാൻ ജൂലൈ 23 വരെ ഇന്ത്യയിലെ 20 ബാങ്കുകൾക്ക് ആർബിഐ അനുമതി നൽകിയിട്ടുണ്ട്. 

ഇന്ത്യയുടെ വിദേശ വ്യാപാരനയത്തെ അടിസ്ഥാനമാക്കി, വിദേശ ഇടപാടുകൾക്ക് രൂപ ഉപയോഗിക്കാൻ പ്രോത്സാഹിപ്പിക്കുന്നതാണ് വോസ്ട്രോ അക്കൗണ്ട്. ഇത് വഴി ഇന്ത്യൻ രൂപയ്ക്ക് ആഗോളതലത്തിൽ കൂടുതൽ സ്വീകാര്യത ലഭിക്കും. കൂടാതെ സാമ്പത്തിക ഇടപാടുകൾ നടത്തുമ്പോൾ വിദേശ കറൻസി ഉപയോഗിക്കുമ്പോഴുള്ള ബുദ്ധിമുട്ടുകളും ഒഴിവാക്കാം. ഒരു ആഭ്യന്തര ബാങ്ക്, വിദേശ ബാങ്കിനായി സ്വന്തം കറൻസിയിൽ പേയ്മെന്റ് നടത്തുന്ന രീതിയാണ് വോസ്ട്രോ. അക്കൗണ്ട് വഴി ഇന്ത്യൻ കറൻസിയിൽ അതിർത്തി കടന്നുള്ള വ്യാപാരം സാധ്യമാക്കുകയാണ് ചെയ്യുന്നത്. രൂപയുടെ അന്താരാഷ്ട്ര വ്യാപാരം സാധ്യമാക്കി വിദേശ  വ്യാപാരം മെച്ചപ്പെട്ടതാക്കാൻ 2022 ജൂലായിലാണ് റിസർവ്വ് ബാങ്ക് ഓഫ് ഇന്ത്യ വോസ്ട്രോ അക്കൗണ്ടുകൾക്ക് തുടക്കമിട്ടത്.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.