Sections

കൊച്ചി ബിനാലെ ഫൗണ്ടേഷൻ 'ലെറ്റ്‌സ് ടോക്ക്'; റഹാബ് അലാന പ്രഭാഷണം നടത്തും

Wednesday, Jul 15, 2026
Reported By Admin
Rahab Allana to Deliver Kochi Biennale 'Let's Talk' Lecture

തിരുവനന്തപുരം: കൊച്ചി ബിനാലെ ഫൗണ്ടേഷൻ സംഘടിപ്പിക്കുന്ന 'ലെറ്റ്സ് ടോക്ക്' പ്രഭാഷണപരമ്പരയിൽ അൽകാസി ഫൗണ്ടേഷൻ ഫോർ ദ ആർട്സിലെ ക്യൂറേറ്ററും പ്രസാധകനുമായ റഹാബ് അലാന പങ്കെടുക്കും. കിർലോസ്കറിൻറെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന പരിപാടി ജൂലൈ 15-ന് രാവിലെ 11 മണിക്ക് തിരുവനന്തപുരം കോളേജ് ഓഫ് ഫൈൻ ആർട്സിൽ നടക്കും.

ന്യൂഡൽഹിയിലെ അൽകാസി ഫൗണ്ടേഷനിലേക്ക് അടുത്തിടെ ലഭിച്ച, വിപ്ലവകാരിയും കാർഷിക ശാസ്ത്രജ്ഞനുമായ പാണ്ഡുരംഗ് സദാശിവ് ഖാങ്കോജെ (1884-1967) യുടെ ഇതുവരെ കാണാത്ത ഫോട്ടോഗ്രാഫുകളെ ആസ്പദമാക്കിയാണ് റഹാബ് അലാനയുടെ പ്രഭാഷണം. ചരിത്രരേഖകൾ എന്നതിലുപരി, ഇരുപതാം നൂറ്റാണ്ടിൻറെ തുടക്കത്തിലെ രാഷ്ട്രീയ-സാംസ്കാരിക ചരിത്രങ്ങളിലേക്കും ഫോട്ടോഗ്രാഫുകളുടെ പൊതുജീവിതത്തിലേക്കും ഈ ചിത്രങ്ങൾ വെളിച്ചം വീശുന്നു.

മെക്സിക്കോയിലെ സ്വയം പ്രഖ്യാപിത പ്രവാസം മുതൽ ഏഷ്യ, യൂറോപ്പ്, അമേരിക്ക എന്നിവിടങ്ങളിലൂടെയുള്ള ഖാങ്കോജെയുടെ യാത്രകളെ അനുസ്മരിക്കുന്ന പ്രഭാഷണം കുടിയൊഴിപ്പിക്കൽ, കുടിയേറ്റം, അതിർത്തികൾ താണ്ടിയുള്ള ഫോട്ടോഗ്രാഫുകളുടെ സഞ്ചാരം എന്നിങ്ങനെയുള്ള വിഷയങ്ങളെ അവലോകനം ചെയ്യുന്നു.

അല്ലാനയുടെ അൺഫ്രെയിംഡ് (2023) എന്ന പുസ്തകത്തെ ആസ്പദമാക്കിയുള്ള പ്രഭാഷണം അവഗണിക്കപ്പെട്ട ഈ ചിത്രങ്ങൾ ദക്ഷിണേഷ്യയെയും അതിൻറെ പരസ്പരബന്ധിതമായ ചരിത്രങ്ങളെയും മനസ്സിലാക്കുവാൻ എങ്ങനെ സഹായിക്കുന്നു എന്ന് അന്വേഷിക്കുന്നു.

ന്യൂഡൽഹിയിലെ അൽകാസി ഫൗണ്ടേഷൻ ഫോർ ദ ആർട്സിലെ ക്യൂറേറ്ററും പ്രസാധകനുമാണ് റഹാബ് അലാന. ചാൾസ് വാലസ് ഗ്രാൻറ് ജേതാവും റോയൽ ഏഷ്യാറ്റിക് സൊസൈറ്റി (യുകെ) ഫെലോയും ആയ അദ്ദേഹം ASAP | art (Alternative South Asia Photography | Art) ൻറെ സ്ഥാപകനാണ്. അൺഫ്രെയിംഡ്: ഡിസ്കവറിങ് ഇമേജ് പ്രാക്ടീസസ് ഇൻ സൗത്ത് ഇന്ത്യ (2023), അനദർ ലെൻസ്: ഫോട്ടോഗ്രഫി ആൻഡ് ദി എമർജെൻസ് ഓഫ് ഇമേജ് കൾച്ചർ (2024) ) എന്നീ ഗ്രന്ഥങ്ങളുടെ എഡിറ്ററായ അദ്ദേഹത്തിന് ഫ്രഞ്ച് സർക്കാരിൻറെ ഓഫീസർ ഓഫ് ദി ഓർഡർ ഓഫ് ആർട്സ് ആൻഡ് ലെറ്റേഴ്സ് ബഹുമതിയും ലഭിച്ചിട്ടുണ്ട്.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.