- Trending Now:
കൊച്ചി: കൊച്ചി-മുസിരിസ് ബിനാലെയിൽ ക്വീർ കലാപ്രവർത്തനങ്ങളെ മുൻനിർത്തി 'വൃത്താന്തം: ക്രോണിക്കിൾസ് ഓഫ് പെർപെച്വൽ ബിക്കമിംഗ്' എന്ന ഏകദിന വർക്ക് ഷോപ്പ് സംഘടിപ്പിച്ചു. എബിസി ആർട്ട് റൂമും സഹയാത്രികയും സംയുക്തമായാണ് ഈ പരിപാടി സംഘടിപ്പിച്ചത്.
ട്രാൻസ് ക്യൂറേറ്ററായ ബീ ആണ് ഈ പരമ്പര ക്യൂറേറ്റ് ചെയ്തത്. കലാരംഗത്ത് ഇത്തരം കൂട്ടായ്മകളുടെ കുറവ് പരിഹരിക്കാനും ക്വീർ പ്രാതിനിധ്യം വർദ്ധിപ്പിക്കാനുമാണ് ഉദ്യമം ലക്ഷ്യമിട്ടിട്ടുള്ളത്.
കേന്ദ്രസർക്കാർ ട്രാൻസ്ജെൻഡർ നിയമത്തിൽ വരുത്തിയ പുതിയ ഭേദഗതികൾ വ്യക്തികളുടെ സ്വയം നിർണ്ണയാധികാരത്തിന് വെല്ലുവിളിയാകുന്ന സാഹചര്യത്തിൽ, അതിനെതിരെയുള്ള പ്രതിഷേധ പരിപാടികളും വർക്ക് ഷോപ്പിൽ നടന്നു. കൊച്ചി, എറണാകുളം എന്നിവിടങ്ങളിൽ നിന്നുള്ള കലാകാരൻമാരും ക്വീർ കമ്മ്യൂണിറ്റി അംഗങ്ങളും ഉൾപ്പെടെ നൂറോളം പേർ പങ്കെടുത്ത പ്രതിഷേധ സംഗമത്തിന് എബിസി ആർട്ട് റൂം പിന്തുണ നൽകി.
ഐഡൻറിറ്റി, ലിംഗപദവി, ശരീരം എന്നിവയെ ആസ്പദമാക്കി അഞ്ച് ക്വീർ കലാകാരൻമാർ നയിച്ച വിവിധ സെഷനുകൾ വർക്ക് ഷോപ്പിൻറെ ഭാഗമായിരുന്നു. സെൽഫ് പോർട്രെയ്റ്റ് നിർമ്മാണം, സംഭാഷണങ്ങൾ, സ്വന്തം അനുഭവം പങ്കുവെച്ച എഴുത്തുകൾ തുടങ്ങിയവ ഇതിൽ ഉൾപ്പെട്ടു. കൂടാതെ, ക്വീർ കവികളുടെ സംഗമവും പ്രതിഷേധ പരിപാടികളും വർക്ക് ഷോപ്പിനോട് അനുബന്ധിച്ച് നടന്നു.
ബാസ്റ്റ്യൻ ബംഗ്ലാവിലെ പവലിയനിൽ ലിജി ജെ. പുല്ലാപ്പള്ളി സംവിധാനം ചെയ്ത 'സഞ്ചാരം' എന്ന സിനിമ പ്രദർശിപ്പിച്ചു. 2004-ൽ പുറത്തിറങ്ങിയ ഈ ചിത്രം കേരളത്തിലെ ക്വീർ പ്രസ്ഥാനത്തിലും മലയാള സിനിമയിലും സുപ്രധാനമായ ഒന്നാണ്. വിതരണത്തിലെ തടസ്സങ്ങൾ കാരണം അധികം പ്രദർശിപ്പിക്കപ്പെടാത്ത ഈ ചിത്രം ഡിജിറ്റൈസ് ചെയ്താണ് സംഘാടകർ എത്തിച്ചത്. സംവിധായിക ലിജി ജെ. പുല്ലാപ്പള്ളിയും അശ്വതി ഗോപാലകൃഷ്ണനും തമ്മിൽ നടന്ന ഓൺലൈൻ സംഭാഷണം സിനിമയുടെ പ്രമേയത്തെക്കുറിച്ച് പ്രേക്ഷകർക്ക് കൂടുതൽ അറിവ് നൽകി. യുവ ക്വീർ സംവിധായകൻറെ ഹ്രസ്വചിത്ര പ്രദർശനവും ഓപ്പൺ മൈക്ക് സെഷനും സംഘടിപ്പിച്ചിരുന്നു. സമകാലിക സാംസ്കാരിക ഇടങ്ങളിൽ കലയിലൂടെയുള്ള കൂട്ടായ ആവിഷ്കാരങ്ങൾക്കും ഐക്യദാർഢ്യത്തിനും വലിയ പ്രാധാന്യമുണ്ടെന്നും 'വൃത്താന്തം' ക്യൂറേറ്റ് ചെയ്തത് രാഷ്ട്രീയമായും സർഗ്ഗാത്മകമായും തൃപ്തി നൽകിയെന്നും ബീ അഭിപ്രായപ്പെട്ടു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.