Sections

സോളാർ സമ്പദ്ഘടനയിൽ മാറ്റം ഉണ്ടാക്കും: മന്ത്രി കെ. കൃഷ്ണൻകുട്ടി

Tuesday, Apr 25, 2023
Reported By Admin
Solar Energy

പെരിന്തൽമണ്ണയിൽ പബ്ലിക് ഇ.വി ചാർജിങ് സ്റ്റേഷൻ തുറന്നു


സോളാറുമായി മുന്നോട്ടു പോയാൽ സമ്പദ്ഘടനയിൽ വലിയ മാറ്റം ഉണ്ടാകുമെന്ന് വൈദ്യുതി വകുപ്പ് മന്ത്രി കെ. കൃഷ്ണൻകുട്ടി. അങ്കണവാടികളിൽ മുഴുവൻ സ്വന്തം ചെലവിൽ സോളാർ സ്ഥാപിക്കുകയാണെങ്കിൽ അങ്കണവാടികൾക്ക് വേണ്ട ഇൻഡക്ഷൻ, കുക്കർ തുടങ്ങിയ 50,000 രൂപയുടെ ഉപകരണങ്ങൾ നൽകും. അതിനായി വാർഡ് കൗൺസിലർമാർ തയ്യാറായി മുന്നോട്ടുവരണമെന്നും മന്ത്രി പറഞ്ഞു. ചിറ്റൂർ-തത്തമംഗലം നഗരസഭ ഓഫീസിലെ പി. ലീല സ്മാരക ഓപ്പൺ ഓഡിറ്റോറിയത്തിൽ നടന്ന സർക്കാർ സ്ഥാപനങ്ങളും അനെർട്ടും ഇ.ഇ.എസ്.എൽ. (എനർജി എഫിഷ്യൻസി സർവീസ് ലിമിറ്റഡ്) സംയോജിതമായി നടപ്പാക്കുന്ന പെരിന്തൽമണ്ണ ഉൾപ്പെടെയുള്ള അഞ്ച് പബ്ലിക് ഇ.വി ചാർജിങ് സ്റ്റേഷനുകളുടെ ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.

കുടുംബ ബഡ്ജറ്റിൽ ചെലവ് കുറയ്ക്കുന്ന ഒന്നാണ് വൈദ്യുതി ചാർജിങ് സ്റ്റേഷനെന്നും സോളാർ കൂടി സ്ഥാപിച്ചാൽ ഗ്യാസ്, വൈദ്യുതി ചാർജ് തുടങ്ങിയവയിൽ വലിയ മാറ്റം ഉണ്ടാകുമെന്നും മന്ത്രി പറഞ്ഞു. വൈദ്യുതി വിച്ഛേദനം ഇല്ലാത്ത സംസ്ഥാനം കേരളമാണ്. നിലവിൽ 500 വാട്ട് വൈദ്യുതി ഹൈഡൽ പ്രോജക്ടും സോളാറും ചേർന്ന് ഉത്പാദിപ്പിച്ച് കഴിഞ്ഞു. രണ്ട് കൊല്ലം കൊണ്ട് 2000 മെഗാ വാട്ട് വൈദ്യുതി ഉത്പാദിപ്പിക്കാനുള്ള പദ്ധതികൾ ആവിഷ്കരിച്ചിട്ടുണ്ട്. അതിനായി ഹൈഡൽ പ്രോജക്റ്റിന് വലിയ രീതിയിൽ മുൻഗണന കൊടുത്തിട്ടുണ്ട്.
ലൈഫ് മിഷൻ വീടുകൾക്ക് സോളാർ സ്ഥാപിക്കുന്നുണ്ട്. എല്ലാ ആദിവാസി കോളനികളിലും വൈദ്യുതി എത്തിക്കാനുള്ള പരിപാടി ആസൂത്രണം ചെയ്യുന്നുണ്ട്. അതിനായി 100 കോടി രൂപ ചെലവഴിക്കും. അട്ടപ്പാടിയിലെ കൃഷിയിടങ്ങളിൽ പ്രിസിഷൻ ഫാമിങ് നടത്തുന്നുണ്ടെന്നും കോൾഡ് സ്റ്റോറേജിന്റെ വൈദ്യുതി ചാർജ് മൂന്ന് രൂപയായി കുറച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
പെരിന്തൽമണ്ണയിൽ നടന്ന ചടങ്ങിൽ നഗരസഭ ചെയർമാൻ പി.ഷാജി അധ്യക്ഷത വഹിച്ചു. വൈസ് ചെയർപെഴ്സൺ എ. നസീറ, ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപെഴ്സൺ അഡ്വ. ഷാൻസി, പൊതുമരാമത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ. ഉണ്ണികൃഷ്ണൻ, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ഹനീഫ മുണ്ടുമ്മൽ,കെ.എസ്.ഇ.ബി എഞ്ചിനീയർ പങ്കജാക്ഷൻ, അനർട്ട് ജില്ലാ എഞ്ചിനീയർ ദിൽഷാദ് അഹമ്മദ് ഉള്ളാട്ടിൽ, അസി. പ്രൊജക്ട് എഞ്ചിനീയർ പി.എസ് മിഥുൻ എന്നിവർ സംസാരിച്ചു. നഗരസഭാ ചെയർമാൻ ആദ്യവാഹനത്തിന്റെ ചാർജിങ് നിർവഹിച്ചു.

24 മണിക്കൂറും വാഹനങ്ങൾ ചാർജ് ചെയ്യാവുന്ന വിധത്തിലാണ് അനെർട്ട് മുഖാന്തരം ഇലക്ട്രിക്ക് ചാർജിങ് സ്റ്റേഷൻ സ്ഥാപിച്ചിരിക്കുന്നത്. അനെർട്ടിന്റെ ജില്ലയിലെ ആദ്യത്തെ ഇ.വി ചാർജിങ് സ്റ്റേഷനാണ് ഇത്. 60, 22 കിലോവാട്ട്, ഷാഡമോ എന്നിങ്ങനെ മൂന്ന് ചാർജിങ് ഗണ്ണുകൾ മെഷീനിലുണ്ട്. ടെസ്ല കാറുകളിൽ ഉപയോഗിക്കുന്നതാണ് ഷാഡമോ ഗൺ. ഭാവിയിലെ മാറ്റം കൂടി ഉൾകൊള്ളാൻ ഇതിലൂടെ സാധിക്കും. ഒരേ സമയം രണ്ട് കാറുകൾക്ക് ചാർജ് ചെയ്യാൻ കഴിയും. ഫുൾ ചാർജിങിനു 30 മുതൽ 45 മിനിറ്റ് മതിയാകും. ഒരു യൂണിറ്റിന് 13 രൂപയും ജി.എസ്.ടിയും നൽകണം. പ്ലേ സ്റ്റോറിൽ ലഭിക്കുന്ന Electreefi എന്ന ആപ്പിലൂടെ പണമടക്കാം. ചാർജിങ് നിയന്ത്രിക്കുന്നത് ആപ്പ് വഴി ആയതിനാൽ ജീവനക്കാരുടെ ആവശ്യമില്ല എന്നതും ഇതിന്റെ പ്രത്യേകതയാണ്. ജില്ലയിലെ ഇലക്ട്രിക്ക് വാഹന ഉപഭോക്താക്കൾക്കും ദീർഘദൂര യാത്രക്കാർക്കും അനെർട്ടിന്റെ പൊതു ചാർജിങ് സ്റ്റേഷൻ ഗുണകരമാകും. പൊതു ചാർജിങ് സ്റ്റേഷനുകൾ സ്ഥാപിക്കുന്നതിലൂടെ ഇലക്ട്രിക്ക് വാഹനങ്ങളുടെ ഉപയോഗം പ്രോത്സാഹിപ്പിക്കുന്നതിനുള്ള പദ്ധതി കൂടുതൽ ഇടങ്ങളിലേക്ക് വ്യാപിപ്പിക്കുന്നതിനുള്ള നടപടികൾ അനെർട്ടിന്റെ നേതൃത്വത്തിൽ പുരോഗമിച്ചുവരികയാണ്.

കൃഷ്ണപുരത്ത് ഇലക്ട്രിക്ക് വെഹിക്കിൾ ചാർജിങ് സ്റ്റേഷൻ ഉദ്ഘാടനം ചെയ്തു


ഇലക്ട്രിക് കാറുകളുടെ ദീർഘദൂര യാത്രകൾക്ക് ഫാസ്റ്റ് ചാർജിങ്ങ് സ്റ്റേഷൻ ശ്യംഖല തീർക്കുന്നതിന്റെ ഭാഗമായി കായംകുളം കൃഷ്ണപുരം കെ.ടി.ഡി.സി അഹാർ റെസ്റ്റോറന്റിൽ സ്ഥാപിച്ച ഇലക്ട്രിക്ക് വെഹിക്കിൾ ചാർജിങ് സ്റ്റേഷന്റെ ഉദ്ഘാടനം വൈദ്യുതി മന്ത്രി കെ.കൃഷ്ണൻകുട്ടി  ഓൺലൈനായി നിർവഹിച്ചു. ആദ്യ ഇലക്ട്രിക്ക് വാഹന ചാർജിങ്  യു.പ്രതിഭ എം.എൽ.എ നിർവ്വഹിച്ചു.പരിസ്ഥിതി മലിനീകരണം ലഘൂകരിക്കുക, ഊർജ്ജ സുരക്ഷ ഉറപ്പാക്കുക ഇന്ധനവില വർദ്ധനവുമൂലമുള്ള പ്രയാസം ഗണ്യമായി കുറയ്ക്കുക തുടങ്ങിയ ലക്ഷ്യത്തോടെ അനേർട്ടിന്റെ നേതൃത്വത്തിലാണ് ചാർജ്ജിംഗ് സ്റ്റേഷൻ സ്ഥാപിച്ചത്. ചടങ്ങിൽ യു.പ്രതിഭ എം.എൽ.എ അധ്യക്ഷത വഹിച്ചു. നഗരസഭ അധ്യക്ഷ പി.ശശികല, നഗരസഭ അംഗം ബിനു അശോക്, കെ.എസ്.ഇ.ബി ഡെപ്യൂട്ടി ചീഫ് എൻജിനീയർ എം.വി.മധു, അനേർട്ട് ജില്ല എൻജിനീയർ ജോജി ഫിലിപ്പ് തോമസ് തുടങ്ങിയവർ പങ്കെടുത്തു.

ഫാസ്റ്റ് ചാർജിങ് സ്റ്റേഷൻ ഇനി വടകരയിലും


ഇലട്രിക്ക് വാഹനങ്ങൾ വേഗത്തിൽ ചാർജിങ് ചെയ്യുവാനുള്ള സംവിധാനം ഇനി വടകരയിലും. വടകര ദേശീയപാതക്ക് സമീപം കെടിഡിസിയുടെ വടകര ആഹാർ റെസ്റ്റോറന്റിൽ സ്ഥാപിച്ച വൈദ്യുത വാഹന ചാർജിങ് സ്റ്റേഷന്റെ ഉദ്ഘാടനം വൈദ്യുത വകുപ്പ് മന്ത്രി കെ. കൃഷ്ണൻകുട്ടി ഓൺലൈനായി നിർവഹിച്ചു. ചടങ്ങിൽ വടകര നഗരസഭ ചെയർപേഴ്സൺ കെ.പി ബിന്ദു അധ്യക്ഷത വഹിച്ചു. സർക്കാർ സ്ഥാപനങ്ങൾ, അനെർട്ട്, ഇ.ഇ.എസ്.എൽ  എന്നിവ ചേർന്ന് നടപ്പിലാക്കുന്ന ഫാസ്റ്റ് ചാർജിങ് സ്റ്റേഷനുകൾ എല്ലാ ജില്ലകളിലും സ്ഥാപിക്കുന്നതിന്റെ ഭാഗമായാണ് വടകര കെ.ടി.ഡി.സി ആഹാർ റസ്റ്റോറന്റിൽ ഫാസ്റ്റ് ചാർജിങ്  സ്റ്റേഷൻ സ്ഥാപിച്ചത്.

60 കിലോ വാട്ട്, 22 കിലോ വാട്ട്,  ഷാഡമോ എന്നിങ്ങനെ മൂന്ന് ചാർജിങ് ഗണ്ണുകളാണ് വടകരയിൽ സ്ഥാപിച്ച ചാർജിങ് സ്റ്റേഷനിലുള്ളത്. ടെസ്ല കാറുകളിൽ ചാർജ്ജിങ്ങിന് വേണ്ടിയാണ് ഷാഡമോ ഗൺ ഉപയോഗിക്കുക.  ഇലട്രിക്ക് വാഹനങ്ങളിൽ വരുന്ന മാറ്റങ്ങൾ കൂടി ഉൾക്കൊള്ളാൻ സാധിക്കുന്ന സംവിധാനമാണ് ഷാഡമോയുടെ പ്രത്യേകത. ഇവിടെ നിന്നും ഒരേ സമയം രണ്ടു കാറുകൾക്ക് ചാർജ് ചെയ്യാനാകും. ഫുൾ ചാർജിങ്ങിനു 30 മുതൽ 45 മിനിറ്റ് വരെ സമയമെടുക്കും. ഒരു യൂണിറ്റിന് 13 രൂപയും ജിഎസ്ടിയും  നൽകണം. പ്ലേ സ്റ്റോറിൽ ലഭിക്കുന്ന ഇലക്ട്രിഫി എന്ന ആപ്പിലൂടെ പണമടക്കാം. ചാർജിങ് നിയന്ത്രിക്കുന്നത് ആപ്പ് വഴി ആയതിനാൽ ജീവനക്കാരുടെ ആശ്യമില്ല. പരിസ്ഥിതി മലിനീകരണം ലഘൂകരിക്കുക, ഊർജ്ജ സുരക്ഷ ഉറപ്പാക്കുക, ഇന്ധന വില വർധനവ് മൂലമുള്ള പ്രയാസം ഗണ്യമായി കുറയ്ക്കുക തുടങ്ങിയ  ലക്ഷ്യങ്ങളുമായാണ്  സർക്കാർ ഈ വെഹിക്കിൾ പോളിസി പ്രഖ്യാപിച്ചിരിക്കുന്നത്. നിലവിൽ സംസ്ഥാനത്ത്  10 സ്റ്റേഷനുകളിൽ പദ്ധതി ആരംഭിച്ചിട്ടുണ്ട്.  കൂടാതെ അഞ്ച് ഫാസ്റ്റ് ചാർജിംഗ് സ്റ്റേഷനുകളുടെ നിർമാണം പൂർത്തിയായിട്ടുണ്ട്.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.