Sections

ട്രാൻസ്പ്ലാന്റ് ഗെയിംസ് ഒരുക്കങ്ങൾ പൂർത്തിയായി; ജഴ്സി-മെഡലുകൾ പ്രകാശനം ചെയ്തു

Friday, Dec 08, 2023
Reported By Admin
Transplant Games

  • മൂന്നു വേദികളിലായി 350ലേറെ അവയവമാറ്റം നടത്തിയ ആളുകൾ പങ്കെടുക്കും

കൊച്ചി: ഹാർട്ട് കെയർ ഫൗണ്ടേഷന്റെ ആഭിമുഖ്യത്തിൽ ഡിസംബർ 9-ന് നടക്കുന്ന ട്രാൻസ്പ്ലാന്റ് ഗെയിംസിന്റെ ഒരുക്കങ്ങൾ പൂർത്തിയായി. അഞ്ഞൂറോളം അവയവദാതാക്കളും സ്വീകർത്താക്കളുമാണ് ട്രാൻസ്പ്ലാന്റ് ഗെയിംസിൽ പങ്കെടുക്കുന്നത്. ഗെയിംസിന്റെ ജഴ്സി കൊച്ചി മേയർ അഡ്വ. എം. അനിൽകുമാറും, മെഡലുകൾ ജിസിഡിഎ ചെയർമാൻ കെ. ചന്ദ്രൻപിള്ളയും അനാച്ഛാദനം ചെയ്തു. ദാതാക്കൾക്കും, സ്വീകർത്താക്കൾക്കും പ്രത്യേകമായാണ് മത്സരങ്ങൾ നടക്കുക. വൃക്ക ദാതാക്കളായ 29 പേരും കരൾ ദാതാക്കളായ 47 പേരും, വൃക്ക സ്വീകരിച്ച 130 പേരും കരൾ സ്വീകരിച്ച 111 പേരും ഹൃദയം സ്വീകരിച്ച 31 പേരുമാണ് ഗെയിംസിൽ പങ്കെടുക്കുന്നത്.

9ന് രാവിലെ 6.30ന് കലൂർ ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ നിന്നും ആരംഭിച്ച് കടവന്ത്ര രാജീവ് ഗാന്ധി ഇൻഡോർ സ്റ്റേഡിയം വരെ റേസ് വാക്ക് നടക്കും. 9 മണി മുതൽ റീജിയണൽ സ്പോർട്സ് സെന്ററിൽ ബാഡ്മിന്റൺ, ഡാർട്ട്, ചെസ്സ്, കാരംസ്, ബാസ്കറ്റ് ബോൾ ഷൂട്ടൗട്ട്, ടേബിൾ ടെന്നിസ്, നീന്തൽ, 200 മീറ്റർ ഓട്ടം, അഞ്ച് കിലോ മീറ്റർ നടത്തം എന്നീ ഇനങ്ങളും ഉച്ചയ്ക്ക് ഒരു മണിക്ക് ഇടപ്പള്ളി ലുലു മാളിൽ ബൗളിംഗും നടക്കും. തുടർന്ന് വൈകുന്നേരം അഞ്ച് മണിക്ക് രാജീവ്ഗാന്ധി ഇൻഡോർ സ്റ്റേഡിയത്തിൽ നടക്കുന്ന സമ്മാനദാന പരിപാടി നിയമസഭാ സ്പീക്കർ എ എൻ ഷംസീൽ ഉദ്ഘാടനം ചെയ്യും.

കേരള സ്റ്റേറ്റ് ഓർഗൻ ആൻഡ് ടിഷ്യു ട്രാൻസ്പ്ലാന്റ് ഓർഗനൈസേഷൻ (കെ-സോട്ടോ), ലിവർ ഫൗണ്ടേഷൻ ഓഫ് കേരള (ലിഫോക്), കൊച്ചി നഗരസഭ, കെഎംആർഎൽ, റീജിയണൽ സ്പോർട്സ് സെന്റർ, ജിസിഡിഎ, കേരള സംസ്ഥാന യുവജനക്ഷേമ ബോർഡ് തുടങ്ങിയവയുടെ സഹകരണത്തോടെയാണ് ഗെയിംസ് സംഘടിപ്പിക്കുന്നത്. ഏഴ് വയസ്സ് മുതൽ 70 വയസ്സുവരെയുള്ള വൃക്ക, കരൾ, ഹൃദയം, ശ്വാസകോശം, കൈ, പാൻക്രിയാസ്, കുടൽ തുടങ്ങിയ അവയവങ്ങൾ സ്വീകരിച്ചവരും ദാതാക്കളുമാണ് മത്സരങ്ങളിൽ പങ്കെടുക്കുന്നത്. കൂടാതെ സർക്കാരിന്റെ മൃതസഞ്ജീവനി പദ്ധതിയിലൂടെ മരണാനന്തരം അവയവദാനം നടത്തിയവരുടെ കുടുംബാംഗങ്ങളും ഗെയിംസിൽ പങ്കെടുക്കും.

Tansplant Games Jersey
കൊച്ചിയിൽ നടക്കുന്ന ട്രാൻസ്പ്ലാന്റ് ഗെയിംസിന്റെ ജഴ്സി കൊച്ചി മേയർ അഡ്വ. എം അനിൽകുമാർ അനാച്ഛാദനം ചെയ്യുന്നു.

അവയവദാതാക്കളോടും അവരുടെ കുടുംബാംഗങ്ങളോടുമുള്ള ആദരവ് പ്രകടിപ്പിക്കാനും ഗെയിംസ് വേദി ഉപയോഗിക്കും. അവയവ സ്വീകർത്താക്കളുടെ ആത്മവിശ്വാസവും മനോവീര്യവും വളർത്തുകയും ഗെയിംസിന്റെ ലക്ഷ്യമാണ്. അവയവ മാറ്റത്തിന് വിധേയരായവർക്ക് നിശ്ചിത കാലത്തിന് ശേഷം മറ്റ് മനുഷ്യരെ പോലെ സാധാരണ ജീവിതം നയിക്കാമെന്ന് പൊതുസമൂഹത്തെ ബോധ്യപ്പെടുത്താനും അവയവദാനത്തിന്റെ സന്ദേശം പ്രചരിപ്പിക്കാനും ട്രാൻസ്പ്ലാന്റ് ഗെയിംസിലൂടെ ഹാർട്ട് കെയർ ഫൗണ്ടേഷൻ ലക്ഷ്യമിടുന്നുണ്ട്.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.