Sections

ഭദ്രതാ പേള്‍ പ്രവാസികള്‍ക്ക് വേണ്ടി; പക്ഷെ സഹായം കിട്ടാന്‍ കുടുംബശ്രീ കൂടിയേ തീരു

Friday, Sep 17, 2021
Reported By admin
Bhadratha PEARL

പ്രവാസികള്‍ക്കായി സര്‍ക്കാര്‍ നോര്‍ക്കയിലൂടെ പ്രഖ്യാപിച്ച പദ്ധതിയുടെ ആനുകൂല്യം ലഭിക്കാന്‍ സാധിക്കാതെ വലഞ്ഞ് നാട്ടിലെത്തിയ പ്രവാസികള്‍.സര്‍ക്കാര്‍ പ്രഖ്യാപിച്ച രണ്ട് ലക്ഷം രൂപയുടെ ഈടില്ലാത്ത ഈ വായ്പ വേണമെങ്കില്‍ പ്രവാസിയോ കുടുംബാംഗമോ കുടുംബശ്രീയില്‍ അംഗമായിരിക്കണമെന്ന വ്യവസ്ഥയാണ് വായ്പ ലഭിക്കുന്നതിന് തടസ്സമായി വരുന്നത്. ആഗസ്ത് അവസാനവാരം മുഖ്യമന്ത്രി പിണറായി വിജയനാന്‍ ഓണ്‍ലൈനിലൂടെ ആണ് പദ്ധതിയുടെ ഉദ്ഘാടനം നിര്‍വഹിച്ചത്.

കോവിഡിനെ തുടര്‍ന്ന് സാമ്പത്തികമായി ബുദ്ധിമുട്ടിലായ പ്രവാസികള്‍ക്ക് വേണ്ടിയാണ് സര്‍ക്കാര്‍ പദ്ധതി ആവിഷ്‌കരിച്ചത്.15 ലക്ഷം പ്രവാസികള്‍ കൊവിഡിന്റെ പശ്ചാത്തലത്തില്‍ മടങ്ങിവന്നതായാണ് അനുമാനം.രണ്ടുവര്‍ഷമെങ്കിലും വിദേശത്ത് ജോലി ചെയ്ത്, തിരികെ പോകാന്‍ സാധിക്കാത്തവര്‍ക്ക് വേണ്ടിയാണ് പദ്ധതി നടപ്പാക്കിയത്. റിവോള്‍വിങ് ഫണ്ട് മാതൃകയില്‍ വ്യക്തിഗത സംരംഭങ്ങള്‍ക്ക് നല്‍കുന്ന ഈ വായ്പയുടെ തിരിച്ചടവ് കാലാവധി 24 മാസമാണ്.സൂക്ഷ്മ-ചെറുകിട സംരംഭങ്ങള്‍ തുടങ്ങാനും പരിപോഷിപ്പിക്കാനുമുള്ള പദ്ധതി പ്രവാസി ഭദ്രത പേള്‍ എന്ന പേരിലാണ് അറിയപ്പെടുന്നത്.

പദ്ധതി ആനുകൂല്യം ലഭിക്കാന്‍ ജില്ലാ കുടുംബശ്രീ മിഷന്‍ ഓഫീസര്‍ക്കാണ് ഇതുപ്രകാരം പ്രവാസി അപേക്ഷ സമര്‍പ്പിക്കേണ്ടത്. കൊവിഡ് കാലത്തുതന്നെയാണ് പ്രവാസി മടങ്ങിയെത്തിയതെന്ന് സാക്ഷ്യപ്പെടുത്തിയ നോര്‍ക്കയുടെ ജില്ലാസെല്ലില്‍ നിന്നുള്ള സര്‍ട്ടിഫിക്കറ്റും ഹാജരാക്കണം.

30 കോടി രൂപയാണ് ഇതിനായി വകയിരുത്തിയത്. വായ്പ തിരിച്ചടവായി ലഭിക്കുന്ന തുക മറ്റ് ഗുണഭോക്താക്കള്‍ക്ക് നല്കും. ഇതിലൂടെ സംരംഭങ്ങളുടെ തുടര്‍വ്യാപനവും വിപുലീകരണവും ലക്ഷ്യമിടുന്നു. കുടുംബശ്രീ മിഷന്‍വഴി വിതരണം ചെയ്യുന്ന തുകയുടെ വിനിയോഗം നോര്‍ക്ക വകുപ്പുതല കമ്മിറ്റിയാണ് അവലോകനം ചെയ്യുക.

കുടുംബശ്രീയില്‍ അപേക്ഷകനോ കുടുംബാംഗമോ നിര്‍ബന്ധമായും അംഗമായിരിക്കണം എന്ന നിബന്ധനയെ ചൊല്ലി നാട്ടിലെത്തിയ പല പ്രവാസികള്‍ക്കും പദ്ധതിയൂടെ ഗുണം ലഭിക്കുന്നില്ലെന്ന പരാതികളാണ് ഉയരുന്നത്.

ഭദ്രതാ പേളിനെ കൂടാതെ ഭദ്രത മെഗാ പദ്ധതിയും സര്‍ക്കാര്‍ നോര്‍ക്ക വഴി ആരംഭിച്ചിരുന്നു.രണ്ട് കോടി രൂപ വരെയുള്ള സംരംഭങ്ങള്‍ക്ക് സഹായം നല്‍കുക എന്ന ലക്ഷ്യത്തോടെയാണ് പ്രവാസി ഭദ്രത മെഗാ പദ്ധതി ആരംഭിച്ചിരിക്കുന്നത്. കെഎസ്‌ഐഡിസിയുമായി ചേര്‍ന്നാണ് പദ്ധതി. പദ്ധതി പ്രകാരം 25 ലക്ഷം രൂപ മുതല്‍ രണ്ടു കോടി വരെ ലോണ്‍ ലഭിക്കും. 8.25 ശതമാനം മുതല്‍ 8.75 ശതമാനം വരെ പലിശ നിരക്കിലാണ് ലോണ്‍ ലഭിക്കുക. 3.25 ശതമാനം മുതല്‍ 3.75 ശതമാനം വരെ പലിശ സബ്‌സിഡി നോര്‍ക്ക റൂട്ട്‌സ് നല്‍കും എന്നതാണ് പ്രത്യേകത. കെഎസ്‌ഐഡിസി മുഖേനയാണ് പദ്ധതിക്കായുള്ള അപേക്ഷ നല്‍കേണ്ടത്


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.