Sections

പോപ്കോൺ ബ്രെയിൻ: സോഷ്യൽ മീഡിയ നിങ്ങളുടെ ശ്രദ്ധയെ എങ്ങനെ ബാധിക്കുന്നു

Friday, Nov 21, 2025
Reported By Soumya
Popcorn Brain: How social media is hurting your focus

ഓരോ മിനിറ്റ് കൂടുമ്പോഴും ഫോൺ പരിശോധിക്കാനുള്ള തോന്നലുണ്ടാറുണ്ടോ? എത്ര തിരക്കിട്ട ജോലിക്കിടയിലായാലും ഇടയ്ക്കിടെ സാമൂഹികമാധ്യമം പരിശോധിക്കാറുണ്ടോ? ചെയ്യുന്ന ജോലികളിൽ വേണ്ടത്ര ശ്രദ്ധകൊടുക്കാൻ കഴിയുന്നില്ലെന്ന തോന്നലോ, മുമ്പത്തെപ്പോലെ ഒരു പാരഗ്രാഫ് പോലും സ്വസ്ഥമായി വായിക്കാൻ കഴിയുന്നില്ലെന്ന തോന്നലുമൊക്കെയുണ്ടെങ്കിൽ നിങ്ങൾക്ക് പോപ്കോൺ ബ്രെയിൻ എന്ന അവസ്ഥയാകാം കാരണം.

കാര്യങ്ങളിൽ ശ്രദ്ധകേന്ദ്രീകരിക്കാനുള്ള ആളുകളുടെ കഴിവ് കുറഞ്ഞുവരികയാണെന്നും അതിനുപിന്നിൽ സാമൂഹികമാധ്യമത്തിന്റെ അമിതോപയോഗമാണെന്നും 2019-ൽ നേച്വർ കമ്മ്യൂണിക്കേഷൻസിൽ പ്രസിദ്ധീകരിച്ച പഠനത്തിൽ പറഞ്ഞിരുന്നു. എത്ര തിരക്കിട്ട ജോലിക്കിടയിലും സ്ക്രീനിൽ കാണുന്ന നോട്ടിഫിക്കേഷൻ പരിശോധിക്കാൻ തോന്നുന്നതിനു പിന്നിൽ പോപ്കോൺ ബ്രെയിൻ എന്ന അവസ്ഥയാണ്. മാത്രമല്ല ഓൺലൈനിൽ സ്ഥിരമായുണ്ടാകണമെന്ന സമ്മർദവും മറ്റുള്ളവരുമായുള്ള താരതമ്യപ്പെടുത്തലുമെല്ലാം ഉത്കണ്ഠ വർധിപ്പിക്കുകയും ചെയ്യും. ശ്രദ്ധ നഷ്ടപ്പെടുന്നതുമൂലം ഉത്പാദനക്ഷമതയേയും ബാധിക്കും.

പോപ്കോൺ ബ്രെയിനിന്റെ ലക്ഷണങ്ങൾ

  • ഒരുകാര്യത്തിലും ശ്രദ്ധകേന്ദ്രീകരിക്കാൻ കഴിയാതെ ഇടയ്ക്കിടെ നോട്ടിഫിക്കേഷനുകളും സാമൂഹികമാധ്യമവും പരിശോധിക്കുക.
  • ചെറിയ കാര്യം ചെയ്തുതീർക്കാൻ പോലും വേണ്ട ശ്രദ്ധ കിട്ടാതിരിക്കുക.
  • സാമൂഹികമാധ്യമത്തിലെ ഇടപെടലുകളിലൂടെ ആത്മപരിശോധന നടത്തുക.
  • പലകാര്യങ്ങൾ ഒരേസമയം ചെയ്യുന്നതുമൂലം ഒന്നുപോലും ചെയ്തുപൂർത്തിയാക്കാൻ കഴിയാതിരിക്കുകയും സമ്മർദം അനുഭവപ്പെടുകയും ചെയ്യുക.

പോപ്കോൺ ബ്രെയിൻ പരിഹരിക്കാനുള്ള മാർഗങ്ങൾ

  • ഫോണും കമ്പ്യൂട്ടറുമൊക്കെ ഉപയോഗിക്കുന്നതിന് കൃത്യമായ സമയം നിശ്ചയിക്കുക. അവയുടെ ഉപയോഗം ഇത്ര സമയത്തിനുള്ളിൽ നിർത്തണമെന്നു തീരുമാനിക്കുകയും മസ്തിഷ്കത്തിന് വിശ്രമിക്കാനുള്ള അവസരം നൽകുകയും ചെയ്യുക.
  • ഒരുസമയം ഒരുകാര്യം മാത്രം ചെയ്യുമെന്നു തീരുമാനിക്കുക. അതിൽ ശ്രദ്ധകേന്ദ്രീകരിക്കുക. ഓൺലൈനിൽ ചെയ്യുന്ന ജോലികളായാൽപ്പോലും ഒരുസമയം ഒന്നെന്ന രീതിയിൽ ചെയ്തുതീർക്കുക. ഇത് ശ്രദ്ധകേന്ദ്രീകരിക്കാനുള്ള കഴിവ് വർധിപ്പിക്കും.
  • പ്രകൃതിയുമായി അടുത്തിടപഴകുന്നതും പോപ്കോൺ ബ്രെയിൻ മൂലമുള്ള സമ്മർദം ഇല്ലാതാക്കി ശ്രദ്ധ കേന്ദ്രീകരിക്കാൻ സഹായിക്കും.
  • സ്ക്രീനിൽ നിന്നു വിട്ടുമാറി വായന, കല, വ്യായാമം പോലെ മസ്തിഷ്കത്തിന്റെ പ്രവർത്തനം മെച്ചപ്പെടുത്തുന്ന കാര്യങ്ങളിൽ ഏർപ്പെടുക.കൂടാതെ ഓൺലൈനിൽ ഇരിക്കുന്ന സമയത്തിന്റെ കാര്യത്തിൽ കൃത്യമായ ചിട്ട പുലർത്തുക. മെയിലുകളും സാമൂഹികമാധ്യമവുമൊക്കെ പരിശോധിക്കുന്നതിലെല്ലാം സമയം നിശ്ചയിക്കണം.
  • ജോലിക്കിടയിൽ കൃത്യമായ ഇടവേളയെടുക്കുക. ഇത് സമ്മർദം കുറയ്ക്കുകയും ഉത്പാദനക്ഷമത വർധിപ്പിക്കുകയും ചെയ്യും.

ഹെൽത്ത് ടിപ്സുകൾ ദിവസവും ലഭിക്കുവാൻ ഈ പോർട്ടൽ ഫോളോ ചെയ്യുക.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.