Sections

നിറ്റ ജലാറ്റിൻ കേരളത്തിലെ പ്രവർത്തനം വിപുലീകരിക്കുന്നു; 60 കോടിയുടെ പുതിയ പദ്ധതിക്ക് തുടക്കമായി

Wednesday, May 01, 2024
Reported By Admin
Nitta Gelatin

മുഖ്യമന്ത്രിയുടെ ജപ്പാൻ സന്ദർശനവേളയിലെ 200 കോടി നിക്ഷേപ വാഗ്ദാനം യാഥാർത്ഥ്യമാകുന്നു


കൊച്ചി: നിറ്റ ജലാറ്റിൻ ഇന്ത്യ ലിമിറ്റഡ് കേരളത്തിൽ 200 കോടിയുടെ നിക്ഷേപം നടത്തുന്നതിന്റെ ആദ്യഘട്ട പദ്ധതിക്ക് തുടക്കം കുറിച്ചു. ആഗോളതലത്തിൽ ഏറെ ആവശ്യകതയുള്ള കൊളാജൻ പെപ്റ്റൈഡിന്റെ നിർമാണം വർദ്ധിപ്പിക്കുന്നതിന്റെ ഭാഗമായി കാക്കനാട് കിൻഫ്ര എക്സ്പോർട്ട് ഇൻഡസ്ട്രിയൽ പാർക്കിൽ 60 കോടിയോളം രൂപയുടെ ഫാക്ടറി നിർമ്മാണ പ്രവർത്തനത്തിനാണ് ചൊവ്വാഴ്ച്ച തുടക്കം കുറിച്ചത്.

നിറ്റ ജെലാറ്റിൻ ഇൻ കോർപറേറ്റഡ് ജപ്പാന്റെയും കേരള സ്റ്റേറ്റ് ഇൻഡസ്ട്രിയൽ ഡെവലപ്മെന്റ് കോർപ്പറേഷൻ ലിമിറ്റഡിന്റെയും (കെഎസ്ഐഡിസി) സംയുക്ത സംരംഭമാണ് കാക്കനാട് പ്രവർത്തിക്കുന്ന എൻജിഐഎൽ. മുഖ്യമന്ത്രിയുടെ ജപ്പാൻ സന്ദർശന വേളയിൽ ജാപ്പനീസ് ബഹുരാഷ്ട്ര കമ്പനിയായ നിറ്റ ജലാറ്റിൻ കമ്പനി അധികൃതർ 200 കോടി രൂപയുടെ നിക്ഷേപം കേരളത്തിൽ നടത്തുമെന്ന് ഉറപ്പു നൽകിയിരുന്നു. ഈ വാഗ്ദാനമാണ് ഇപ്പോൾ കമ്പനി യാഥാർത്ഥ്യമാക്കുന്നത്. ചർമ്മം, സന്ധി, ഹെയർ എന്നിവയുടെ ആരോഗ്യത്തിന് ഏറ്റവും കൂടുതൽ ഉപയോഗിക്കുന്ന സപ്ലിമെന്റാണ് കൊളാജൻ പെപ്റ്റൈഡ്.

പുതിയ പ്രോജക്ട് യാഥാർത്ഥ്യമാകുന്നതോടെ കേരളത്തിൽ തൊഴിൽ അവസരം വർദ്ധിക്കും. നിലവിൽ കമ്പനി പ്രതിവർഷം ഉദ്പാദിപ്പിക്കുന്നത് 550 മെട്രിക് ടൺ കൊളാജൻ പെപ്റ്റൈഡ് ആണ്. പുതിയ ഫാക്ടറി വരുന്നതോടെ ഉദ്പാദനം 1150 മെട്രിക് ടണ്ണായി ഉയരും. വരുന്ന മൂന്ന് മാസത്തിനുള്ളിൽ അനുമതി ലഭിക്കുന്ന മുറയ്ക്ക് മറ്റു പ്രൊജക്ടുകൾ കൂടി കേരളത്തിൽ ആരംഭിക്കുമെന്ന് എൻജിഐഎൽ മാനേജിംഗ് ഡയറക്ടർ സജീവ് കെ മേനോൻ പറഞ്ഞു. അടുത്ത വർഷം പകുതിയോടെ പദ്ധതി കമ്മീഷൻ ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. കൊളാജൻ പെപ്റ്റൈഡിന്റെ ആവശ്യം ലോകമെമ്പാടും വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്. പ്രമേഹം നിയന്ത്രിക്കാൻ സഹായിക്കുന്ന മറ്റൊരു ഉത്പന്നം ഉടൻ പുറത്തിറക്കുമെന്ന് പ്രതീക്ഷിക്കുന്നതായും വിപുലീകരിച്ച ഫാക്ടറിക്ക് ഈ ആവശ്യകത വിജയകരമായി നിറവേറ്റാൻ സാധിക്കുമെന്നും സജീവ് കെ മേനോൻ പറഞ്ഞു.

കേരളത്തിലെ സർക്കാരുകളുടെ വ്യവസായ സൗഹൃദ നയങ്ങൾ കമ്പനിക്ക് സംസ്ഥാനത്ത് കൂടുതൽ നിക്ഷേപം നടത്താനുള്ള ആത്മവിശ്വാസം നൽകിയതായി നിറ്റ ജെലാറ്റിൻ പ്രസിഡന്റും എൻജിഐഎൽ ഡയറക്ടറുമായ കൊയിച്ചി ഒഗാറ്റ പറഞ്ഞു.കേരളത്തിലെ വിദഗ്ധ തൊഴിലാളികളുടെ ലഭ്യത ഇവിടെയുള്ള ഞങ്ങളുടെ പ്രവർത്തനങ്ങളുടെ വിജയത്തിന് നിർണായക ഘടകമാണ്. ഞങ്ങളുടെ ജീവനക്കാരുടെ സൗഹൃദ നയങ്ങൾ കേരളത്തിലെ ഞങ്ങളുടെ യൂണിറ്റുകളിൽ അനുകൂലമായ വ്യാവസായിക ബന്ധ അന്തരീക്ഷം ഉറപ്പാക്കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

നിക്ഷേപത്തെ സ്വാഗതം ചെയ്ത മുഖ്യമന്ത്രി, ജപ്പാൻ സന്ദർശിച്ച വേളയിൽ തന്നോട് കാണിച്ച പ്രതിബദ്ധത കമ്പനി മാനിച്ചതിൽ സന്തോഷം പ്രകടിപ്പിച്ചു. സംസ്ഥാനവും ആഗോള നിക്ഷേപകരും തമ്മിലുള്ള വിജയകരമായ പങ്കാളിത്തത്തിന്റെ ഉദാഹരണമാണ് കമ്പനിയെന്നും കേരളത്തിലെ പ്രവർത്തനങ്ങൾ കൂടുതൽ വിപുലീകരിക്കുന്നതിന് എല്ലാ പിന്തുണയും വാഗ്ദാനം ചെയ്യുന്നതായും മുഖ്യമന്ത്രി പറഞ്ഞു.

ലോകത്തിലെ ഏറ്റവും വലിയ ജലാറ്റിൻ നിർമ്മാതാക്കളിൽ ഒന്നാണ് നിറ്റ ജെലാറ്റിൻ ഗ്രൂപ്പ്, ഭക്ഷണ, ഫാർമ വ്യവസായങ്ങളിൽ സേവനം നൽകുന്നു. 103 വർഷം മുൻപ് ജപ്പാനിലെ ഒസാക്കയിൽ സ്ഥാപിതമായ നിറ്റ ജലാറ്റിന്റെ കേരളത്തിലെ പ്രവർത്തനങ്ങൾ 2025-ൽ 50 വർഷം തികയ്ക്കും.ജെലാറ്റിൻ വ്യവസായം ഉപയോഗിക്കുന്ന ഫാർമ, ഫുഡ് ഗ്രേഡ് ജെലാറ്റിൻ, ഒസ്സൈൻ, ലിമഡ് ഒസ്സൈൻ എന്നിവയുടെ ഇന്ത്യയിലെ മുൻനിര നിർമ്മാതാക്കളാണ് എൻജിഐഎൽ. എൻജിഐഎല്ലിന്റെ ഏകദേശം 50% ഉൽപ്പന്നങ്ങളും യുഎസ്എ, കാനഡ, ജപ്പാൻ, ദക്ഷിണ കൊറിയ എന്നിവയുൾപ്പെടെ ലോകമെമ്പാടുമുള്ള 30-ലധികം രാജ്യങ്ങളിലേക്കും യൂറോപ്യൻ രാജ്യങ്ങളിലേക്കും കയറ്റുമതി ചെയ്യുന്നുണ്ട്.

ചടങ്ങിൽ നിറ്റ ജലാറ്റിൻ ഇന്ത്യ മാനേജിങ് ഡയറക്ടർ സജീവ് മേനോൻ, നിറ്റ ജലാറ്റിൻ ഡിവിഷൻ മേധാവി ജി. പ്രവീൺ, ഡയറക്ടർ ബോർഡ് മെമ്പർ ഷെർലി തോമസ്, തൃക്കാക്കര മുനിസിപ്പൽ ചെയർപേഴ്സണൻ രാധാമണി പിള്ള, തൃക്കാക്കര അസി.പോലീസ് കമ്മീഷണർ സന്തോഷ് സി.ആർ, സിഐറ്റിയു സംസ്ഥാന ജനറൽ സെക്രട്ടറി കെ.എൻ ഗോപിനാഥ്, ടെക്നിക്കൽ ഡയറക്ടർ ഡോ. ഷിനിയ തകഹാഷി, ഓപ്പറേഷൻ വിഭാഗം സീനിയർ ജനറൽ മാനേജർ പ്രദീപ് കുമാർ കെ തുടങ്ങിയവർ പങ്കെടുത്തു.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.