Sections

വനിതാ സംരംഭകര്‍ക്ക് പ്രോത്സാഹനവുമായി നീതി ആയോഗ്

Wednesday, Jun 01, 2022
Reported By admin
women

രാജ്യത്തുടനീളമുള്ള വളര്‍ന്നുവരുന്നതും, നിലവിലുള്ളതുമായ വനിതാ സംരംഭകര്‍ക്ക് പ്രോത്സാഹനവുമായി WEP എന്ന പേരില്‍ വുമണ്‍ എംപവര്‍മെന്റ് പ്രോഗ്രാമിന് രൂപം നല്‍കിയിരിക്കുകയാണ് നീതി ആയോഗ്

 

സ്ത്രീകള്‍ കടന്നുചെല്ലാത്ത തൊഴില്‍മേഖലകളൊന്നും ഇന്നില്ല.സ്ത്രീകളുടെ ഉന്നമനവും അവരെ സ്വയംപര്യാപ്തമാക്കുക എന്നതും ലക്ഷ്യമിട്ട് നിരവധി പദ്ധതികളും നിലവിലുണ്ട്. അത്തരത്തില്‍ രാജ്യത്തുടനീളമുള്ള വളര്‍ന്നുവരുന്നതും, നിലവിലുള്ളതുമായ വനിതാ സംരംഭകര്‍ക്ക് പ്രോത്സാഹനവുമായി WEP എന്ന പേരില്‍ വുമണ്‍ എംപവര്‍മെന്റ് പ്രോഗ്രാമിന് രൂപം നല്‍കിയിരിക്കുകയാണ് നീതി ആയോഗ്. Small Industries Development Bank of Indiaയുമായി കൈകോര്‍ത്താണ് നീതി ആയോഗ് WEP നടപ്പാക്കുന്നത്. 

ഇച്ഛാ ശക്തി, ജ്ഞാന ശക്തി, കര്‍മ്മ ശക്തി എന്നീ മൂന്ന് മേഖലകളെ കേന്ദ്രീകരിച്ചാണ് പ്രധാനമായും WEP പ്രവര്‍ത്തിക്കുന്നത്. ഇച്ഛാ ശക്തി, സംരംഭകരെ അവരുടെ ബിസിനസ്സ് ആരംഭിക്കാന്‍ പ്രേരിപ്പിക്കുന്നു. വനിതാ സംരംഭകരെ പ്രോത്സാഹിപ്പിക്കുന്നതിനും അവരെ സഹായിക്കുന്നതിനും അവര്‍ക്ക് അറിവും ഇക്കോസിസ്റ്റത്തിന്റെ പിന്തുണയും നല്‍കുന്നതിനെയാണ് ജ്ഞാന ശക്തി പ്രതിനിധീകരിക്കുന്നത്. ബിസിനസുകള്‍ സ്ഥാപിക്കുന്നതിലും വിപുലീകരിക്കുന്നതിലും സംരംഭകര്‍ക്ക്  പിന്തുണ നല്‍കുന്ന വിഭാഗമാണ് കര്‍മ്മ ശക്തി.

സൗജന്യ ക്രെഡിറ്റ് റേറ്റിംഗ്,മെന്റര്‍ഷിപ്പ്, വനിതാ സംരംഭകര്‍ക്ക് ധനസഹായം, അപ്രന്റീസ്ഷിപ്പ്, കോര്‍പ്പറേറ്റ് പങ്കാളിത്തം തുടങ്ങിയ സേവനങ്ങള്‍ നല്‍കുന്നതിന് പുറമെ പരസ്പര പഠനം പരിപോഷിപ്പിക്കുന്നതിനായി അവരുടെ സംരംഭക യാത്രകളും കഥകളും അനുഭവങ്ങളും പങ്കിടാന്‍ WEP സംരംഭകരെ പ്രോത്സാഹിപ്പിക്കും.കൂടാതെ, WEP വനിതാസംരംഭകര്‍ക്ക് ഇന്‍കുബേഷനും ആക്‌സിലറേഷന്‍ പിന്തുണയും വാഗ്ദാനം ചെയ്യുന്നുണ്ട്.നിലവില്‍ ഐഡിയേഷന്‍ സ്റ്റേജിലുള്ളതോ, പുതുതായി ആരംഭിച്ചതോ അതുമല്ലെങ്കില്‍ നിലവിലുള്ളതുമായ വനിതാസംരംഭങ്ങള്‍ക്ക് ആനുകൂല്യത്തിനായി സ്‌കീമിന് കീഴില്‍ രജിസ്റ്റര്‍ ചെയ്യാം. 

കോര്‍പ്പറേറ്റുകള്‍, എന്‍ജിഒകള്‍, ഗവേഷണ സ്ഥാപനങ്ങള്‍, ഇന്‍കുബേഷന്‍, ആക്സിലറേറ്റര്‍ തുടങ്ങിയ കാര്യങ്ങളിലെല്ലാം വനിതാ സംരംഭകര്‍ക്ക് WEP പിന്തുണ നല്‍കും. കൂടുതല്‍ വിവരങ്ങള്‍ക്കായി www.wep.gov.in എന്ന വെബ്‌സൈറ്റില്‍ രജിസ്റ്റര്‍ ചെയ്യാം.അപേക്ഷകര്‍ക്ക് അവരുടെ Google അല്ലെങ്കില്‍ Facebook ഐഡി വഴിയോ രജിസ്റ്റര്‍ ടാബിന് കീഴില്‍ ലഭ്യമായ ഓണ്‍ലൈന്‍ അപേക്ഷാ ഫോം പൂരിപ്പിച്ചോ രജിസ്റ്റര്‍ ചെയ്യാവുന്നതാണ്.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.