Sections

മുത്തൂറ്റ് മൈക്രോഫിൻ കൈകാര്യം ചെയ്യുന്ന ആസ്തികൾ 12,193.50 കോടിയായി ഉയർന്നു, ലാഭം 2.74 മടങ്ങ് വർദ്ധിച്ചു

Wednesday, May 08, 2024
Reported By Admin
Muthoot Microfin posts highest-ever AUM

കൊച്ചി: ഇന്ത്യയിലെ പ്രമുഖ ബാങ്കിങ് ഇതര ധനകാര്യ കമ്പനിയും ഗ്രാമീണ മേഖലയിൽ ശ്രദ്ധകേന്ദ്രീകരിച്ച് വനിതാ സംരംഭകർക്ക് മൈക്രോ വായ്പകൾ ലഭ്യമാക്കുന്ന മൈക്രോ ഫിനാൻസ് സ്ഥാപനവുമായ (എൻബിഎഫ്സി-എംഎഫ്ഐ) മുത്തൂറ്റ് മൈക്രോഫിൻ ലിമിറ്റഡ് 2023-24 സാമ്പത്തിക വർഷം കൈകാര്യം ചെയ്യുന്ന ആസ്തികൾ (എയുഎം) 12,193.50 കോടി രൂപയായി ഉയർന്നു. കമ്പനിയുടെ ചരിത്രത്തിലെ ഏക്കാലത്തെയും ഉയർന്ന മൂല്യമാണിത്. ഈ കാലയളവിൽ കമ്പനിയുടെ ലാഭം 2.74 മടങ്ങ് വർദ്ധിച്ചു.

മൊത്ത വരുമാനം മുൻ സാമ്പത്തിക വർഷത്തെ 1,446.34 കോടി രൂപയിൽ നിന്നും 58.02 ശതമാനം വർധിച്ച് 2,285.49 കോടി രൂപയായി. അറ്റ പലിശ വരുമാനം 55.66 ശതമാനം വർദ്ധിച്ച് 874.40 കോടി രൂപയിൽ നിന്നും 1,361.10 കോടി രൂപയായി ഉയർന്നു. നികുതിയ്ക്ക് ശേഷമുള്ള ലാഭം 174.32 ശതമാനം വളർച്ചയോടെ 163.89 കോടി രൂപയിൽ നിന്നും 449.58 കോടി രൂപയുമായി.

2023-24 സാമ്പത്തിക വർഷം കമ്പനിയുടെ മൊത്ത നിഷ്ക്രിയ ആസ്തി 2.29 ശതമാനമാണ് കഴിഞ്ഞ സാമ്പത്തിക വർഷം ഇത് 2.97 ശതമാനമായിരുന്നു. കഴിഞ്ഞ സാമ്പത്തിക വർഷം 0.60 ശതമാനമായിരുന്ന അറ്റ നിഷ്ക്രിയ ആസ്തി 0.35 ശതമാനവുമായി. ആർഒഎ ഇരട്ടിയായി വളർന്ന് 4.19 ശതമാനത്തിലെത്തി.

2023-24 സാമ്പത്തിക വർഷം നാലാം പാദത്തിൽ കമ്പനിയുടെ മൊത്ത വരുമാനം മുൻ വർഷം ഇതേ കാലയളവിനേക്കാൾ 45.80 ശതമാനം വർധിച്ച് 653.42 കോടി രൂപയായി. മുൻ വർഷം ഇത് 448.17 കോടി രൂപയായിരുന്നു. നാലാം പാദത്തിൽ അറ്റ പലിശ വരുമാനം 47.02 ശതമാനം വർധിച്ച് 272.11 കോടി രൂപയിൽ നിന്നും 400.06 കോടി രൂപയിലെത്തി. നികുതിയ്ക്ക് ശേഷമുള്ള ലാഭം 94.56 കോടി രൂപയിൽ നിന്നും 26.65 ശതമാനം വർധിച്ച് 119.76 കോടി രൂപയായി.

കമ്പനി മികച്ച കോർപ്പറേറ്റ് ഭരണം ഉറപ്പാക്കിക്കൊണ്ട് സ്ഥിരതയോടെയും ഉത്തരവാദിത്തത്തോടെയും വളരാനുള്ള ശ്രമങ്ങൾ തുടരുമെന്നും ഉത്തരവാദിത്തമുള്ള എംഎഫ്ഐ എന്ന നിലയ്ക്ക് തങ്ങളുടെ ഔത്യം ലാഭത്തിനപ്പുറത്തേക്ക് വ്യാപിപ്പിച്ച് സാമൂഹ്യ ഉത്തരവാദിത്തവുമായി സംയോജിപ്പിച്ചുകൊണ്ടുള്ളതായിരിക്കുമെന്നും മുത്തൂറ്റ് മൈക്രോഫിൻ മാനേജിംഗ് ഡയറക്ടർ തോമസ് മുത്തൂറ്റ് പറഞ്ഞു.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.