Sections

2026 സാമ്പത്തിക വർഷത്തിൽ 1.68 ലക്ഷം കോടി രൂപയുടെ സംയോജിത വായ്പാ വിതരണവുമായി മുത്തൂറ്റ് ഫിൻകോർപ്പ്

Wednesday, May 20, 2026
Reported By Admin
Muthoot Fincorp Reports Strong FY26 Growth

  • കൈകാര്യം ചെയ്യുന്ന സംയോജിത ആസ്തി 73,448.82 കോടിയും അറ്റാദായം 1,847.62 കോടി രൂപയിലും എത്തി

കൊച്ചി: 139 വർഷത്തെ പാരമ്പര്യമുള്ള മുത്തൂറ്റ് പാപ്പച്ചൻ ഗ്രൂപ്പിൻറെ (മുത്തൂറ്റ് ബ്ലൂ) പ്രമുഖ ധനകാര്യ സേവന സ്ഥാപനമായ മുത്തൂറ്റ് ഫിൻകോർപ്പ് ലിമിറ്റഡ് (എംഎഫ്എൽ), ഉപകമ്പനികളായ മുത്തൂറ്റ് മൈക്രോഫിൻ ലിമിറ്റഡ് (എംഎംഎൽ), മുത്തൂറ്റ് ഹൗസിംഗ് ഫിനാൻസ് ലിമിറ്റഡ് (എംഎച്ച്എഫ്എൽ) എന്നിവയുടെ 2025-26 സാമ്പത്തിക വർഷത്തിലെ നാലാം പാദത്തിലെ സംയോജിത സാമ്പത്തിക ഫലങ്ങൾ പ്രഖ്യാപിച്ചു. കമ്പനിയുടെ സമഗ്രമായ വളർച്ചയും കൃത്യമായ പ്രവർത്തന മികവും ഉപഭോക്താക്കൾക്കിടയിലെ തുടർച്ചയായ വിശ്വാസം എന്നിവയാണ് സാമ്പത്തിക ഫലത്തിലൂടെ വ്യക്തമാകുന്നത്.

കമ്പനി കൈകാര്യം ചെയ്യുന്ന സംയോജിത ആസ്തി 73,448.82 കോടി രൂപയും, സംയോജിത അറ്റാദായം 1,847.62 കോടി രൂപയും രേഖപ്പെടുത്തി. ഇക്കാലയളവിലെ സംയോജിത വരുമാനം 11,227.80 കോടി രൂപയാണ്.

മുത്തൂറ്റ് ഫിൻകോർപ്പിൻറെ മാത്രം പ്രകടനവും മികച്ചതായി തുടർന്നു. 2026 മാർച്ച് വരെയുള്ള കണക്കുകൾ പ്രകാരം കമ്പനി തനിച്ച് കൈകാര്യം ചെയ്യുന്ന ആസ്തി 56,185.10 കോടി രൂപയും, അറ്റാദായം 1,640.21 കോടി രൂപയും രേഖപ്പെടുത്തി. ഇക്കാലയളവിലെ വരുമാനം 8,364.28 കോടി രൂപയാണ്.

2025-26 സാമ്പത്തിക വർഷത്തിലെ നാലാം പാദത്തിൽ മുത്തൂറ്റ് ഫിൻകോർപ്പ് ലിമിറ്റഡ് ശക്തമായ മുന്നേറ്റം തുടർന്നു. ഇക്കാലയളവിൽ കമ്പനിയുടെ സംയോജിത അറ്റാദായം 664.03 കോടി രൂപയും, വരുമാനം 3,355.97 രൂപയും രേഖപ്പെടുത്തി. കഴിഞ്ഞ വർഷത്തെ കാലയളവിനെ അപേക്ഷിച്ച് വരുമാനം വാർഷികാടിസ്ഥാനത്തിൽ 31.91 ശതമാനവും, അറ്റാദായം 203.89 ശതമാനവും വർധിച്ചു.

കമ്പനിയുടെ മാത്രം പ്രകടനത്തിൽ ശക്തമായ ആസ്തി ഗുണനിലവാരവും ലാഭക്ഷമതാ അനുപാതങ്ങളും രേഖപ്പെടുത്തി. ഇക്കാലയളവിൽ മൊത്തം നിഷ്ക്രിയ ആസ്തി 1.03 ശതമാനവും, അറ്റ നിഷ്ക്രിയ ആസ്തി 0.57 ശതമാനവുമായിരുന്നു. ആസ്തിയിന്മേലുള്ള ആദായം 121 ബേസിസ് പോയിൻറ് വർദ്ധനവോടെ 4.16 ശതമാനത്തിലെത്തി.

2025-26 സാമ്പത്തിക വർഷത്തിലെ മികച്ച പ്രകടനം രാജ്യത്തുടനീളമുള്ള ദശലക്ഷക്കണക്കിന് ഉപഭോക്താക്കൾക്കും കുടുംബങ്ങൾക്കും തങ്ങളിലുള്ള ആഴമേറിയ വിശ്വാസത്തിൻറെയും, അവർക്ക് ദിവസേന സേവനം നൽകുന്ന മുത്തൂറ്റിലെ ജീവനക്കാരുടെ പ്രതിബദ്ധതയുടെയും തെളിവാണ്. ഈ വളർച്ചക്കപ്പുറം സാധാരണക്കാരുടെ സാമ്പത്തിക അഭിലാഷങ്ങൾക്കും ക്ഷേമത്തിനും പിന്തുണ നൽകുക എന്ന വലിയൊരു ലക്ഷ്യം കൂടിയുമുണ്ടെന്ന് ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ തോമസ് ജോൺ മുത്തൂറ്റ് പറഞ്ഞു.

വളർച്ച തുടരുന്നതിനൊപ്പം ഉത്തരവാദിത്തത്തോടെയുള്ള വിപുലീകരണത്തിനും, വിശ്വാസ്യതയോടു കൂടിയുള്ള നവീകരണത്തിനും, ദീർഘകാല മൂല്യവർദ്ധനവോടെയുള്ള വളർച്ചയ്ക്കും പ്രാധാന്യം നൽകുന്ന ശക്തവും ഭാവി സജ്ജവുമായ ഒരു സ്ഥാപനം കെട്ടിപ്പടുക്കുന്നതിലാണ് തങ്ങളുടെ ശ്രദ്ധ. ഉപഭോക്തൃ ബന്ധങ്ങൾ കൂടുതൽ ശക്തിപ്പെടുത്താനും, സാങ്കേതികവിദ്യയെ വിവേകപൂർവം പ്രയോജനപ്പെടുത്താനും, രാജ്യത്തുടനീളം ലളിതവും വിശ്വസനീയവുമായ ധനകാര്യ സേവനങ്ങൾ ലഭ്യമാക്കുന്നതിനും തങ്ങൾ പ്രതിജ്ഞാബദ്ധരാണ്. തങ്ങൾക്ക് തുടർച്ചയായ വിശ്വാസവും പിന്തുണയും നൽകുന്ന ഉപഭോക്താക്കൾ, പങ്കാളികൾ, വായ്പദാതാക്കൾക്കും, നിയന്ത്രണ ഏജൻസികൾ കൂടാതെ ഓരോ മുത്തൂറ്റ് ജീവനക്കാർക്കും ഹൃദയം നിറഞ്ഞ നന്ദി രേഖപ്പെടുത്തുന്നുവെന്ന് തോമസ് ജോൺ മുത്തൂറ്റ് കൂട്ടിച്ചേർത്തു.

2026 സാമ്പത്തിക വർഷത്തിൽ മുത്തൂറ്റ് ഫിൻകോർപ്പും അനുബന്ധ കമ്പനികളും ചേർന്ന് 1.68 ലക്ഷം കോടി രൂപയുടെ വായ്പകൾ വിതരണം ചെയ്തു. ഇതിലൂടെ രാജ്യത്തുടനീളമുള്ള ഒരു കോടിയിലധികം കുടുംബങ്ങളുടെ വിശ്വസ്ത ധനകാര്യ പങ്കാളിയാകാൻ കമ്പനിക്ക് സാധിച്ചു. ഉപഭോക്താക്കൾക്ക് തങ്ങളിലുള്ള വിശ്വാസവും ജീവനക്കാരുടെ അർപ്പണബോധവുമാണ് ഈ നേട്ടം കൈവരിക്കാൻ സഹായിച്ചത്. സ്വർണ്ണ വായ്പകൾ ബിസിനസിന് ശക്തമായ അടിത്തറയായി തുടരുമ്പോഴും എംഎസ്എംഇ വായ്പകൾ, ഡിജിറ്റൽ വായ്പാ സേവനങ്ങൾ, നിക്ഷേപങ്ങൾ, ഇൻഷുറൻസ്-സുരക്ഷാ പദ്ധതികൾ എന്നിവയിലേക്കും സാന്നിധ്യം സ്ഥിരതയോടെ വിപുലീകരിച്ചുകൊണ്ടിരിക്കുകയാണെന്ന് സിഇഒ ഷാജി വർഗീസ് പറഞ്ഞു.

ഇന്ന് ഉപഭോക്താക്കളുടെ രജിസ്ട്രേഷൻ പ്രക്രിയയുടെ 98 ശതമാനവും ഡിജിറ്റലായും പേപ്പർരഹിതവുമായാണ് പൂർത്തിയാക്കുന്നത്. ഇത് സേവനങ്ങൾ വേഗത്തിലാക്കാനും കൂടുതൽ സുതാര്യത ഉറപ്പാക്കാനും സുഗമമായ ഉപഭോക്തൃ അനുഭവം നൽകാനും സഹായിക്കുന്നു. മുത്തൂറ്റ് ഫിൻകോർപ്പ് വൺ ആപ്പ് 72 ലക്ഷത്തിലധികം ആളുകൾ ഡൗൺലോഡ് ചെയ്തതിലൂടെ രാജ്യത്തുടനീളമുള്ള ഉപഭോക്താക്കളിലേക്ക് എത്താനും സേവവനങ്ങൾ കൂടുതൽ എളുപ്പത്തിൽ ലഭ്യമാക്കാനും സാധിച്ചു. വിശ്വാസ്യത വർദ്ധിപ്പിക്കുന്നതിനും, സാന്നിധ്യം വ്യാപിപ്പിക്കുന്നതിനും, വലിയ തോതിൽ സാങ്കേതികവിദ്യ അടിസ്ഥാനമാക്കിയുള്ള ധനകാര്യ സേവനങ്ങൾ കെട്ടിപ്പടുക്കുന്നതിനുമാണ് തങ്ങളുടെ മുൻഗണനയെന്ന് ഷാജി വർഗീസ് കൂട്ടിച്ചേർത്തു.

2025-26 സാമ്പത്തിക വർഷത്തിലെ നാലാം പാദത്തിലേക്ക് കടക്കുന്ന മുത്തൂറ്റ് ഫിൻകോർപ്പ് ഉത്തരവാദിത്തത്തോടെയുള്ള വളർച്ച, സാങ്കേതികവിദ്യ അടിസ്ഥാനമാക്കിയുള്ള സേവന വിതരണം, ഉപഭോക്തൃ കേന്ദ്രീകൃതമായ നവീകരണം എന്നിവയോടുള്ള പ്രതിബദ്ധത വീണ്ടും ഉറപ്പിച്ചു.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.