Sections

മുത്തൂറ്റ് ഫിനാൻസിന് 2,046 കോടി രൂപയുടെ എക്കാലത്തെയും ഉയർന്ന അറ്റാദായം

Thursday, Aug 14, 2025
Reported By Admin
Muthoot Finance Q1 Profit Surges 90% to ₹2,046 Cr

കൊച്ചി: ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ ഗോൾഡ് ലോൺ എൻബിഎഫ്സിയായ മുത്തൂറ്റ് ഫിനാന്സ് നടപ്പു സാമ്പത്തിക വർഷത്തിൻറെ ആദ്യ ത്രൈമാസത്തിൽ 2,046 കോടി രൂപ അറ്റാദായം കൈവരിച്ചു. കഴിഞ്ഞ വർഷം ഇതേ കാലയളവിലെ 1079 കോടി രൂപയെ അപേക്ഷിച്ച് 90 ശതമാനം വർധനവാണിത്.

മുത്തൂറ്റ് ഫിനാൻസ് കൈകാര്യം ചെയ്യുന്ന ആകെ വായ്പകൾ 37 ശതമാനം വാർഷിക വർധനവോടെ എക്കാലത്തേയും ഏറ്റവും ഉയർന്ന നിലയായ 1,33,938 കോടി രൂപയിലെത്തിയെന്ന് 2025 ജൂൺ 30-ന് അവസാനിച്ച ത്രൈമാസത്തിലെ കണക്കുകൾ ചൂണ്ടിക്കാട്ടുന്നു.

സംയോജിത ലാഭം എക്കാലത്തേയും ഏറ്റവും ഉയർന്ന നിലയായ 1,974 കോടി രൂപയിലുമെത്തി. 65 ശതമാനം വാർഷിക വർധനവാണിതു സൂചിപ്പിക്കുന്നത്. മുത്തൂറ്റ് ഫിനാൻസിൻറെ മാത്രം വായ്പകൾ 1,20,031 കോടി രൂപയിലുമെത്തിയിട്ടുണ്ട്. എക്കാലത്തേയും ഏറ്റവും ഉയർന്ന നിലയിൽ 42 ശതമാനം വർധനവാണ് ഇക്കാര്യത്തിലുണ്ടായിട്ടുള്ളത്. സ്വർണ പണയ വായ്പകളുടെ കാര്യത്തിൽ ചരിത്രത്തിലെ ഏറ്റവും വലിയ 40 ശതമാനം നേട്ടമാണു കൈവരിച്ചിട്ടുള്ളത്. ഇതോടെ 1,13,194 കോടി രൂപയെന്ന നേട്ടവും കൈവരിക്കാനായി എന്ന് 2025 മാർച്ച് 31-ലെ കണക്കുകളും സൂചിപ്പിക്കുന്നു.

മുത്തൂറ്റ് ഫിനാൻസിൻറെ വിപണി മൂല്യം ഒരു ട്രില്യൺ രൂപ കടന്നതാണ് മറ്റൊരു നിർണായക നേട്ടം. നടപ്പു സാമ്പത്തിക വർഷത്തിൻറെ ആദ്യ ത്രൈമാസത്തിൽ ഗ്രൂപ്പ് 22 പുതിയ ബ്രാഞ്ചുകളും ആരംഭിച്ചു.

സംയോജിത വായ്പകളുടെ കാര്യത്തിൽ ശക്തമായ ചുവടുവെപ്പുകളോടെയാണ് മുത്തൂറ്റ് ഫിനാൻസ് നടപ്പു സാമ്പത്തിക വർഷത്തിനു തുടക്കം കുറിച്ചതെന്ന് ഇതേക്കുറിച്ചു സംസാരിക്കവെ ചെയർമാൻ ജോർജ്ജ് ജേക്കബ് മുത്തൂറ്റ് പറഞ്ഞു. സംയോജിത വായ്പാ ആസ്തികളുട കാര്യത്തിൽ 37 ശതമാനമെന്ന മികച്ച വളർച്ചയാണിതു കാണിക്കുന്നത്. വേഗതയേറിയ സുഗമമായ രീതിയിൽ ദശലക്ഷക്കണക്കിന് ഉപഭോക്താക്കൾക്ക് വായ്പ ലഭ്യമാക്കാൻ തങ്ങൾ ഡിജിറ്റൽ രീതികളിലേക്കുള്ള മാറ്റങ്ങൾ ശക്തമാക്കുകയാണെന്നും സാങ്കേതികവിദ്യാ രംഗത്തും പുതുമകൾ അവതരിപ്പിക്കുന്ന രംഗത്തും നടത്തുന്ന തന്ത്രപരമായ നിക്ഷേപങ്ങൾ പ്രവർത്തന രംഗത്തെ കാര്യക്ഷമത വർധിപ്പിച്ചതായും അദ്ദേഹം ചൂണ്ടിക്കാട്ടി.

വായ്പകൾ വിതരണം ചെയ്യുന്നതിലും പ്രവർത്തന കാര്യക്ഷമത വർധിപ്പിക്കുന്നതിലും ആരോഗ്യകരമായ മാർജിൻ നിലനിർത്തുന്നതിലും തങ്ങൾ നടത്തുന്ന ശ്രദ്ധയിൽ ഊന്നിയുള്ള ദീർഘകാല തന്ത്രത്തിൻറെ സാക്ഷ്യപത്രമാണ് ഈ വളർച്ചയെന്ന് പ്രവർത്തന ഫലങ്ങളെ കുറിച്ചു പ്രതികരിക്കവെ മാനേജിങ് ഡയറക്ടർ ജോർജ്ജ് അലക്സാണ്ടർ മുത്തൂറ്റ് പറഞ്ഞു. സ്വർണ പണയ രംഗത്തെ തങ്ങളുടെ മേൽക്കോയ്മ കൂടുതൽ വ്യക്തമാക്കുന്നതാണ് ഈ പ്രവർത്തന ഫലങ്ങൾ. രാജ്യവ്യാപകമായുള്ള ബ്രാഞ്ച് ശൃംഖലകൾ, ശക്തമായ ബ്രാൻഡ് മൂല്യം, ഉപഭോക്താക്കളുമായി ആഴത്തിലുള്ള ബന്ധം തുടങ്ങിയവ തങ്ങൾക്കു പിന്തുണയായി. സ്വർണ പണയ സേവനങ്ങൾ കൂടുതൽ ഡിജിറ്റലാക്കാനുള്ള നീക്കങ്ങൾ തങ്ങൾ അവതരിപ്പിക്കുന്നുണ്ടെന്നും തങ്ങളുടെ സാങ്കേതികവിദ്യാ മുന്നേറ്റങ്ങൾ ഇപ്പോൾ തന്നെ ഉപഭോക്താക്കൾക്ക് കൂടുതൽ മികച്ച അനുഭവങ്ങൾ നൽകുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.