- Trending Now:
കൊച്ചി: ഇന്ത്യയിലെ ഏറ്റവും വലിയ ഗോൾഡ് ലോൺ എൻ.ബി.എഫ്.സി ആയ മുത്തൂറ്റ് ഫിനാൻസ് ലിമിറ്റഡ് 2025-26 വർഷത്തേക്ക് നൽകുന്ന ഒൻപതാമത് മുത്തൂറ്റ് എം. ജോർജ് ഹയർ എജുക്കേഷൻ സ്കോളർഷിപ്പിലേക്ക് അപേക്ഷ ക്ഷണിച്ചു. നവംബർ 30 വരെ അപേക്ഷിക്കാം. പ്രൊഫഷണൽ കോഴ്സുകളിൽ ഉന്നത പഠനം നടത്തുന്ന മികവുറ്റ വിദ്യാർത്ഥികൾക്ക് സഹായം നൽകുക എന്ന ലക്ഷ്യത്തോടെയാണ് ഈ സ്കോളർഷിപ്പ് നൽകുന്നത്. കഴിഞ്ഞ് ഒൻപത് വർഷങ്ങളിലായി 394 വിദ്യാർത്ഥികൾക്ക് 3.94 കോടി രൂപ മൂല്യമുള്ള സ്കോളർഷിപ്പുകളാണ് കമ്പനി വിതരണം ചെയ്തത്.
2025ൽ ബി.ടെക്, എം.ബി.ബി.എസ്., ബി.എസ് സി നഴ്സിങ് കോഴ്സുകളിൽ പ്രവേശനം നേടിയ 210 വിദ്യാർത്ഥികൾക്കാണ് 2025-26 വർഷത്തെ മുത്തൂറ്റ് എം. ജോർജ് ഹയർ എജുക്കേഷൻ സ്കോളർഷിപ്പുകൾ നൽകുന്നത്. കേരളത്തിനു പുറമെ ബെംഗളൂരു, ഹൈദരാബാദ്, മുംബൈ, ഡൽഹി, ചെന്നൈ, കൊൽക്കത്ത തുടങ്ങിയ പ്രധാന നഗരങ്ങളിലെ വിദ്യാർത്ഥികൾക്കും സ്കോളർഷിപ്പിനായി അപേക്ഷിക്കാം. നവംബർ 30 വരെ https://mgmscholarship.muthootgroup.com/ എന്ന വെബ്സൈറ്റിലൂടെ അപേക്ഷകൾ നൽകാം. സ്കോളർഷിപ്പ് അപേക്ഷകൾ സമർപ്പിക്കുമ്പോൾ സ്ഥിരമേൽവിലാസം ഉള്ള പ്രദേശം വേണം തിരഞ്ഞെടുക്കാൻ.
പ്ലസ് ടുവിന് 90 ശതമാനം മാർക്ക് അല്ലെങ്കിൽ തത്തുല്യ ഗ്രേഡ് നേടിയവർക്കാണ് അപേക്ഷിക്കാൻ അവസരം. കുടുംബ വാർഷിക വരുമാനം രണ്ട് ലക്ഷം രൂപയിൽ കവിയരുത്. അപേക്ഷകർ അനുബന്ധ എൻട്രൻസ് പരീക്ഷയിൽ യോഗ്യത നേടി അംഗീകൃത വിദ്യാഭ്യാസ സ്ഥാപനത്തിൽ പ്രവേശനം നേടിയതായിരിക്കണം.
എം.ബി.ബി.എസ് വിദ്യാർത്ഥികൾക്ക് 2.40 ലക്ഷം രൂപയും ബി.ടെക്, ബി.എസ് സി നഴ്സിങ് വിദ്യാർത്ഥികൾക്ക് നാല് വർഷത്തേക്കായി 1.20 ലക്ഷം രൂപയുമാണ് സ്കോളർഷിപ്പായി നൽകുക. ഓരോ നഗരത്തിലുമുള്ള എം.ബി.ബി.എസ്., ബി.ടെക്, ബി.എസ് സി നഴ്സിങ് വിദ്യാർത്ഥികളിൽ നിന്നായി പത്ത് വീതം 30 വിദ്യാർത്ഥികൾക്കാണ് സ്കോളർഷിപ്പ് നൽകുന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.