Sections

മുത്തൂറ്റ് സ്‌നേഹസമ്മാനം 2024 പദ്ധതിക്ക് അപേക്ഷ ക്ഷണിച്ച് മുത്തൂറ്റ് ഫിനാൻസ്

Monday, Nov 27, 2023
Reported By Admin
Muthoot Finance

കൊച്ചി: ഇന്ത്യയിലെ പ്രമുഖ ഗോൾഡ് ലോൺ എൻബിഎഫ്സിയായ മുത്തൂറ്റ് ഫിനാൻസ് ലിമിറ്റഡ് കേരളത്തിലെ ക്ഷേത്ര കലാരൂപങ്ങളുമായി ബന്ധപ്പെട്ട സമുന്നതരായ കലാകാരന്മാരിൽ നിന്ന് മുത്തൂറ്റ് സ്നേഹസമ്മാനം പദ്ധതിക്കായി അപേക്ഷ ക്ഷണിക്കുന്നു. ഉപജീവനമാർഗത്തിന് സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്ന ആദരണീയരായ കലാകാരന്മാർക്ക് പ്രതിമാസ സാമ്പത്തിക സഹായം നൽകുന്നതിന് 2014-ൽ ആരംഭിച്ച ഒരു സിഎസ്ആർ പദ്ധതിയാണിത്. ഈ പദ്ധതിക്ക് തുടക്കം കുറിക്കുന്നതിൻറെ ഭാഗമായി എറണാകുളത്തെ പ്രസ് ക്ലബ്ബിൽ പത്രസമ്മേളനം സംഘടിപ്പിച്ചു. മുത്തൂറ്റ് ഫിനാൻസ് കോർപ്പറേറ്റ് കമ്മ്യൂണിക്കേഷൻസ് ഡെപ്യൂട്ടി ജനറൽ മാനേജർ ബാബു ജോൺ മലയിൽ നടത്തിയ പത്രസമ്മേളനത്തിൽ മുത്തൂറ്റ് ഫിനാൻസ് ഡെപ്യൂട്ടി മാനേജിംഗ് ഡയറക്ടർ ജോർജ് മുത്തൂറ്റ് ജോർജ് അധ്യക്ഷത വഹിച്ചു.

കലയെയും കലാകാരന്മാരെയും സംരക്ഷിക്കുന്നത് ഇന്ത്യയുടെ സാംസ്കാരിക പൈതൃകവും അഭിമാനവും സംരക്ഷിക്കുന്നതിനുള്ള ഉത്തരവാദിത്തമാണ്. മുത്തൂറ്റ് സ്നേഹസമ്മാനത്തിൻറെ ഭാഗമായി മുൻപ് കലാരംഗത്ത് പ്രശോഭിച്ചിരുന്നവരും ഇന്ന് സാമ്പത്തികമായി ബുദ്ധിമുട്ട് അനുഭവിക്കുന്നവരുമായുള്ള മുതിർന്ന കലാകാരന്മാരെ പിന്തുണയ്ക്കാനും ആവശ്യമായ സഹായം നൽകാനും മുത്തൂറ്റ് ഫിനാൻസ് ലക്ഷ്യമിടുന്നു. കഥകളി, താളവാദ്യം (ചെണ്ട), മൃദംഗം, സരസ്വതി വീണ, തൻപുര, നാഗസ്വരം, ഇടയ്ക്ക, മിഴാവ്, തിമില, പഞ്ചവാദ്യം, ചേങ്ങില, ഇലത്താളം, കൊമ്പ്, ഓടക്കുഴൽ തുടങ്ങിയ കേരളത്തിലെ ക്ഷേത്രകലാരൂപങ്ങളുമായി ബന്ധപ്പെട്ട വിവിധ കലാകാരന്മാർക്ക് കമ്പനി സാമ്പത്തിക സഹായം ലഭ്യമാക്കുകയും ചെയ്യും. സ്നേഹസമ്മാനം പദ്ധതി കൂടാതെ ചികിത്സ സഹായം ആവശ്യമുള്ള കലാകാരന്മാർക്കായി പത്തനംതിട്ടയിലോ കോഴഞ്ചേരിയിലോ ഉള്ള ആശുപത്രികളിൽ സൗജന്യമായോ, ചെലവുകുറഞ്ഞ രീതിയിലോ ആയ ആരോഗ്യ പരിശോധനകളും ചികിത്സാ സൗകര്യങ്ങളും കമ്പനി ലഭ്യമാക്കുകയും ചെയ്യും.

ലഭിച്ച അപേക്ഷകളുടെയും കലാകാരന്മാരുടെ ആവശ്യകതയുടെയും അടിസ്ഥാനത്തിൽ സൂക്ഷ്മമായി വിലയിരുത്തിയതിനു ശേഷം മുത്തൂറ്റ് ഫിനാൻസ് പ്രതിമാസ ഗ്രാൻറിൻറെ തുക നിശ്ചയിക്കും.

രാജ്യത്തിൻറെ ചരിത്രത്തെ ഉയർത്തിക്കാട്ടുന്ന വൈവിധ്യമാർന്ന സംസ്കാരവും പൈതൃകവും കൊണ്ട് ഇന്ത്യ അനുഗ്രഹീതമാണ്. രാജ്യത്തിൻറെ സമ്പന്നമായ ചരിത്രം, വൈവിധ്യം, സംസ്കാരം, പൈതൃകം എന്നിവ മനസ്സിലാക്കാനും അതിലേക്ക് തിരികെ എത്തിപ്പെടാനും നിലവിലെയും ഭാവിയിലെയും തലമുറകളെ സഹായിക്കുന്നതിൽ ഇന്ത്യൻ കലാകാരന്മാർ നിർണായക പങ്ക് വഹിക്കുന്നു. നിർഭാഗ്യവശാൽ പലപ്പോഴും കലാകാരന്മാർ നൽകിയ സംഭാവനകൾ വിലകുറച്ചാണ് കാണുന്നത്. മുത്തൂറ്റ് ഫിനാൻസ് കലയുടെയും കലാകാരന്മാരുടെയും മൂല്യം തിരിച്ചറിഞ്ഞ് രാജ്യത്തെ കലാകാരന്മാരുടെ സമൂഹത്തെ പിന്തുണയ്ക്കുന്നതിന് പരമാവധി പരിശ്രമിക്കുന്നു. സിഎസ്ആർ പദ്ധതിയിലൂടെ ഇത്തരം കലാകാരന്മാരുടെ സമൂഹത്തെ പിന്തുണച്ച് കലാകാരന്മാർ നമ്മുടെ സംസ്കാരത്ത് ഉയർത്തിപ്പിടിക്കുന്നവരായി തുടരുന്നത് ഉറപ്പാക്കുമെന്ന് മുത്തൂറ്റ് ഫിനാൻസ് ഡെപ്യൂട്ടി മാനേജിംഗ് ഡയറക്ടർ ജോർജ് മുത്തൂറ്റ് ജോർജ് പറഞ്ഞു.

മുത്തൂറ്റ് ഫിനാൻസ് മാനേജിംഗ് ഡയറക്ടറെ അഭിസംബോധന ചെയ്ത് ഒരു അഭ്യർത്ഥന കത്ത്, അതാത് മേഖലയിലെ ഒരു വിദഗ്ധനിൽ നിന്നുള്ള ശുപാർശ കത്ത്, റേഷൻ കാർഡിൻറെയും ആധാർ കാർഡിൻറെയും പകർപ്പ്, വരുമാന സർട്ടിഫിക്കറ്റ്, വിശദമായ ബയോഡാറ്റ, ലഭിച്ച അവാർഡുകളുടെയും അംഗീകാരങ്ങളുടെയും വിവരങ്ങൾ തുടങ്ങി എല്ലാ രേഖകളും സഹിതം അപേക്ഷ സമർപ്പിച്ചുകൊണ്ട് യോഗ്യരായ കലാകാരന്മാർക്ക് ഈ ഗ്രാൻറുകൾ പ്രയോജനപ്പെടുത്താം. അപേക്ഷാ കവറിൽ 'മുത്തൂറ്റ് സ്നേഹസമ്മാനത്തിനുള്ള അപേക്ഷ' എന്ന് വ്യക്തമായി രേഖപ്പെടുത്തി അപേക്ഷ 2023 ഡിസംബർ 20-ന് വൈകുന്നേരം 5:30ന് മുമ്പായി കോർപ്പറേറ്റ് കമ്മ്യൂണിക്കേഷൻസ് ഡിപ്പാർട്ട്മെൻറ്, മുത്തൂറ്റ് ഫിനാൻസ് ലിമിറ്റഡ്, മുത്തൂറ്റ് ചേമ്പേഴ്സ്, രണ്ടാം നില, ബാനർജി റോഡ്, സരിത തിയേറ്റർ എതിർവശം, എറണാകുളം, കേരളം - 682018 വിലാസത്തിൽ സമർപ്പിക്കണം. കൂടുതൽ വിവരങ്ങൾക്ക് 0484-6690386 എന്ന നമ്പറിൽ ബന്ധപ്പെടുക.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.