- Trending Now:
കൊച്ചി: ഇന്ത്യയിലെ ഏറ്റവും വലിയ ഗോൾഡ് ലോൺ എൻ ബി എഫ് സി യും കേരളം ആസ്ഥാനമായ പ്രമുഖ ധനകാര്യ സ്ഥാപനവുമായ മുത്തൂറ്റ് ഫിനാൻസ് 2025-26 സാമ്പത്തിക വർഷത്തിൽ റെക്കോർഡ് നേട്ടങ്ങളുമായി മുന്നേറി. 2026 മാർച്ച് 31 ന് അവസാനിച്ച സാമ്പത്തിക വർഷത്തിൽ കമ്പനി 10,134 കോടി രൂപയുടെ അറ്റാദായമാണ് കൈവരിച്ചത്. മുൻവർഷത്തെ 5,201 കോടി രൂപയുമായി താരതമ്യം ചെയ്യുമ്പോൾ 95 ശതമാനത്തിന്റെ ശക്തമായ വളർച്ചയാണ് ഇത് രേഖപ്പെടുത്തുന്നത്.
മുത്തൂറ്റ് ഗ്രൂപ്പിന്റെ സംയോജിത വായ്പ ആസ്തികൾ 49 ശതമാനം വാർഷിക വളർച്ചയോടെ എക്കാലത്തെയും ഉയർന്ന നിലയായ 1,81,916 കോടി രൂപയിലെത്തി. അതേസമയം, സംയോജിത ലാഭം 98 ശതമാനം ഉയർന്ന് 10,607 കോടി രൂപയായി. കമ്പനിയുടെ സ്ഥിരതയാർന്ന വളർച്ചക്കും ശക്തമായ വിപണി സാന്നിധ്യത്തിനും ഇത് തെളിവാകുന്നു.
മുത്തൂറ്റ് ഫിനാൻസിന്റെ മാത്രം വായ്പാ ആസ്തികൾ 50 ശതമാനം വളർച്ചയോടെ 1,62,826 കോടി രൂപയായി ഉയർന്നു. ഇതിൽ ഏറ്റവും ശ്രദ്ധേയമായ നേട്ടം സ്വർണ്ണ പണയ വായ്പാ മേഖലയിൽ നിന്നാണ്. കമ്പനി ചരിത്രത്തിലെ ഏറ്റവും ഉയർന്ന 50 ശതമാനം വളർച്ച കൈവരിച്ച് സ്വർണ്ണ പണയ വായ്പകൾ 1,54,084 കോടി രൂപയിലേക്ക് ഉയർത്തി.
രാജ്യത്തുടനീളം സേവന ശൃംഖല കൂടുതൽ ശക്തിപ്പെടുത്തുന്നതിനായി കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ മാത്രം 177 പുതിയ ശാഖകൾ ആരംഭിച്ചു. ഒരു ശാഖയിൽ നിന്നുള്ള ശരാശരി സ്വർണ്ണ പണയ വായ്പാ ആസ്തി ചരിത്രത്തിലാദ്യമായി 31 കോടി രൂപയായി വർദ്ധിച്ചു. ഇതോടൊപ്പം, 17.71 ലക്ഷം പുതിയ ഉപഭോക്താക്കൾക്കായി 29,347 കോടി രൂപയുടെ വായ്പ വിതരണം ചെയ്തതായും മാർച്ച് 31-ന് അവസാനിച്ച വാർഷിക കണക്കുകൾ വ്യക്തമാക്കുന്നു.
ശക്തമായ സാമ്പത്തിക പ്രകടനം, ആസൂത്രിതമായ ശാഖാ വികസനം, വർധിച്ച ഉപഭോക്തൃ വിശ്വാസം എന്നിവയുടെ പിന്തുണയോടെയാണ് മുത്തൂറ്റ് ഫിനാൻസിനു ഈ റെക്കോർഡ് നേട്ടം കൈവരിക്കാനായതെന്നു മുത്തൂറ്റ് ഫിനാൻസ് ലിമിറ്റഡ് മാനേജിങ് ഡയറക്ടർ ശ്രീ. ജോർജ് അലക്സാണ്ടർ മുത്തൂറ്റ് അഭിപ്രായപ്പെട്ടു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.