Sections

തൊഴിലിടങ്ങളിലെ പിന്തുണയില്ലായ്മ: ഗർഭഛിദ്രത്തെ തുടർന്ന് 7 കോടി സ്ത്രീകൾ ജോലി ഉപേക്ഷിക്കാൻ സാധ്യതയെന്ന് റിപ്പോർട്ട്

Friday, Jun 19, 2026
Reported By Admin
Miscarriage at Work: 7 Crore Indian Women May Quit Jobs

കൊച്ചി: ഗർഭഛിദ്രത്തെ തുടർന്ന് തൊഴിലിടങ്ങളിൽ നിന്ന് മതിയായ പിന്തുണ ലഭിക്കാത്തതിനാൽ ഇന്ത്യയിലെ 7 കോടിയോളം വരുന്ന സ്ത്രീകൾ തൊഴിലുപേക്ഷിക്കാൻ സാധ്യതയുണ്ടെന്ന് പുതിയ പഠന റിപ്പോർട്ട് പുറത്ത്. കൂടാതെ 7.8 കോടി സ്ത്രീകൾ തങ്ങളുടെ ജോലി നഷ്ടപ്പെടുമെന്ന ഭയത്താൽ ഈ വിവരം മറച്ചുവെക്കുന്നതായും റിപ്പോർട്ടിലുണ്ട്. യുഗൗവിന്റെ പിന്തുണയോടെ ക്വസ്റ്റ് ഗ്ലോബലാണ് കോസ്റ്റ് ഓഫ് സൈലൻസ് റിപ്പോർട്ട് പുറത്തിറക്കിയത്. ഗർഭഛിദ്രം എന്നത് കേവലം ഒരു ആരോഗ്യ പ്രശ്നമല്ലെന്നും തൊഴിലിടങ്ങളിലെ ഉൽപ്പാദനക്ഷമതയെ ബാധിക്കുന്നതായി കോർപ്പറേറ്റ് നേതാക്കൾ തിരിച്ചറിയണമെന്നും റിപ്പോർട്ട് ആവശ്യപ്പെടുന്നു.

രാജ്യത്തുടനീളമുള്ള 25 മുതൽ 39 വയസ്സുവരെ പ്രായമുള്ള 2000ത്തിലധികം വനിതാ ജീവനക്കാരിലും 200 പുരുഷന്മാരിലുമാണ് സർവേ നടത്തിയത്. ഗർഭഛിദ്രം നടന്ന വിവരം വെളിപ്പെടുത്തിയാൽ ജോലി നഷ്ടപ്പെടുമെന്നോ കരിയറിനെ ദോഷകരമായി ബാധിക്കുമെന്നോ 7.8 കോടി സ്ത്രീകൾ ഭയക്കുന്നു. മറ്റുള്ളവർ എന്ത് വിചാരിക്കുമെന്ന ഭയം കാരണം 8 കോടി ആളുകളാണ് തങ്ങളുടെ ബുദ്ധിമുട്ടുകൾ തുറന്നു പറയാതിരിക്കുന്നത്.

ഗർഭഛിദ്രത്തിന് ശേഷം തൊഴിലുടമകൾ പിന്തുണ നൽകിയില്ലെങ്കിൽ ജോലി ഉപേക്ഷിക്കുന്ന കാര്യം പരിഗണിക്കുമെന്ന് 7 കോടി സ്ത്രീകൾ വ്യക്തമാക്കി. ഗർഭഛിദ്രം തങ്ങളുടെ ആത്മവിശ്വാസം കെടുത്തുന്നുവെന്നും ഇത് ജോലിയിലെ പ്രകടനത്തെ കാര്യമായി ബാധിക്കുന്നുവെന്നും നാലിൽ മൂന്ന് പേരും പറഞ്ഞു.

തൊഴിലിടങ്ങളിൽ ഗർഭഛിദ്രത്തെക്കുറിച്ച് തുറന്ന ചർച്ചകൾ കൊണ്ടുവരുന്നതിനായി ബ്രേക്ക് ദി സൈലൻസ് എന്ന പേരിൽ ക്വസ്റ്റ് ഗ്ലോബൽ ഒരു ദേശീയ ക്യാമ്പയിന് തുടക്കം കുറിച്ചു. യുവർദോസ്ത് എന്ന സ്ഥാപനവുമായി സഹകരിച്ച് 24 മണിക്കൂറും പ്രവർത്തിക്കുന്ന ഹെൽപ്പ്ലൈൻ, ഗർഭഛിദ്രവുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ പരിശീലനം ലഭിച്ച സൈക്കോളജിസ്റ്റുകളുടെ സേവനം, എച്ച്ആർ പ്രൊഫഷണലുകൾക്കും മാനേജർമാർക്കുമുള്ള പരിശീലനം എന്നിവ ഈ ക്യാമ്പയിന്റെ ഭാഗമായി ക്വസ്റ്റ് ഗ്ലോബൽ ഒരുക്കിയിട്ടുണ്ട്. ഇന്ത്യയിലെ എല്ലാ വ്യക്തികൾക്കും സ്ഥാപനങ്ങൾക്കും ഈ സേവനം തികച്ചും സൗജന്യമായി ലഭ്യമാക്കുമെന്നും കമ്പനി അറിയിച്ചു.

ഗർഭഛിദ്രം ഒരു ആരോഗ്യ പ്രശ്നം മാത്രമല്ല അതൊരു തൊഴിൽ പ്രശ്നം കൂടിയാണെന്നും അതിനാൽ ഇതിനെ തൊഴിലിടങ്ങളിലെ യാഥാർത്ഥ്യമായി അംഗീകരിക്കാൻ സിഇഒമാരും ബിസിനസ്സ് നേതാക്കളും തയ്യാറാകണമെന്നും ക്വസ്റ്റ് ഗ്ലോബൽ സഹസ്ഥാപകനും സിഇഒയുമായ അജിത് പ്രഭു അഭ്യർത്ഥിച്ചു. സ്ഥാപനങ്ങൾ പിന്തുണ നൽകിയാൽ 48 ശതമാനം സ്ത്രീകൾ തങ്ങളുടെ പ്രശ്നങ്ങൾ തുറന്നുപറയാൻ തയ്യാറാകുമെന്നും, 43 ശതമാനം പേർക്ക് സ്ഥാപനത്തോട് കൂടുതൽ കൂറുണ്ടാകുമെന്നും റിപ്പോർട്ട് പറയുന്നു.

ഭാരത് സീറം വാക്സിൻസ്, കോൺ, അമര രാജ, സ്റ്റെർലൈറ്റ് ടെക്നോളജീസ്, ഇന്ത്യൻ ഫാർമസ്യൂട്ടിക്കൽ അലയൻസ് എന്നീ അഞ്ച് പ്രമുഖ സ്ഥാപനങ്ങൾ ഇതിനകം ഈ സംരംഭത്തിൽ പങ്കുചേർന്നിട്ടുണ്ട്. വ്യവസായ മേഖലയോ സ്ഥാപനത്തിന്റെ വലിപ്പമോ നോക്കാതെ രാജ്യത്തെ ഏത് സ്ഥാപനങ്ങൾക്കും www.breakthesilence.in എന്ന വെബ്സൈറ്റ് വഴി ഈ ക്യാമ്പയിന്റെ ഭാഗമാകാവുന്നതാണ്.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.