- Trending Now:
തിരുവനന്തപുരം: യുപിഎസ് സി മത്സരപ്പരീക്ഷകൾക്ക് തയ്യാറെടുക്കുന്നവരെ സഹായിക്കാൻ പ്രഡിക്ഷൻ മോഡ്യൂളുമായി കെഎസ്യുഎമ്മിന് കീഴിലുള്ള 'എഡ്മി എഐ' സ്റ്റാർട്ടപ്പ്. കേരളത്തിലെ ആദ്യ നിർമ്മിതബുദ്ധി അധിഷ്ഠിത ലേണിംഗ് പ്ലാറ്റ് ഫോമാണ് എഡ്മി എഐ.
യുപിഎസ് സി പരീക്ഷകളിൽ ചോദ്യങ്ങളായി വരാൻ സാധ്യതയുള്ള പ്രധാന വിഷയങ്ങൾ തിരിച്ചറിയാനും അതടിസ്ഥാനമാക്കി ആഴത്തിൽ പഠിക്കാനും ഈ പ്ലാറ്റ് ഫോം സഹായകമാണ്.
യുപിഎസ് സി യുടേത് ഉൾപ്പെടെയുള്ള വിവിധ മത്സരപരീക്ഷകളിലെ ചോദ്യസാധ്യതയുള്ള മേഖലകൾ പ്രവചിക്കാൻ എഡ്മി എഐ യ്ക്ക് കഴിയും. എഐ സങ്കേതങ്ങൾ ഉപയോഗിച്ച് പത്രങ്ങളുടെയും മുൻ വർഷങ്ങളിലെ ചോദ്യപേപ്പറുകളുടെയും വിപുലമായ വിശകലനത്തിലൂടെയാണ് ഇത് സാധ്യമാകുന്നത്.
ഇക്കഴിഞ്ഞ യുപിഎസ് സി പ്രിലിമിനറി പരീക്ഷയിലെ സമകാലിക സംഭവങ്ങളുമായി ബന്ധപ്പെട്ട ചോദ്യങ്ങളിൽ എഡ്മി എഐ യുടെ പ്രവചനം 85% കൃത്യത കാണിച്ചിരുന്നു. സമകാലിക മേഖലയുമായി ബന്ധപ്പെട്ട 74 ചോദ്യങ്ങളിൽ 63 എണ്ണവും എഡ്മി എഐ പ്രവചിച്ചതാണെന്നത് ശ്രദ്ധേയം. എഐ സങ്കേതങ്ങളുടെ സഹായത്തോടെ 266 വിഷയങ്ങളാണ് പ്രിലിംസ് പരീക്ഷയ്ക്കായി എഡ്മി എഐ പ്രവചിച്ചത്.
തിരുവനന്തപുരം ഗവൺമെൻറ് എഞ്ചിനീയറിംഗ് കോളേജിലെ പൂർവവിദ്യാർത്ഥികളായ ശിമയോൻ സാമുവൽ, തേജസ് സുഷീൽ, ഗിഡ്സെൻ ബേബി എന്നിവരാണ് എഡ്മി എഐ യ്ക്ക് പിന്നിൽ. പിന്നീട് അത് ആറ് അംഗ ടീമായി വളർന്നു.
പരമ്പരാഗത രീതികൾക്ക് അപ്പുറം ആഴത്തിലുള്ള പഠനം ആവശ്യമായ വിഷയങ്ങൾ തിരിച്ചറിയാനും അടിസ്ഥാന ആശയങ്ങൾ ദൃഢമാക്കാനും ഉദ്യോഗാർത്ഥികളെ സഹായിക്കാൻ ഇതിലൂടെ ലക്ഷ്യമിടുന്നതായി എഡ്മി എഐ സ്ഥാപകരിൽ ഒരാളായ ശിമയോൻ സാമുവൽ പറഞ്ഞു. യുപിഎസ് സി പരീക്ഷയിൽ വിജയിക്കുന്നതിനുള്ള എളുപ്പവഴി കാണിച്ചു കൊടുക്കാൻ മാത്രം ലക്ഷ്യമിട്ടുള്ള സംരംഭമല്ല ഇതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
എഡ്മി എഐ പ്രവചിച്ച വിഷയങ്ങളിൽ ചിലതായ നാഷണൽ ക്വാണ്ടം മിഷൻ, ടി-ഹബ് സ്ട്രക്ചർ, ഡീപ് ഓഷ്യൻ മിഷൻ, ഗ്രീൻ ഹൈഡ്രജൻ, സ്റ്റെൽത്ത് ഏവിയേഷൻ ടെക്നോളജി, യുപിഐ, ഡിജിറ്റൽ റുപ്പി, വിഴിഞ്ഞം തുറമുഖം തുടങ്ങിയവയുമായി ബന്ധപ്പെട്ട ചോദ്യങ്ങൾ കഴിഞ്ഞ യുപിഎസ് സി പ്രിലിമിനറി പരീക്ഷയിലുണ്ടായിരുന്നു.
സൗജന്യമായി ഉപയോഗിക്കാവുന്ന ഈ ലേണിംഗ് പ്ലാറ്റ് ഫോമിന് നിലവിൽ 5000 ത്തിലധികം സജീവ ഉപഭോക്താക്കളുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.