Sections

ഡോ. ജി. വിജയരാഘവന് നാടിന്റെ അന്ത്യാഞ്ജലി; കിംസ്‌ഹെൽത്തിൽ അന്ത്യോപചാരമർപ്പിച്ച് നിരവധിപേർ

Thursday, Sep 24, 2026
Reported By Admin
Padma Shri Dr. G. Vijayaraghavan Passes Away at 84

തിരുവനന്തപുരം: കിംസ്ഹെൽത്ത് സ്ഥാപക ഡയറക്ടറും വൈസ് ചെയർമാനും പ്രമുഖ ഹൃദ്രോഗ വിദഗ്ധനുമായ പത്മശ്രീ പ്രഫ. ഡോ. ജി. വിജയരാഘവന് (84) വിട നൽകി നാട്. തിരുവനന്തപുരം കിംസ്ഹെൽത്ത് ഓസ്ലർ ഹാളിൽ പൊതുദർശനത്തിന് വച്ച ഭൗതികശരീരത്തിൽ രാഷ്ട്രീയ, സാമൂഹിക, സാംസ്കാരിക, ആരോഗ്യ മേഖലകളിൽ നിന്നുള്ളവരും സഹപ്രവർത്തകരും സുഹൃത്തുക്കളും അന്ത്യോപചാരമർപ്പിച്ചു. കിംസ്ഹെൽത്തിന് വേണ്ടി ഗ്രൂപ്പ് ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ ഡോ. എം.ഐ. സഹദുള്ള, കിംസ്ഹെൽത്ത് സഹസ്ഥാപകരായ ഇ.എം നജീബ്, ഇ ഇക്ബാൽ എന്നിവർ ചേർന്ന് റീത്ത് സമർപ്പിച്ചു.

മുഖ്യമന്ത്രി വി.ഡി. സതീശൻ, പ്രതിപക്ഷ നേതാവ് പിണറായി വിജയൻ, ആഭ്യന്തര, വിജിലൻസ്, ഫയർ ആൻഡ് റെസ്ക്യൂ സർവീസസ് വകുപ്പ് മന്ത്രി രമേശ് ചെന്നിത്തല, ആരോഗ്യ- ദേവസ്വം വകുപ്പ് മന്ത്രി കെ. മുരളീധരൻ, ഗതാഗതം വകുപ്പ് മന്ത്രി സി. പി. ജോൺ, മുൻ കേന്ദ്ര മന്ത്രിയും എം എൽ എ യുമായ വി. മുരളീധരൻ, മുൻ മന്ത്രിമാരായ വി. ശിവൻകുട്ടി, എം.എം. ഹസൻ, കടകംപള്ളി സുരേന്ദ്രൻ, സി. ദിവാകരൻ, മുൻ എംഎൽഎമാരായ പാലോട് രവി, ശരത് ചന്ദ്ര പ്രസാദ്, മുൻ എംപിമാരായ പന്ന്യൻ രവീന്ദ്രൻ, എ സമ്പത്ത്, മുൻ എം എൽ എ യും കവടിയാർ വാർഡ് കൗൺസിലറുമായ അഡ്വ. കെ. എസ്. ശബരിനാഥൻ എന്നിവർ അന്ത്യാഞ്ജലി അർപ്പിച്ചു.

മീഡിയ അക്കാദമി ചെയർമാൻ ആർ.എസ്. ബാബു, ശിവഗിരി മഠം പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ, പാളയം ഇമാം ഷുഹൈബ് മൗലവി, ഉന്നത വിദ്യാഭ്യാസ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ബി. അശോക് ഐഎഎസ്, മുൻ ചീഫ് സെക്രട്ടറിമാരായ ബാബു ജേക്കബ്, ലിസി ജേക്കബ്, മുൻ ഡിജിപിമാരായ രമൺ ശ്രീവാസ്തവ, കെ.പി. സോമരാജൻ, എ. ഹേമചന്ദ്രൻ, ടെക്നോപാർക്ക് മുൻ സിഇഒയും കേരള സ്റ്റേറ്റ് പ്ലാനിംഗ് ബോർഡ് മെമ്പറുമായ ജി. വിജയരാഘവൻ, ട്രിവാൻഡ്രം ചേംബർ ഓഫ് കൊമേഴ്സ് ആൻഡ് ഇൻഡസ്ട്രി പ്രസിഡന്റ് എസ്.എൻ. രഘുചന്ദ്രൻ നായർ, സെക്രട്ടറി എബ്രഹാം തോമസ് തുടങ്ങിയവരും അന്തിമോപചാരം അർപ്പിച്ചു.

എയർട്രാവൽ എന്റർപ്രൈസസ് ജനറൽ മാനേജർ സജീദ്, തിരുവനന്തപുരം മുസ്ലിം അസോസിയേഷൻ പ്രതിനിധികളായ നാസർ കടയറ, അഡ്വ അബ്ദുൾ കരീം, പെരുമാതുറ സ്നേഹതീരം പ്രസിഡന്റ് സക്കീർ ഹുസൈൻ, എസ്.എഫ്.സി ഗ്രൂപ്പ് ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ കെ. മുരളീധരൻ എന്നിവരും കിംസ്ഹെൽത്തിലെത്തി ആദരാഞ്ജലി അർപ്പിച്ചു.

തിരുവനന്തപുരം മെഡിക്കൽ കോളേജ്, ക്രെഡൻസ് ഹോസ്പിറ്റൽ, കോസ്മോപൊളിറ്റൻ ഹോസ്പിറ്റൽ, അനന്തപുരി ഹോസ്പിറ്റൽ, പി ആർ എസ് ഹോസ്പിറ്റൽ, മെഡിട്രീന ഹോസ്പിറ്റൽ, ജിജി ഹോസ്പിറ്റൽ, എസ്.പി. മെഡിഫോർട്ട്, എസ്.കെ. ഹോസ്പിറ്റൽ, ഗോകുലം മെഡിക്കൽ കോളേജ്, നിംസ് ഹോസ്പിറ്റൽ എന്നിവിടങ്ങളിൽ നിന്നുള്ള പ്രതിനിധികളും അദ്ദേഹത്തിന് ആദരാഞ്ജലി നേർന്നു.

2002ൽ തിരുവനന്തപുരം കിംസ് ആശുപത്രി സ്ഥാപിക്കുന്നതിൽ നിർണായക പങ്കുവഹിച്ച ഡോ. ജി. വിജയരാഘവൻ രണ്ട് പതിറ്റാണ്ടിലേറെക്കാലം കാർഡിയോളജി വിഭാഗത്തിന് നേതൃത്വം നൽകി. കിംസ്ഹെൽത്തിലെ അക്കാദമിക, ഗവേഷണ പ്രവർത്തനങ്ങൾക്കും അദ്ദേഹം നേതൃത്വം നൽകി. ആരോഗ്യരംഗത്തെ സമഗ്ര സംഭാവനകൾ പരിഗണിച്ച് 2009ൽ രാജ്യം അദ്ദേഹത്തെ പത്മശ്രീ നൽകി ആദരിച്ചിരുന്നു.

കിംസ്ഹെൽത്തിലെ പൊതുദർശനത്തിന് ശേഷം രാവിലെ 11 മുതൽ വൈകിട്ട് 4 വരെ കുമാരപുരത്തെ വസതിയായ ഗോവിന്ദത്തിലും ഭൗതികശരീരം പൊതുദർശനത്തിന് വച്ചു. അദ്ദേഹത്തെ അവസാനമായി കാണാനും ആദരാഞ്ജലി അർപ്പിക്കാനുമായി ആയിരക്കണക്കിന് ഡോക്ടർമാരും ആരോഗ്യപ്രവർത്തകരും സമൂഹത്തിന്റെ വിവിധ മേഖലകളിൽ നിന്നുള്ളവരും വസതിയിലെത്തി. തുടർന്ന് വൈകിട്ട് 5ന് തൈക്കാട് ശാന്തികവാടത്തിൽ ഔദ്യോഗിക ബഹുമതികളോടെ സംസ്കാരം നടന്നു.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.