- Trending Now:
കൊച്ചി: ഇന്ത്യയിലെ മുൻനിര ആരോഗ്യ സേവനദാതാക്കളിൽ ഒന്നായ ആസ്റ്റർ ഡി.എം ക്വാളിറ്റി കെയർ, വാണിജ്യ-വ്യവസായ ഉപഭോക്താക്കൾക്കായി ഹൈബ്രിഡ് പുനരുപയോഗ ഊർജ്ജ സംവിധാനങ്ങൾ നൽകുന്ന ഓയിസ്റ്റർ റിന്യൂവബിൾ എനർജി പ്രൈവറ്റ് ലിമിറ്റഡുമായി സഹകരിച്ച് കേരളത്തിലെ ആസ്റ്റർ മെഡ്സിറ്റിക്കായി 10 മെഗാവാട്ട് സൗരോർജ്ജ പദ്ധതി കമ്മീഷൻ ചെയ്തു. കൂടുതൽ സുസ്ഥിരവും ഊർജ്ജക്ഷമവുമായ ആരോഗ്യ അടിസ്ഥാനസൗകര്യം കെട്ടിപ്പടുക്കുന്നതിനുള്ള ആസ്റ്ററിന്റെ യാത്രയിലെ മറ്റൊരു നിർണായക ചുവടുവെപ്പാണിത്.
ഓയിസ്റ്റർ റിന്യൂവബിൾ വികസിപ്പിച്ച ഈ ഭൂതല സൗരോർജ്ജ പദ്ധതി കാസർകോട് ജില്ലയിലെ ഹോസ്ദുർഗ് താലൂക്കിലെ അമ്പലത്തറയിലും സമീപ ഗ്രാമങ്ങളിലുമാണ് സ്ഥിതി ചെയ്യുന്നത്. കേരളത്തിലെ ഉഷ്ണമേഖലാ കാലാവസ്ഥയ്ക്ക് അനുയോജ്യമായ രീതിയിൽ രൂപകൽപ്പന ചെയ്ത ഉയർന്ന കാര്യക്ഷമതയുള്ള ഇരുവശത്തുനിന്നും വൈദ്യുതി ഉത്പാദിപ്പിക്കുന്ന സൗരോർജ്ജ മൊഡ്യൂളുകളാണ് പദ്ധതിയിൽ ഉപയോഗിച്ചിരിക്കുന്നത്. ആസ്റ്റർ മെഡ്സിറ്റിയുടെ 24 മണിക്കൂറുമുള്ള ഊർജ്ജ ആവശ്യങ്ങൾ നിറവേറ്റുന്നതിനായി വിശ്വസനീയവും ചെലവുകുറഞ്ഞതുമായ ഹരിത ഊർജ്ജം ലഭ്യമാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം.
പദ്ധതിയിലൂടെ പ്രതിവർഷം ഏകദേശം 17.7 ദശലക്ഷം യൂണിറ്റ് പുനരുപയോഗ ഊർജ്ജം ഉത്പാദിപ്പിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇത് ആസ്റ്റർ മെഡ്സിറ്റിയുടെ മൊത്തം ഊർജ്ജ ആവശ്യകതയുടെ 90 ശതമാനത്തിലധികം സ്വന്തം ആവശ്യത്തിനായി നിറവേറ്റാൻ സഹായിക്കും. ആസ്റ്റർ ഗ്രൂപ്പിന് 26 ശതമാനം ഓഹരി പങ്കാളിത്തമുള്ള ഓയിസ്റ്റർ ഗ്രീൻ ഹൈബ്രിഡ് ടൂ പ്രൈവറ്റ് ലിമിറ്റഡ് വഴിയാണ് വൈദ്യുതി വിതരണം ചെയ്യുന്നത്. പദ്ധതി പൂർണതോതിൽ പ്രവർത്തനക്ഷമമാകുമ്പോൾ പ്രതിവർഷം ഏകദേശം 23,138 മെട്രിക് ടൺ കാർബൺ ഡൈ ഓക്സൈഡ് പുറന്തള്ളൽ ഒഴിവാക്കാനും ആസ്റ്ററിന്റെ പ്രവർത്തനങ്ങളിൽ നിന്നുള്ള കാർബൺ കാൽപ്പാട് ഗണ്യമായി കുറയ്ക്കാനും സാധിക്കും. പദ്ധതിക്കായി ആസ്റ്റർ ഡി.എം ക്വാളിറ്റി കെയർ 3.87 കോടി രൂപ നിക്ഷേപിച്ചിട്ടുണ്ട്. പദ്ധതിയുടെ ആദ്യ ഘട്ട പ്രവർത്തനമാണ് നിലവിൽ ആരംഭിച്ചിരിക്കുന്നത്; തുടർന്നുള്ള ഘട്ടങ്ങളിൽ ഇത് പൂർണമായും കമ്മീഷൻ ചെയ്യും.
ഒരു ആരോഗ്യ സ്ഥാപനത്തിനായി ഓയിസ്റ്റർ നിർമിക്കുന്ന രണ്ടാമത്തെ വലിയ സൗരോർജ്ജ പദ്ധതിയാണിത്. ഈ മേഖലയിലെ ഹരിത ഊർജ്ജ അടിസ്ഥാനസൗകര്യത്തിന് ഇത് പുതിയൊരു മാതൃകയാകുമെന്ന് ഓയിസ്റ്റർ റിന്യൂവബിൾ എനർജി പ്രൈവറ്റ് ലിമിറ്റഡ് മാനേജിംഗ് ഡയറക്ടറും സിഇഒയുമായ സിദ്ധാർത്ഥ് ഭാഷിയ പറഞ്ഞു. ആരോഗ്യ കേന്ദ്രങ്ങൾക്ക് തടസ്സമില്ലാത്തതും വിശ്വസനീയവുമായ വൈദ്യുതി ആവശ്യമാണ്. അതിനനുസരിച്ചാണ് ഈ പദ്ധതി രൂപകൽപ്പന ചെയ്തിരിക്കുന്നത്. ഊർജ്ജ സുരക്ഷയ്ക്ക് പുറമെ, പദ്ധതിയിലൂടെ പ്രതിവർഷം ഏകദേശം 23,138 മെട്രിക് ടൺ കാർബൺ ഡൈ ഓക്സൈഡ് പുറന്തള്ളൽ ഒഴിവാക്കാനാകും. ഇത് കേരളത്തിന്റെ സുസ്ഥിര വികസന ലക്ഷ്യങ്ങൾക്കും ഇന്ത്യയുടെ ഹരിത ഊർജ്ജ പരിവർത്തനത്തിനും നൽകുന്ന വിലപ്പെട്ട സംഭാവനയാണ്. സുസ്ഥിരതയിലേക്കുള്ള യാത്രയിൽ ആസ്റ്ററുമായി പങ്കാളികളാകാനും ഉത്തരവാദിത്തമുള്ള ഹരിത ഊർജ്ജത്തിലൂടെ ഇന്ത്യയുടെ നിർണായക അടിസ്ഥാനസൗകര്യങ്ങളെ പിന്തുണയ്ക്കാനും കഴിയുന്നതിൽ ഞങ്ങൾ അഭിമാനിക്കുന്നുവെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു
ഒരു ആരോഗ്യ സംഘടന എന്ന നിലയിൽ, ആരോഗ്യകരമായ സമൂഹത്തോടുള്ള ഞങ്ങളുടെ ഉത്തരവാദിത്തം ആശുപത്രികളിൽ നൽകുന്ന പരിചരണത്തിനപ്പുറത്തേക്ക് വ്യാപിക്കുന്നുവെന്ന് ആസ്റ്റർ ഡി.എം ക്വാളിറ്റി കെയർ മാനേജിംഗ് ഡയറക്ടറും ഗ്രൂപ്പ് സിഇഒയുമായ വരുൺ ഖന്ന പറഞ്ഞു. ഞങ്ങളുടെ പ്രവർത്തനങ്ങളിൽ പുനരുപയോഗ ഊർജ്ജം ഉൾപ്പെടുത്തുന്നത് കൂടുതൽ സുസ്ഥിരമായ ആരോഗ്യ പരിപാലന ആവാസവ്യവസ്ഥ കെട്ടിപ്പടുക്കുന്നതിനുള്ള ഞങ്ങളുടെ പ്രതിബദ്ധതയുടെ പ്രധാന ഭാഗമാണ്. ആസ്റ്റർ മെഡ്സിറ്റിക്കായുള്ള ഈ 10 മെഗാവാട്ട് സൗരോർജ്ജ പദ്ധതി ആശുപത്രിയുടെ ഊർജ്ജ ആവശ്യകതയുടെ വലിയൊരു ഭാഗം ഹരിത ഊർജ്ജത്തിലൂടെ നിറവേറ്റാൻ സഹായിക്കുന്നതിനൊപ്പം പ്രവർത്തനങ്ങളുടെ പാരിസ്ഥിതിക ആഘാതം കുറയ്ക്കുന്നതിനുള്ള ശ്രമങ്ങൾ ശക്തിപ്പെടുത്തുകയും ചെയ്യും. ഭാവിയിൽ ഞങ്ങളുടെ ആരോഗ്യ അടിസ്ഥാനസൗകര്യങ്ങളെ കൂടുതൽ കരുത്തുറ്റതും കാര്യക്ഷമവും സുസ്ഥിരവുമാക്കുന്ന പരിഹാരങ്ങൾ ഞങ്ങൾ തുടർന്നും അന്വേഷിക്കുകയും നിക്ഷേപിക്കുകയും ചെയ്യുമെന്ന് അദ്ദേഹം പറഞ്ഞു.
ആരോഗ്യ സംരക്ഷണം പോലുള്ള ഊർജ്ജ ഉപഭോഗം കൂടുതലുള്ള മേഖലകളുടെ ആവശ്യങ്ങൾ നിറവേറ്റുന്നതിൽ പുനരുപയോഗ ഊർജ്ജ പരിഹാരങ്ങളുടെ പ്രാധാന്യം വർധിച്ചുവരുന്നതിന് ഈ പദ്ധതി ഉദാഹരണമാണ്. ഇത്തരം സംരംഭങ്ങളിലൂടെ ആസ്റ്റർ ഡി.എം ക്വാളിറ്റി കെയർ ഗ്രിഡ് അധിഷ്ഠിത ഫോസിൽ ഇന്ധന വൈദ്യുതിയെ ആശ്രയിക്കുന്നത് കുറയ്ക്കുന്നതിനൊപ്പം സുസ്ഥിരതയെ അതിന്റെ അടിസ്ഥാനസൗകര്യങ്ങളിലും പ്രവർത്തനങ്ങളിലും കൂടുതൽ ഉൾപ്പെടുത്തുകയാണ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.